നെടുങ്കണ്ടം: സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി എല്ലാവരും പതാക ഉയർത്തലും മധുര പലഹാര വിതരണവുമൊക്കെ നടത്തുമ്പോൾ വേറിട്ട ഉദ്യമവുമായി ഒരു കൊച്ചു മിടുക്കി. നെടുങ്കണ്ടം സ്വദേശി അനിൽകുമാറിന്റെ മകൾ, എട്ടു വയസ്സുകാരി ആദിശ്രീ റോഡരികിലെ മാലിന്യം ശേഖരിച്ചാണ് വ്യത്യസ്തയാകുന്നത്.
നെടുങ്കണ്ടം ചെമ്പകക്കുഴി മുതൽ കൽകൂന്തൽ വരെ പാതയോരങ്ങളിൽ അലക്ഷ്യമായി വലിച്ചെറിയപ്പെട്ട പ്ലാസ്റ്റിക് മാലിന്യം ആദിശ്രീ ചാക്കുകളിൽ ശേഖരിച്ച് പഞ്ചായത്തിന് കൈമാറി.
തേക്കടി -മൂന്നാർ സംസ്ഥാന പാതയിൽ കുമിഞ്ഞുകൂടിയ മാലിന്യമാണ് പെറുക്കി നീക്കിയത്. ഏകദേശം ഒരു മണിക്കൂർ കൊണ്ട് 20 ചാക്കിൽ അധികം പ്ലാസ്റ്റിക് കുപ്പിയടക്കമുള്ള മാലിന്യം ശേഖരിച്ചു. മൂന്നുമാസം മുമ്പും ആദിശ്രീ മാലിന്യം ശേഖരിച്ച് പഞ്ചായത്തിനെ ഏൽപ്പിച്ചിരുന്നു.
മൂന്നു വയസ്സു മുതൽ ഇതുവരെ 1140 തൈകളും നട്ടു പിടിപ്പിച്ചു. ഇവയെല്ലാം പിതാവിന്റെ സഹായത്തോടെ പരിപാലിക്കുന്നുമുണ്ട്. കഴിഞ്ഞ പരിസ്ഥിതി ദിനത്തിൽ കല്ലാർ പുഴയോരം സമ്പന്നമാക്കാൻ 500 ഇല്ലിത്തൈകളും നട്ടിരുന്നു.
മൂന്നാം പിറന്നാൾ ദിനത്തിലാണ് അച്ഛനുമൊത്ത് പൊതുസ്ഥലങ്ങളിൽ വൃക്ഷത്തൈ നട്ടു പരിപാലിക്കാൻ ആരംഭിച്ചത്. ആദിശ്രീ പഠിക്കുന്ന പച്ചടി എസ്.എൻ. എൽ.പി സ്കൂൾ പരിസരത്തും നെടുങ്കണ്ടത്തെ വിവിധ സർക്കാർ സ്ഥാപനങ്ങളുടെ വളപ്പിലും നട്ട തൈകൾ മരങ്ങളായി വളർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.