കോട്ടയം: കുട്ടിക്കാനം മരിയൻ കോളജിലെ ബി.ബി.എ അവസാനവർഷ വിദ്യാർഥിനി, 25ഓളം പേർക്ക് തൊഴിൽ നൽകുന്ന സംരംഭക. ഗായത്രി കറിപൗഡർ യൂനിറ്റിന്റെ പ്രൊപ്രൈറ്റർ. ഈ ചെറുപ്രായത്തിലേ ഗായത്രി അനിൽകുമാർ സ്വന്തമാക്കിയ പ്രൊഫൈലാണിത്. മുണ്ടക്കയം കുറവൻപറമ്പിൽ അനിൽകുമാറിന്റെയും കവിതയുടെയും മൂത്ത മകളാണ് ഗായത്രി. ബി.ബി.എ ഒന്നാംവർഷ പഠനത്തിനിടെ പ്രോജക്ട് ആയാണ് കറിപൗഡർ നിർമാണം ആരംഭിച്ചത്. ബിസിനസിൽ താൽപര്യമുണ്ടായിരുന്നതിനാൽ കറിപൗഡർ നിർമാണം തുടരാൻ ആലോചിച്ചപ്പോൾ പിതാവ് പൂർണ പിന്തുണയുമായി കൂടെ നിന്നു. അങ്ങനെ കഴിഞ്ഞവർഷം ജൂണിലാണ് ഗായത്രി കറിപൗഡർ യൂനിറ്റ് പിറക്കുന്നത്. തേനിയിൽ പൊടിമിൽ വാടകക്കെടുത്താണ് ഉൽപാദന യൂനിറ്റ് തുടങ്ങിയത്.
പിതാവ് അനിൽകുമാർ തേനിയിൽ നേരിട്ടുപോയി സാധനങ്ങൾ വാങ്ങി പൊടിപ്പിക്കും. മുണ്ടക്കയത്താണ് പാക്കിങ് യൂനിറ്റ്. ഒന്നരവർഷം കൊണ്ട് പൊടികൾക്കു പുറമെ അച്ചാർ, തേയില, കാപ്പിപ്പൊടി, കടുക്, ജീരകം തുടങ്ങിയ ഉൽപന്നങ്ങളിലേക്കും കടന്നു. ചെറിയ മുതൽമുടക്കിൽ ആരംഭിച്ച സംരംഭം ഇന്ന് വളർച്ചയുടെ പടവുകളിലാണ്.
കോട്ടയത്തിനു പുറമെ പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ഗായത്രി ഉൽപന്നങ്ങളുടെ വിപണനം ആരംഭിച്ചു. ചെറുകിട യൂനിറ്റുകൾക്കും വിതരണം ചെയ്യുന്നു. നിർദേശങ്ങളും പ്രോത്സാഹനവുമായി കോളജ് അധികൃതരും കൂടെയുണ്ട്. ഇടക്ക് കോളജിലും സ്റ്റാൾ ഇടും. അധ്യാപകരടക്കം വാങ്ങും. ഗായത്രിയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് മറ്റ് വിദ്യാർഥികളും ഇത്തരത്തിൽ ചെറുകിട സംരംഭങ്ങളിലേക്ക് തിരിഞ്ഞിട്ടുണ്ട്. 26 വർഷമായി മുണ്ടക്കയത്ത് സുനിത ഹോം അപ്ലയൻസ് നടത്തുകയായിരുന്നു അനിൽകുമാർ. കോവിഡ് കാലത്ത് ബിസിനസ് നഷ്ടത്തിലായി. ഇപ്പോൾ മകളെ സഹായിക്കുകയാണ്. മാർക്കറ്റിങ് പൂർണമായി ഇദ്ദേഹത്തിന്റെ കൈകളിലാണ്.
ചെലവാക്കിയ പണം തിരിച്ചുപിടിക്കാനും സംരംഭം വിപുലീകരിക്കാനും കൂടുതൽ പേർക്ക് തൊഴിൽ നൽകാനും കഴിഞ്ഞതുതന്നെയാണ് ഗായത്രിയുടെ നേട്ടം. പഠനം കഴിഞ്ഞ് പൂർണസമയം ബിസിനസിലേക്കിറങ്ങാനാണ് ഗായത്രിയുടെ തീരുമാനം. കൊല്ലം പുത്തൂർ സെൻട്രൽ സ്കൂൾ പ്രിൻസിപ്പലാണ് മാതാവ്. സഹോദരി ഗൗരി ഇതേ സ്കൂളിൽ പത്താം ക്ലാസ് വിദ്യാർഥിനിയും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.