യു.എ.ഇയുടെ സുസ്ഥിര പരിസ്ഥിതി സംരക്ഷണ ദൗത്യത്തിന് തന്റെ പ്രഥമ പുസ്തകം സമര്‍പ്പിക്കുകയാണ് മുറൂര്‍ അബൂദബി ഇന്ത്യന്‍ സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിനി നക്ഷത്ര പ്രേം. ഒരു വര്‍ഷം മുമ്പാണ് നക്ഷത്ര പ്രേം പുസ്തകരചന ആരംഭിച്ചത്.
സുസ്ഥിര വികസന ലക്ഷ്യത്തിന്റെ കുട്ടി അംബാസഡര്‍ എന്ന നിലയിലാണ് പുസ്തകം എഴുതാന്‍ തീരുമാനിച്ചതെന്നും സമപ്രായക്കാരില്‍ യു.എന്‍. സുസ്ഥിരതാ വികസന ലക്ഷ്യത്തെക്കുറിച്ചു ബോധവല്‍ക്കരണം നടത്തുകയെന്നതാണ് പുസ്തക രചനയുടെ ലക്ഷ്യമെന്നും നക്ഷത്ര പറയുന്നു. തന്നെപ്പോലുള്ള കുട്ടികള്‍ക്ക് കടുപ്പമേറിയ വിഷയമാണിതെങ്കിലും വാക്കുകള്‍ ലളിതമാക്കി കുട്ടികളില്‍ താല്പര്യമുണര്ത്തുന്നതും വേഗം മനസിലാക്കാന്‍ കഴിയുന്നതുമായ കഥകളാക്കി മാറ്റുകയാണ് ചെയ്തിരിക്കുന്നത്.
നക്ഷത്ര സകലമേഖലകളിലും വല്ലഭയാണെന്ന് സ്കൂള്‍ പ്രിന്‍സിപ്പല്‍ നീരജ് ഭാര്‍ഗവ സാക്ഷ്യപ്പെടുത്തുന്നു. നക്ഷത്രയുടെ പുസ്തകനേട്ടത്തില് അബൂദബി ഇന്ത്യന്‍ സ്കൂള്‍ അഭിമാനിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അബൂദബി അന്താരാഷ്ട്ര പുസ്തകമേള വേദിയില്‍ നക്ഷത്രയുടെ ‘ഫോര്‍ അവര്‍ പ്ലാനറ്റ്’ (നമ്മുടെ ഭൂമിക്കു വേണ്ടി) എന്ന പുസ്തകം ലഭ്യമാക്കിയിരുന്നു.
സുസ്ഥിര പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് അബൂദബി എമിറേറ്റിന് യു.എന്‍ അംഗീകാരം ലഭിച്ചിരുന്നു. 10 ആഗോള പദ്ധതികളില്‍ അബൂദബി പരിസ്ഥിതി ഏജന്‍സിയുടെ മറൈന്‍ ഇകോസിസ്റ്റം സംരക്ഷണവും പുനരധിവാസ പദ്ധതിയെയും യു.എന്‍. പരിസ്ഥിതി പദ്ധതി ഉള്‍പ്പെടുത്തിയിരുന്നു. യു.എന്‍ തിരഞ്ഞെടുത്ത പദ്ധതികളും അത് പ്രാവര്‍ത്തികമാക്കേണ്ടതിന്റെ ഗൗരവവും ചെറുകഥകളുടെ രൂപത്തില്‍ കൊച്ചുകൂട്ടുകാര്‍ക്ക് പെട്ടെന്ന് ബോധ്യപ്പെടുത്തുന്ന രീതിയിലാണ് നക്ഷത്ര പുസ്തകം രചിച്ചിരിക്കുന്നത്. ദാരിദ്ര്യവും വിശപ്പുമില്ലാത്ത, ആരോഗ്യ സൗഖ്യത്തോടെയുള്ള ജനതയെ വാര്‍ത്തെടുക്കുന്നത് സ്വപ്നം കാണാന്‍ പ്രേരിപ്പിക്കുന്നതാണ് പുസ്തകം.
പഠനശേഷം ഐക്യരാഷ്ട്രസഭയില്‍ പ്രവര്‍ത്തിക്കാനാണ് നക്ഷത്ര ഇഷ്ടപ്പെടുന്നത്. അര്‍ഹരായ ആളുകളുടെ ജീവിതങ്ങള്‍ മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യമാണ് ഇതിനു പിന്നില്‍. സുസ്ഥിരതാ വികസന ലക്ഷ്യത്തിനു വേണ്ടി സ്റ്റാര്‍ കിഡ് സ്ഥാപിച്ച നക്ഷത്ര, കാരുണ്യ പ്രചാരണത്തിനായി ഈ ചെറുപ്രായത്തില്‍ തന്നെ പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. യു.എ.ഇയുടെ വണ്‍ ബില്യന്‍ ഭക്ഷണപ്പൊതി പദ്ധതിയിലേക്ക് ധനസമാഹരണം നടത്താനും നക്ഷത്രയ്ക്കു കഴിഞ്ഞിരുന്നു. വീട്ടില്‍ സൗജന്യ ലൈബ്രറി നടത്തി പുസ്തകങ്ങളുടെ ഉപയോഗവും ഈ മിടുക്കി ഉറപ്പുവരുത്തുന്നുണ്ട്.
നൃത്തം, മോണോ ആക്ട്, ഹ്രസ്വ ചിത്രങ്ങള്‍, സാങ്കേതിക സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തിയുള്ള വിദ്യാഭ്യാസ വീഡിയോകള്‍ തുടങ്ങിയവ ചെയ്തും നക്ഷത്ര സുസ്ഥിര വികസന ലക്ഷ്യത്തെ പ്രോല്‍സാഹിപ്പിക്കുന്നു. യു.എ.ഇ യൂത്ത് ഫെസ്റ്റിവലുകളില്‍ പങ്കെടുത്ത് നിരവധി സമ്മാനങ്ങള്‍ വാരിക്കൂട്ടിയിട്ടുണ്ട്. സ്വീഡന് ആസ്ഥാനമായ കണക്ടഡ് സംഘടിപ്പിച്ച ‘കണക്ട് എയ്ഡ്’ ലോക ഉച്ചകോടിയില്‍ നക്ഷത്രയുടെ അഭിമുഖം എടുത്തിരുന്നു.
ലോക ശിശു സമ്മേളനത്തിലെ പ്രഭാഷകയായും നക്ഷത്ര തിരഞ്ഞെടുക്കപ്പെട്ടു. അബൂദബി ഇന്ത്യാ സോഷ്യല്‍ സെന്ററിലെ കുട്ടികളുടെ പരിപാടികളില്‍ സ്ഥിരം സാന്നിധ്യമാണ്. പഠനത്തോടൊപ്പം കലയും മുറുകെപ്പിടിച്ചാണ് ജൈത്രയാത്ര. തിരുവനന്തപുരം സ്വദേശികളും അബൂദബിയില്‍ എന്‍ജിനീയർമാരുമായ പ്രേം-സ്വപ്ന ദമ്പതികളുടെ മകളാണ് നക്ഷത്ര. സഹോദരന് നവ്യുക്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.