കുണ്ടറ: സംസ്ഥാന സർക്കാറിന്റെ ഉജ്ജ്വലബാല്യം പുരസ്കാരം ആനന്ദ് ഭൈരവ് ശര്‍മക്ക് ലഭിച്ചതോടെ കലാകുടുംബത്തിനാകെ അഭിമാന മുഹൂർത്തം. കുണ്ടറ പെരുമ്പുഴ തൃക്കോയിക്കല്‍ വടക്കേമഠത്തില്‍ മൃദംഗവിദ്വാന്‍ മുഖത്തല പ്രവീൺ ശര്‍മയുടെയും വായ്പാട്ട് സോപാന സംഗീത ഉപാസക ആശയുടെയും മകനാണ് ആനന്ദ് ഭൈരവ് ശര്‍മ.
മൂന്നാംവയസ്സില്‍ സ്വകാര്യ ചാലനിലെ റിയാലിറ്റി ഷോയില്‍ തുടങ്ങിയതാണ് സംഗീതയാത്ര. മാതാപിതാക്കളൊടൊപ്പം ആറാം വയസ്സുമുതല്‍ സംഗീതക്കച്ചേരികള്‍ അവതരിപ്പിച്ചുതുടങ്ങുകയായിരുന്നു. ഒമ്പതാം വയസ്സിലാണ് സ്വാതി തിരുനാളിന്റെ നവരാത്രി കൃതികളുടെ ആലാപനം ആകര്‍ഷകമാക്കി നിറസദസ്സുകളുടെ കൈയടി നേടുന്നത്.
ആയിരത്തിലധികം വേദികളില്‍ സംഗീതക്കച്ചേരികളും വോക്കോ വയലിന് കച്ചേരികളും അവതരിപ്പിച്ചിട്ടുണ്ട്. വേദങ്ങളും ഉപനിഷത്തുകളും ഭഗവദ്ഗീതയും രാമായണവും മഹാഭാരതവുമെല്ലാം അനായാസേന പാരായണം ചെയ്യും. മലയാളത്തിലും സംസ്കൃതത്തിലുമായി 20 കൃതികള്‍ രചിച്ച് ആലാപനം നിര്‍വഹിച്ചിട്ടുണ്ട്.
പ്രശസ്ത സംഗീത സംവിധായകന് എം. ജയചന്ദ്രന്, ശ്രീനിവാസ്, ഗായകന് ജി. വേണുഗോപാല്‍ എന്നിവര്‍ ആനന്ദിന്റെ പ്രതിഭയെ പ്രോത്സാഹിപ്പിച്ചുവരുന്ന പ്രമുഖരാണ്. സൂര്യ ഫെസ്റ്റിലും ഗുരുവായൂര്‍ ചെമ്പൈ സംഗീതോത്സവത്തിലും ആനന്ദ് കച്ചേരി അവതരിപ്പിച്ചിട്ടുണ്ട്.
വായ്പാട്ട്, പുല്ലാങ്കുഴല്‍, വീണ, വയലിന്, കീബോര്‍ഡ്, ഗിറ്റാര്‍, ഇടക്ക, ഗഞ്ചിറ, ഘടം, സിത്താര്‍, മെലോടിക്ക, മൃദംഗം തുടങ്ങി 13 വാദ്യോപകരണങ്ങള്‍ അനായാസേന വായിക്കും. ആനന്ദിന് സംഗീതത്തിന്റെ ആദ്യപാഠങ്ങള്‍ പകര്ന്നുനല്കിയത് അച്ഛന് പ്രവീണ്‍ ശര്‍മയും അമ്മ ആശ പ്രവീണ്‍ ശര്‍മയുമാണ്. ഇരുവരും തിരുവനന്തപുരം സംഗീതകോളജില്നിന്ന് റാങ്കോടെ മാസ്റ്റര്‍ ബിരുദങ്ങള്‍ നേടിയവരാണ്. പള്ളിമണ്‍ സിദ്ധാർഥ സെന്‍ട്രല്‍ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ് ആനന്ദ് ഭൈരവ് ശര്‍മ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.