കുവൈത്ത്സിറ്റി: കുഞ്ഞുപ്രായത്തിൽ അധികമാരും സഞ്ചരിക്കാത്ത വഴികളിലൂടെ മുന്നേറുകയാണ് കുവൈത്തിലെ ഒരു മലയാളി പെൺകുട്ടി. കേറ്റ്ലിൻ റെയ്മണ്ട് എന്ന 12 വയസ്സുകാരി ഇതിനകം മികവുതെളിയിച്ചത് വ്യത്യസ്ത മേഖലകളിലാണ്. ബൈക്ക് റേസിങ്, കുതിരയോട്ടം, നീന്തൽ എന്നിവയാണ് കേറ്റ്ലിൻ റെയ്മണ്ടിന്റെ ഇഷ്ടമേഖലകൾ. ഈ പ്രായത്തിൽ ഇത്തരം വിനോദങ്ങൾ പ്രൊഫഷനായി സ്വീകരിച്ച കേറ്റ്ലിൻ ഇതുവരെ നേടിയത് ഗംഭീര വിജയങ്ങളാണ്.
മോട്ടോർ ബൈക്ക് റേസിൽ താൽപര്യമുണ്ടായിരുന്ന സഹോദരൻ കെവിൻ റെയ്മണ്ടിന്റെ പ്രകടനങ്ങളിൽ ആകൃഷ്ടയായിരുന്നു കേറ്റ്ലിൻ. ഒമ്പതു വയസ്സായിരുന്നു അന്ന് പ്രായം. മകളുടെ താൽപര്യം അറിഞ്ഞ പിതാവ് ടിനി റെയ്മണ്ടിന് സന്തോഷം തോന്നിയതേയുള്ളൂ. പഴയ ഒരു ബൈക്ക് റൈസറായ ടിനി റെയ്മണ്ട് അങ്ങനെ മകളെ പരിശീലനത്തിന് ചേർത്തു.
കുവൈത്ത് മോട്ടോർ അക്കാദമിയിൽ പരിശീലനം തുടങ്ങിയ കേറ്റ്ലിൻ പെട്ടെന്നുതന്നെ മികവു തെളിയിച്ചു. കുട്ടിക്ക് ഈ ഇനത്തിൽ നല്ല മിടുക്കുണ്ടെന്ന് കോച്ചും സൂചിപ്പിച്ചു. ഇതോടെ പരിശീലനം തുടരാൻ തീരുമാനിച്ചു. പിന്നെ ആദ്യം പഠിച്ചിരുന്ന ബൈക്ക് മാറ്റി കൂടുതൽ മികച്ചതും പ്രൊഫഷനലായി ഉപയോഗിക്കാവുന്നതും തിരഞ്ഞെടുത്തു. മറ്റു സൗകര്യങ്ങളും ഒരുക്കി മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് പാകമായി.
കഴിഞ്ഞ ജൂലൈയിൽ എം.ആർ.എഫ് റേസിൽ പങ്കെടുക്കാൻ നാട്ടിലെത്തിയെങ്കിലും മഴ കാരണം നടന്നില്ല. ആഗസ്റ്റിൽ വാൽപ്പാറയിൽ നടന്ന മത്സരത്തിൽ പങ്കെടുത്തു. ഇതിൽ വനിത വിഭാഗത്തിൽ ഒന്നാം സ്ഥാനത്തെത്തി. അണ്ടർ 16 കാറ്റഗറിയിലും മത്സരിച്ചു. ആൺകുട്ടികൾക്കും അവരുടെ മികച്ച ബൈക്കുകൾക്കുമൊപ്പം ഈ വിഭാഗത്തിൽ മത്സരത്തിനിറങ്ങിയ കേറ്റ്ലിൻ ഇതിലും ഒന്നാം സ്ഥാനം നേടി. കുവൈത്തിലെ വിവിധ മത്സരങ്ങളിലും മികവു പുലർത്തി. കുവൈത്ത് മോട്ടോർ അക്കാദമി സംഘടിപ്പിച്ച മത്സരത്തിൽ ഒന്നാം സ്ഥാനത്തെത്തുകയുമുണ്ടായി.
കുതിരപ്പുറത്തേക്കും കേറ്റ്ലിനെ എത്തിച്ചതിൽ സഹോദരൻ കെവിൻ റെയ്മണ്ടിന് പങ്കുണ്ട്. ഫോട്ടോഗ്രഫിയിൽ താൽപര്യമുള്ള കെവിൻ കുതിരയുടെ ചിത്രമെടുക്കാൻ ഒരിക്കൽ കേറ്റ്ലിനെയും കൂടെ കൂട്ടി. കുതിരയെ കണ്ടപ്പോൾ കേറ്റ്ലിന്റെ ഉള്ളിലെ കായികതാരം ഉണർന്നു.
കുതിരയോട്ടം പഠിക്കണമെന്നായി അടുത്ത ആഗ്രഹം. അതും പിതാവിനോടു പറഞ്ഞു. സമ്മതം മൂളിയ പിതാവ് വൈകാതെ മകളെ കുതിര പരിശീലനത്തിനു ചേർത്തു. പത്താം വയസ്സിൽ തുടങ്ങിയ പരിശീലനം ഇപ്പോൾ രണ്ടു വർഷം പിന്നിട്ടു. കഴിഞ്ഞ സീസണിൽ നാലു മത്സരത്തിൽ പങ്കെടുത്ത കേറ്റ്ലിൻ എല്ലാത്തിലും നേട്ടം കൊയ്തു.
നാലു വയസ്സുമുതൽ കേറ്റ്ലിൻ നീന്തൽ പരിശീലിക്കുന്നുണ്ട്. ഭാരതീയ വിദ്യാഭവൻ ഇന്ത്യൻ എജുക്കേഷനൽ സ്കൂളിലെ കോച്ച് ഭാഗ്യയാണ് ഇതിനായി പിന്തുണ നൽകുന്നത്. സ്കൂൾതലത്തിൽ നീന്തലിൽ ജേതാവായ കേറ്റ്ലിൻ രണ്ടുതവണ ദേശീയതല മത്സരത്തിന് യോഗ്യത നേടി. എല്ലാ വർഷവും സി.ബി.എസ്.ഇ മത്സരത്തിൽ ജേതാവാണ്. കഴിഞ്ഞ തവണ ആറു ഗോൾഡ് മെഡൽ നേടിയാണ് നീന്തലിലെ മികവു തെളിയിച്ചത്. കുവൈത്തിലെ വിവിധ ക്ലബുകൾ സംഘടിപ്പിക്കുന്ന മത്സരങ്ങളിൽ നിരവധി സമ്മാനങ്ങൾ നേടി.
നിലവിൽ ഏഴാം ക്ലാസ് വിദ്യാർഥിയായ കേറ്റ്ലിൻ മൂന്നിനങ്ങളും ഒരുപോലെ ഇഷ്ടപ്പെടുന്നതിനാൽ കഴിയുന്നത്ര മുന്നോട്ടു പോകാനുള്ള തീരുമാനത്തിലാണ്. വർഷങ്ങളായി കുവൈത്തിലുള്ള പിതാവ് ടിനി റെയ്മണ്ട് മിസ്തുബിഷി ഇലക്ട്രിക് കോർപറേഷൻ ഉദ്യോഗസ്ഥനാണ്. മാതാവ് മിലി റെയ്മണ്ടും സഹോദരനും കുവൈത്തിലുണ്ട്. എറണാകുളം ആലുവയാണ് സ്വദേശം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.