അജ്മാന്: ഇവരുടെ പ്രണയത്തിന് രാജ്യാതിര്‍ത്തികള്‍ അതിരുകള്‍ തീര്‍ത്തില്ല. വ്യത്യസ്ത രാജ്യം, ഭാഷ, മതം തുടങ്ങിയ വൈവിധ്യങ്ങളെ മറികടന്ന് രണ്ടാത്മാക്കള് പ്രണയത്തിന്റെ വഴിയില്‍ സഞ്ചരിച്ചു വിജയം നേടിയതിന്റെ പ്രതീകമാണ് മുഹമ്മദ് തൈമൂര്‍ -ശ്രീജ ഗോപാല്‍ ദമ്പതികള്‍. വ്യത്യസ്ത ധാരകളും രാജ്യങ്ങളും ഒന്നായിച്ചേരുന്ന മണലാരണ്യത്തിന്റെ പേരാണ് യു.എ.ഇ എങ്കിൽ ആ നാട്ടിൽ അതിരുകളില്ലാതെ ഒന്നായിച്ചേർന്നവരാണ് ഇന്ത്യക്കാരി ശ്രീജയും പാകിസ്താൻകാരൻ തൈമൂറും. കാതങ്ങള്‍ക്ക് അകലെ പടച്ചവന് പണിതുവെച്ച ഇണമനസ്സുകള് ഒന്നായിത്തീരാന്‍ യു.എ.ഇയുടെ മണ്ണ് വേദിയാവുകയായിരുന്നു.
അതുകൊണ്ടുതന്നെ, ഇരുവരുടെയും റമദാന് വേറിട്ട രൂപവും ഭാവവുമാണ്. 2005ലാണ് പാകിസ്താന് സ്വദേശിയായ മുഹമ്മദ് തൈമൂര്‍ യു.എ.ഇയില്‍ എത്തുന്നത്. തന്റെ സ്ഥാപനത്തിന്റെ ആവശ്യാർഥം ഷാര്‍ജയിലെ ക്ലിനിക് സന്ദർശിച്ചപ്പോഴാണ് ഇവിടെ ജോലി ചെയ്തിരുന്ന കോട്ടയം പുതുപ്പള്ളി സ്വദേശിനി ശ്രീജയെ തൈമൂര്‍ പരിചയപ്പെടുന്നത്. പരിചയം പിന്നീട് പ്രണയത്തിലേക്ക് വഴിതുറന്നു. മലയാളികളുടെ വിദ്യാഭ്യാസവും സത്യസന്ധതയും തൈമൂറിന് ഏറെ ഇഷ്ടമാണ്.
സത്യസന്ധതയോടെയുള്ള അവരുടെ പെരുമാറ്റമായിരുന്നു ശ്രീജയോട് അടുപ്പം തോന്നാനുള്ള കാരണവും. ഇതിനിടയില്‍ ശ്രീജക്ക് യമനില്‍ നഴ്സായി ജോലികിട്ടി അങ്ങോട്ടു പോയെങ്കിലും പ്രണയത്തിന്റെ രസച്ചരടുകള്‍ അഴിഞ്ഞിരുന്നില്ല. യുദ്ധത്തിന്റെ ഭാഗമായി ഇന്ത്യൻ സർക്കാർ ആളുകളെ നാട്ടിലെത്തിക്കുന്നതിന്റെ ഭാഗമായി ശ്രീജയും യമനില്‍നിന്ന് നാട്ടിലെത്തി. ജോലി തേടി ശ്രീജ പിതാവും സഹോദരനുമുള്ള യു.എ.ഇയില്‍ വീണ്ടും എത്തി. മുഹമ്മദ് തൈമൂറുമായുള്ള പ്രണയത്തില്‍ രാജ്യത്തിന്റെ അതിര്‍ത്തികള്‍ അലിഞ്ഞില്ലാതായി.
2018 ഏപ്രിലില്‍ ഇരുവരും വിവാഹിതരായി. ഒരുപാട് പ്രതിസന്ധികള്‍ മറികടന്നാണ് ഇരുവരും വിവാഹത്തിലേക്ക് എത്തുന്നത്. സ്വന്തം പിതാവിന്റെയും സഹോദരന്റെയും സാന്നിധ്യത്തില്‍ വലിയ്യിന്റെ കാര്‍മികത്വത്തില്‍ ഇരുവരും ജീവിത പങ്കാളികളായി. വിവാഹശേഷം ഇരുവരും മക്കയില്‍ പോയി ഉംറ നിര്‍വഹിച്ചു. അതിരുകളില്ലാത്ത ജീവിതവഴിക്ക് ഏറെ പിന്തുണ നല്കിയ തൈമൂറിന്റെ പിതാവിനെ കാണണമെന്ന ശ്രീജയുടെ ആഗ്രഹം ബാക്കിയാക്കി അദ്ദേഹം ഇതിനിടയില്‍ മരിച്ചു.
പിതാവിന്റെ ഓര്മക്ക് നാട്ടില്‍ ഇരുവരും ചേര്‍ന്ന് നിര്‍മിച്ച വീടിന് താരിഖ് മൻസില്‍ എന്ന് പേരുനല്കി. വശ്യസുന്ദരമായ കേരളം തൈമൂറിന്റെ വലിയ സ്വപ്നമാണ്. പ്രവാസം അവസാനിപ്പിച്ചാൽ ശിഷ്ടജീവിതം കേരളത്തിലാക്കണമെന്നാണ് തൈമൂറിന്റെ ആഗ്രഹം. തൈമൂറിനോടൊപ്പം ശ്രീജയും എല്ലാ നോമ്പും എടുക്കും. റമദാന് ആയതിനാല്‍ ജോലിയും തിരക്കും കഴിഞ്ഞു കിടക്കുമ്പോഴേക്കും രാത്രി ഒരുപാടാകും. തൈമൂറും കേരള ഭക്ഷണപ്രിയനാണ്. ശ്രീജ ഇപ്പോള്‍ ജോലിക്ക് പോകുന്നില്ല. തിരക്കുകളെല്ലാം തീർത്ത് തൈമൂര്‍ നോമ്പുതുറക്ക് പരമാവധി നേരത്തെ വീട്ടിലെത്തും.
ഒരുപാട് വിഡിയോകള്‍ ചെയ്തിട്ടുള്ളതിനാല്‍ ഇരുവരും സമൂഹ മാധ്യമങ്ങളില്‍ താരങ്ങളാണ്. അതിര്‍ത്തി പങ്കിടുന്ന രണ്ടു രാജ്യങ്ങളില്‍ നിന്നുള്ളവര്‍ അതിര്‍വരമ്പുകളില്ലാത്ത പ്രണയത്തിലൂടെ ഒന്നായി മാറിയതോടെ സോഷ്യല്‍ മീഡിയയും ഇവരെ ഏറ്റെടുത്തു. ഇരു രാജ്യങ്ങളിലെയും പ്രവാസി കൂട്ടായ്മകളുടെ നോമ്പുതുറകളില്‍ ക്ഷണിതാക്കളായി ഇരുവരും പങ്കെടുക്കാറുണ്ട്. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന്റെ ദേശീയാഘോഷമായ ഓണവും ഇരുവരും വളരെ ഭംഗിയായി ആഘോഷിക്കാറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.