തിരൂർ: അതിജീവന പോരാട്ടങ്ങൾക്കിടെ ജീവിതത്തിന്റെ പുതിയ അധ്യായത്തിലേക്ക് ചുവടുവെച്ച് യൂനുസും ഫാത്തിമ ഷബാനയും. ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി തിരൂരിൽ പ്രവർത്തിക്കുന്ന ‘കിൻഷിപ്പി’ലെ അന്തേവാസികളാണ് ഞായറാഴ്ച വിവാഹിതരായ യൂനുസും ഫാത്തിമയും. ഇരുവരും ഇവിടെ വെച്ചാണ് കണ്ടുമുട്ടിയതും പ്രണയത്തിലായതും.
ഏഴുമാസത്തെ പ്രണയത്തിനു ശേഷമാണ് ഇവർ വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ചത്. രണ്ടുപേരുടെയും കുടുംബങ്ങളുടെ അനുഗ്രഹവും ഒരുമിക്കലിന് തുണയായി. കിൻഷിപ്പ് ഡയറക്ടർ നാസർ കുറ്റൂർ കിൻഷിപ്പിൽ കല്യാണപ്പന്തലൊരുക്കിയാണ് യൂനുസിന്റെയും ഫാത്തിമയുടെയും ആഗ്രഹം സഫലമാക്കിയത്.
കുട്ടിയായിരിക്കുമ്പോൾ പോളിയോ ബാധിച്ച് ശരീരം തളർന്നതാണ് ഈരച്ചമ്പാട്ട് യൂനുസിന്. 34കാരനായ ഇദ്ദേഹം നിറമരുതൂർ മങ്ങാട് സ്വദേശിയാണ്. വീൽ ചെയറിന്റെ സഹായത്തോടെയാണ് സഞ്ചാരം. പിതാവും മാതാവും മരിച്ച യൂനുസിന് ഇനി കൂട്ടായി ഫാത്തിമയുണ്ടാവും.
ബി.പി അങ്ങാടിയിലെ തച്ചറായിൽ ഹംസയുടെയും ഷാഫിജയുടെയും മകളായ 20കാരി ഫാത്തിമ ഏഴുമാസം മുമ്പാണ് കിൻഷിപ്പിൽ എത്തിയത്. മാനസിക സംഘർഷം അനുഭവിച്ചിരുന്ന ഫാത്തിമക്ക് ഇവിടത്തെ പരിചരണത്തോടെ ഏറെ സൗഖ്യം ലഭിച്ചു. തുടർന്ന് കിൻഷിപ്പിൽ വളന്റിയറായി.
ചെറിയ പറപ്പൂരിലുള്ള ഫാത്തിമയുടെ പിതാവ് ഹംസയുടെ നേതൃത്വത്തിലായിരുന്നു നിക്കാഹ് ചടങ്ങുകൾ. ശനിയാഴ്ച കിൻഷിപ്പ് ഹാളിൽ നടന്ന വിവാഹ സൽക്കാരത്തിൽ നിരവധി പേരാണ് പങ്കാളികളായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.