അടൂർ: ആശ്രയമറ്റവരുടെ ആതുരാശ്രമമായ അടൂർ മഹാത്മ ജനസേവന കേന്ദ്രത്തിലെ യുവതികളുടെ സ്വയംവരം കൊടുമൺ കുളത്തിനാൽ മഹാത്മ ജീവകാരുണ്യ ഗ്രാമത്തിൽ നടന്നു. മഹാത്മയുടെ കരുതലിൽ നാനൂറോളം വയോജനങ്ങളുടെയും അഗതികളുടെയും സ്നേഹ വാത്സല്യങ്ങൾ ഏറ്റുവാങ്ങി വളർന്ന സാന്ദ്രയും അശ്വതിയുമാണ് വിവാഹിതരായത്.
കടമ്മനിട്ട സ്വദേശി ഷീനയുടെ മകൾ ബി.ബി.എ പഠനം പൂർത്തിയാക്കിയ സാന്ദ്ര വിനോദ്, ഗിരിജയുടെ മകൾ ബി. അശ്വതി എന്നിവർ സ്വയം തെരഞ്ഞെടുത്ത ജീവിത പങ്കാളികളെ കൂടെ ചേർക്കുന്നതിനായി മഹാത്മ ജനസേവനകേന്ദ്രം വിവാഹത്തിനുള്ള സമ്മതവും സാഹചര്യവും ഒരുക്കിനൽകുകയായിരുന്നു. സാന്ദ്ര, കൊടുമൺ കൊച്ചുതുണ്ടിൽ വീട്ടിൽ മോനി ഫിലിപ്-ജസി ദമ്പതികളുടെ മകൻ അൻസു മോനിയെയും അശ്വതി, കൊല്ലം, കുണ്ടറ, പടപ്പക്കര നെല്ലിമുക്കം ലക്ഷം വീട്ടിൽ ക്രിസ്റ്റി- ജാൻസി ദമ്പതികളുടെ മകൻ ബിനുവിനെയുമാണ് വരണമാല്യം അണിയിച്ചത്.
മന്ത്രി വീണ ജോർജ്, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, ആന്റോ ആന്റണി എം.പി, മഹാത്മ രക്ഷാധികാരിയും ചലച്ചിത്ര നടിയുമായ സീമ ജി.നായർ, കൊടുമൺ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശ്രീധരൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അജികുമാർ രണ്ടാംകുറ്റി, എ. വിജയൻ നായർ, ശിവഗിരി മഠം ട്രസ്റ്റ് സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, ഏഴംകുളം ഇമാം ഹാഫിസ് യൂസുഫ് മൗലവി അൽ ഖാസിമി, ജില്ല പഞ്ചായത്ത് അംഗം ബീന പ്രഭ, ബ്ലോക്ക് പഞ്ചായത്ത് അംഗം കുഞ്ഞന്നാമ്മകുഞ്ഞ്, അടൂർ നഗരസഭ ചെയർമാൻ ഡി. സജി, പത്തനംതിട്ട നഗരസഭ ചെയർമാൻ സക്കീർ ഹുസൈൻ, എൻ.എസ്.എസ് ഡയറക്ടർ ബോർഡ് അംഗം കലഞ്ഞൂർ മധു, കെ.പി.ഡി.എം.എസ് സംസ്ഥാന സെക്രട്ടറി ടി. സതീഷ് ചന്ദ്രൻ, സംഘാടക സമിതി വൈസ് ചെയർമാൻ പി.കെ. പ്രഭാകരൻ, സ്വീകരണ കമ്മിറ്റി ചെയർപേഴ്സൻ ലീലാമണി വാസുദേവ്, മഹാത്മ ജനസേവനകേന്ദ്രം ചെയർമാൻ രാജേഷ് തിരുവല്ല എന്നിവർ സംബന്ധിച്ചു.
മഹാത്മ ജനസേവന കേന്ദ്രത്തിന് ഏനാദിമംഗലം പുതുവൽ ഉടയാൻമുറ്റം അമ്പലത്തിന് സമീപം 18 സെന്റ് സ്ഥലത്തിൽ എട്ടുസെന്റും അതിൽ നിർമിച്ച വീടും സാന്ദ്രക്കും ബാക്കി 10 സെന്റ് സ്ഥലം അശ്വതിക്കും വിവാഹ സമ്മാനമായി എഴുതി പ്രമാണം വേദിയിൽ കൈമാറി. മഹാത്മ പ്രവർത്തകരുടെ കരുതൽ നിധിയിൽനിന്ന് രണ്ടുപേർക്കും അഞ്ചുപവൻ വീതമുള്ള സ്വർണാഭരണങ്ങളും സമ്മാനമായി നൽകി. കുടുംബശ്രീ പ്രവർത്തകർ, വിവിധ സംഘടനകൾ എന്നിവരുടെ വകയായാണ് വധൂവരന്മാർക്ക് വസ്ത്രങ്ങളും ചടങ്ങിൽ സംബന്ധിച്ച എല്ലാവർക്കും ഭക്ഷണവും നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.