ചിത്രങ്ങൾ കൊണ്ട് കഥനെയ്യുന്നവരെ കണ്ടിട്ടുണ്ടോ? ഒന്ന് സൂക്ഷിച്ച് നോക്കിയാൽ ഓരോ ചിത്രങ്ങളിലും ജീവൻ തുടിക്കുന്നത് കാണാം. വരച്ചയാൾ പറയാനുദ്ദേശിച്ചത് പറയാതെ പറയുന്നതും കാണാം. ജീവസുറ്റ ചിത്രങ്ങൾ വരക്കുന്നൊരു കലാകാരിയുണ്ട് ദുബൈയിൽ. കോട്ടയം സ്വദേശി നസ്റിൻ ഹലീമ. നിറങ്ങളെയും ചിത്രങ്ങളെയും പ്രണയിച്ച നസ്റിന് പെയിൻറിങ് എന്നത് പാഷനാണ്. പെയിൻറും ബ്രഷും മാത്രം ഉപയോഗിച്ചല്ല നസ്റിൻ ചിത്രം വരക്കുന്നത്. ഡിജിറ്റൽ മീഡിയം വഴിയും മനോഹരമായ നിറക്കൂട്ടുകൾ കൊണ്ട് കഥ നെയ്യാറുണ്ട് ഈ കലാകാരി.
പെയ്ൻറിങ്ങിനെ സ്ട്രസ് റിലീഫ് മെക്കാനിസം എന്നാണ് നസ്റിൻ വിശേഷിപ്പിക്കുന്നത്. പോർട്ടറേറ്റുകളും, ഡിജിറ്റൽ പെയിൻറിങ്ങും, സ്കെച്ചിങ്ങും തുടങ്ങി എല്ലാ തരം ചിത്ര രചനകളിലും തന്റെ കൈയൊപ്പ് പതിപ്പിച്ചിട്ടുണ്ട് നസ്റിൻ. എങ്കിലും വരക്കാൻ ഏറെ പ്രിയം ഡിജിറ്റൽ ഇല്ലസ്ട്രേഷൻ തന്നെ. ചിത്രം വരയോടും, പെയ്ൻറിങ്ങിനോടും പണ്ട് മുതലേ താത്പര്യമാണ്. സ്കൂൾ തലം മുതൽ ഡിജിറ്റൽ പെയിൻറിങ് ചെയ്യാറുണ്ടായിരുന്നു. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ ഡിജിറ്റൽ പെയിൻറിങിന് ജില്ലാ തലത്തിൽ ഒന്നാം കിട്ടിയത് ഇന്നും ഏറെ അഭിമാനത്തോടെയാണ് നസ്റിൻ ഓർക്കുന്നത്. ഇപ്പോളവൾ ദുബൈയിൽ ആർക്കിടെക്റ്റാണ്. തന്റെ വരക്കാനുള്ള ആഗ്രഹം കൊണ്ടും, സർഗ്ഗാത്മക കഴിവുകൾ ആവുന്നത്ര പ്രൊഫഷനിൽ കൊണ്ടുവരാനുമാണ് ഈ മേഖല നസ്റിൻ തിരഞ്ഞെടുത്തത്.
റിട്ടയർട് ട്രഷറി ഓഫീസർ ഇബ്രാഹീംകുട്ടിയുടെയും, റീന ഇബ്രാഹീമിന്റെയും മകളാണ് നസ്റിൻ. ഓരോ തവണയും മത്സരങ്ങൾ ജയിക്കുമ്പോൾ ഇവരുടെ മുഖത്തുണ്ടാവുന്ന സന്തോഷമാണ് ഇനിയുമേറെ വരക്കാനുള്ള തന്റെ പ്രചോദനമെന്നും, പുതിയ ചിത്രങ്ങൾ വരക്കുന്നതിൽ എപ്പോഴും അഭിമാനം കൊള്ളുന്നവർ കൂടിയാണവരെന്നും നസ്റിൻ പറയുന്നു. രണ്ട് സഹോദരങ്ങളാണ് നസ്റിനുള്ളത്, ഇവരാണ് പലപ്പോഴും നസ്റിന് പുതിയ അവസരങ്ങൾ കണ്ടെത്തി നൽകാറുള്ളത്. ഭർത്താവ് മുഹന്നദും ചിത്രം വരയെ ഇഷ്ടപ്പെടുന്നയാളാണ്. ദുബൈയിൽ ആർക്കിടെക്റ്റ് തന്നെയാണ് മുഹന്നദ്. നസ്റിൻ ഡിജിറ്റൽ മീഡിയമുപയോഗിച്ച് വരച്ച ചിത്രങ്ങളിലധികവും ഭർത്താവിന് സമ്മാനിച്ചവയാണ്. കുടുംബത്തിൽ നിന്ന് കിട്ടുന്ന പിന്തുണയാണ് തന്നെ പുതിയ ചിത്രങ്ങൾ വരക്കാൻ പ്രേരിപ്പിക്കുന്നതെന്ന് അവൾ പറയുന്നു.
വരക്കുന്ന ചിത്രങ്ങൾ ___.haleema എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴി പോസ്റ്റ് ചെയ്യാറുമുണ്ട്. പലർക്ക് വേണ്ടിയും ഡിജിറ്റൽ ഇല്ലസ്ട്രഷൻ ചിത്രങ്ങൾ വരച്ച് കൊടുത്തിട്ടുണ്ട്. കപ്പിൾ പോർട്രേറ്റുകളും, ഫാമിലി ഫോട്ടോകളും, പോർട്രേറ്റുകളും, സേവ് ദി ഡേറ്റ് വീഡിയോയുമൊക്കെ ഡിജിറ്റൽ മീഡിയം വഴി മനോഹരമായി വരച്ച് നൽകിയിട്ടുണ്ട് നസ്റിൻ.അറബിക്ക് കാലിഗ്രാഫിയിലും, ഡൂഡിലുകളിലുമൊക്കെ ഈ കലാകാരിയുടെ കൈപതിഞ്ഞിട്ടുണ്ട്. സാമൂഹിക പ്രതിബദ്ധതയുള്ളൊരു കലാകാരി കൂടിയാണ് നസ്റിൻ.
2020-ൽ ഹത്രാസ് കൂട്ടബലാത്സംഗത്തിനിരയായ പെൺകുട്ടിക്ക് വേണ്ടി തന്നാലാവുന്നത് ചെയ്യണമെന്നുണ്ടായിരുന്നു നസ്റിന്. അന്ന് നസ്റിൻ വരച്ച വൈകാരികമായ ചിത്രം ‘മാധ്യമം’ ആഴ്ച്ചപ്പതിപ്പിൽ കവർപ്പേജായി പ്രസിദ്ധീകരിച്ചിരുന്നു. അന്ന് ചിത്രത്തിലൂടെയെങ്കിലും പ്രതികരിക്കാനായ ആത്മസംതൃപ്തിയിലാണ് നസ്റിൻ. ഇനിയുമേറെ ജീവൻ തുടിക്കുന്ന ചിത്രങ്ങൾ വരക്കാനും, സമൂഹത്തിന് വേണ്ടി തൻറെ സർഗ്ഗാത്മക കഴിവുകളാവുന്നത്ര ഉപയോഗപ്പെടുത്താനുമുള്ള തയ്യാറെടുപ്പിലാണ് ഈ കലാകാരി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.