മൈലപ്ര: അച്ഛൻ തെരഞ്ഞെടുത്ത പ്രമേയം വേദിയിൽ അവതരിപ്പിച്ച് മോണോ ആക്ടിൽ മകൾ ഒന്നാംസ്ഥാനക്കാരിയായി. ഹയർ സെക്കൻഡറി വിഭാഗം പെൺകുട്ടികളുടെ മോണോആക്ടിൽ പത്തനംതിട്ട ഗവ. എച്ച്.എസ്.എസിലെ ഗൗരിനന്ദന വേദിയിൽ അവതരിപ്പിച്ച വിഷയം തെരഞ്ഞെടുത്തത് വള്ളിക്കോട് പി.ഡി.യു.പി സ്കൂളിലെ അധ്യാപകൻ കൂടിയായ പിതാവ് ആർ. ജ്യോതിഷാണ്. മഹാഭാരത യുദ്ധത്തിൽനിന്ന് തൊടുത്തുവിട്ട ശരം ഗസ്സയിൽ വന്നുവീണതും അവിടെയുണ്ടായ സ്ഫോടനങ്ങളുമെല്ലാം ചിത്രീകരിച്ചാണ് ഗൗരിനന്ദന വേദിയെ വ്യത്യസ്തമാക്കിയത്.
ഗസ്സയിലെ സ്ഫോടനത്തിലെ ഒരു കാൽ നഷ്ടപ്പെട്ട കുട്ടിയുടെ വേദന വേദിയിൽ അവതരിപ്പിച്ചു. ഹരിപ്പാട് രവിപ്രസാദാണ് പരിശീലനം നൽകിയത്. ഗൗരിനന്ദനക്ക് ഓട്ടൻതുള്ളലിലും ഒന്നാം സ്ഥാനമുണ്ട്. ജ്യോതിഷിന്റെ ഇളയ മകൾ ദേവാനന്ദ യു.പി വിഭാഗം മോണോആക്ടിൽ മൂന്നാം സ്ഥാനക്കാരിയായി. ഗൗരിനന്ദന പരിശീലിപ്പിച്ച മിത്ര ഹരി ഹൈസ്കൂൾ വിഭാഗം പെൺകുട്ടികളുടെ മത്സരത്തിൽ രണ്ടാംസ്ഥാനക്കാരിയായതും അഭിമാനമായി.
വ്യത്യസ്തങ്ങളായ പ്രമേയങ്ങളാണ് വിധികർത്താക്കളെ സ്വാധീനിച്ചത്. നല്ല തിരക്കഥ കണ്ടെത്തി അവതരിപ്പിക്കുകയെന്നതും ഉച്ചാരണ ശുദ്ധിയും പ്രത്യേകം ശ്രദ്ധിക്കണമെന്ന് വിധികർത്താക്കൾ പറഞ്ഞു. ഹയർ സെക്കൻഡറി വിഭാഗം പെൺകുട്ടികളുടെ മത്സരത്തിൽ പത്തുപേർ മത്സരിക്കാനുണ്ടായിരുന്നു. എന്നാൽ, ആൺകുട്ടികൾ മൂന്നുപേർ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.