പറവൂർ: സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ ജനപ്രതിനിധിയായി നിഖിത ജോബി വടക്കേക്കര പഞ്ചായത്ത് അംഗമായി വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തു. കഴിഞ്ഞ 10ന് വടക്കേക്കര പഞ്ചായത്ത് മുറവൻ തുരുത്ത് 11ാം വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച കോൺഗ്രസിലെ 21 കാരിയായ നിഖിത വ്യാഴാഴ്ച വടക്കേക്കര പഞ്ചായത്തിൽ നടന്ന ചടങ്ങിലാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.
നിഖിതയുടെ പിതാവ് പി.ജെ. ജോബി ആയിരുന്നു ഇവിടെ അംഗം. ജോബി വാഹന അപകടത്തിൽ മരിച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.
ജേണലിസത്തിൽ ബിരുദാനന്തര ബിരുദം നേടിയ നിഖിത സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങളിൽ ജോബിയുടെ സഹായിയായിരുന്നു. ജോബി 157 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ആയിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ജയിച്ചത്. സി.പി.എമ്മിന്റെ ശക്തി കേന്ദ്രത്തിൽ നിഖിതക്ക് 228 വോട്ടിന്റെ ഭൂരിപക്ഷം നേടാനായി.
പ്രസിഡന്റ് രശ്മി അനിൽകുമാർ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വൈസ് പ്രസിഡന്റ് വി.എസ്. സന്തോഷ്, സ്ഥിരം സമിതി അധ്യക്ഷരായ മിനി വർഗീസ് മണിയറ, ലൈജു ജോസഫ്, ബീന രത്നൻ, പ്രതിപക്ഷ നേതാവ് ടി.കെ. ഷാരി, പഞ്ചായത്ത് അംഗം ശ്രീദേവി സനോജ്, സെക്രട്ടറി ജയിൻ വർഗീസ് പാത്താടൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.