ഇസ്സത്ത് ഹിപ് ഹോപ് ഗാനത്തിന്റെ ഷൂട്ടിങ്ങിനിടെ


 


‘In a land of ancient tales, skies so blue, Palestine, we stand with you, forever true,
From Gaza's shores, to the West Bank's heart We'll keep the flame of hope burning bright.
In the face of hardship, their people stay strong, Resilient hearts, where they truly belong,
olive fields to the city streets, they strive For justice, peace, and the right to thrive....’

ഉറച്ച വാക്കുകൾ മുഴക്കമുള്ള ശബ്ദത്തിൽ കൊച്ചിക്കാരൻ സഫ്‍വാൻ മുഹമ്മദ് സൈഫുദ്ദീൻ പറഞ്ഞു പാടുമ്പോൾ ആരും ഒരു നിമിഷം കണ്ണും കാതും നൽകും. ഫലസ്തീന്റെ ചരിത്രവും പതിറ്റാണ്ടുകളായി അവർ നേരിടുന്ന അധിനിവേശവും ലോക രാഷ്ട്രങ്ങളുടെയും മാധ്യമങ്ങളുടെയും പക്ഷപാതിത്വവുമെല്ലാം ഉറക്കെയുറക്കെ വിളിച്ചുപറയുമ്പോൾ കേൾക്കാതിരിക്കാനാവില്ല. ഒക്ടോബർ ഏഴു മുതൽ ഇസ്രായേൽ അധിനിവേശസേന ഗസ്സയുടെ ആകാശത്തുനിന്നും മരണംപെയ്യിച്ച് തീമഴ ചൊരിയുമ്പോഴാണ് ഖത്തറിലെ പ്രവാസിയായ ഈ കൊച്ചി ചുള്ളിക്കൽ സ്വദേശിയായ യുവാവും കൂട്ടുകാരും ചേർന്ന് തങ്ങൾക്കു പറയാനുള്ളതെല്ലാം കോർത്തിണക്കി ഒരു ഹിപ്ഹോപ് കൾചറിൽ റാപ് സോങ് പുറത്തിറക്കുന്നത്.

ഇംഗ്ലീഷിൽ തയാറാക്കിയ വരികളും ചടുലമായ സംഗീതവും അവതരണവുമായി പുറത്തിറക്കിയ റാപ് സോങ് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ശ്രദ്ധേയമായി. ഒരു വർഷം മുമ്പാണ് സഫ്‍വാൻ ഖത്തറിൽ പ്രവാസിയായെത്തിയത്. നേരത്തേ കൊച്ചി ലുലു മാളിൽ ജോലിചെയ്തിരുന്ന സഫ്‍വാൻ മലബാർ സമരപോരാളികളുടെ കഥകൾ ഉൾക്കൊള്ളിച്ച് രണ്ടു വർഷം മുമ്പ് പുറത്തിറക്കിയതായിരുന്നു ‘ഹിപ് ഹോപ് കൾചറിലെ ആദ്യ പരീക്ഷണം.

ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രത്തിൽ നിർണായക സംഭാവനകൾ നൽകിയ മലബാർ സമരപോരാട്ടത്തിലെ നായകരെ ചരിത്രപുസ്തകങ്ങളിൽനിന്ന് ഇന്ത്യൻ ഹിസ്റ്ററി റിസർച് കൗൺസിൽ (ഐ.സി.എച്ച്.ആർ) വെട്ടിയപ്പോൾ തങ്ങളുടെ പ്രതിഷേധവും പറയാനുള്ള കാര്യങ്ങളും ഉൾക്കൊള്ളിച്ചായിരുന്നു 2021ൽ സഫ്‍വാനും സംഘവും ‘ശുജായിപ്പട’ എന്ന പേരിൽ ഒരു ഹി​പ്ഹോപ് കൾചറിൽ സംഗീതം നൽകിയത്.

പഴയൊരു മാപ്പിളപ്പാട്ടിലെ വരികൾകൂടി ഉൾപ്പെടുത്തി ചെയ്ത ആദ്യ സംരംഭത്തിലൂടെ രാഷ്ട്രീയ, സമകാലിക സാഹചര്യങ്ങളോട് മറുപടി നൽകി. അർബൻ മാപ്പിള പ്രൊഡക്ഷൻ ബാനറിൽ തയാറാക്കിയ റാപ് ഏറെ ശ്രദ്ധനേടി.

‘മരീചിക’ എന്ന പേരിൽ പുറത്തിറങ്ങിയ രണ്ടാമത്തെ റാപ്പിൽ സമകാലിക രാഷ്ട്രീയവും ദിശാബോധമില്ലാതെ യുവത്വങ്ങളെ ഉപയോഗപ്പെടുത്തുന്ന രാഷ്ട്രീയവുമെല്ലാമായിരുന്നു വിഷയം. മലയാളത്തിലും ഇംഗ്ലീഷിലുമായി തയാറാക്കിയ റാപ് ഗാനം ​അവതരണത്തിലും ശ്രദ്ധേയമായി.

അതിനൊടുവിലായിരുന്നു ഗസ്സയിലെ ആക്രമണത്തിനു പിന്നാലെ ഫലസ്തീന് ഐക്യദാർഢ്യവുമായി ‘ഇസ്സത്ത്’ എന്ന പേരിൽ ഇംഗ്ലീഷ് റാപ് സോങ് തയാറാക്കിയത്. വരികളും പാടിയതും അവതരിപ്പിച്ചതുമെല്ലാം സഫ്‍വാൻ തന്നെ. കാമറക്കും എഡിറ്റിങ്ങിനുമായി കൂട്ടുകാരായ നസ്റുല്ല, അസ്‍ലം എന്നിവർ സഹായ​ത്തിനെത്തി.

 അസ്‍ലം, നസ്റുല്ല, സഫ്‍വാൻ

ഖത്തറിൽ തങ്ങളുടെ താമസ സ്ഥലമായ റയ്യാനിൽതന്നെയായിരുന്നു ഷൂട്ടിങ് ലൊക്കേഷൻ. ഒറ്റ ഷൂട്ടിൽ ഒരേ ​ഫ്രെയിമിൽതന്നെ അവതരിപ്പിച്ചുവെന്ന പ്രത്യേകതയുമുണ്ട്. ഷൂട്ടിങ്ങും എഡിറ്റിങ്ങും മ്യൂസിക് മിക്സിങ്ങും ഉൾപ്പെടെ നാലു ദിവസംകൊണ്ട് എല്ലാ ജോലികളും പൂർത്തിയാക്കിയാണ് ഫലസ്തീൻ വിഷയം കത്തിനിൽക്കുന്നതിനിടയിൽതന്നെ ഇവർ തങ്ങളുടെ പാട്ടുപ്രതിഷേധം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്.

സമകാലിക വിഷയങ്ങളെയും രാഷ്ട്രീയത്തെയും എന്നും സൂക്ഷ്മമായി നിരീക്ഷിക്കുന്ന യുവാക്കൾ എന്ന നിലയിൽ തങ്ങളുടെ വികാരങ്ങളും പ്രതിഷേധങ്ങളും ലോകത്തോട് ഉറക്കെ വിളിച്ചുപറയാനുള്ള മാധ്യമയായി ഹിപ്ഹോപ് കൾചറിനെ ഉപയോഗപ്പെടുത്തുകയായിരുന്നുവെന്ന് സഫ്‍വാൻ പറയുന്നു. കഴിഞ്ഞ ഏഴു പതിറ്റാണ്ടിലേറെ കാലമായി ഫലസ്തീൻ നേരിടുന്ന അധിനിവേശമുണ്ട്, സ്വന്തം ഭൂമിയും സ്വാതന്ത്ര്യവും ജീവിക്കാനുള്ള അവകാശവും നഷ്ടമാവുന്നതിനെതിരായ ചെറുത്തുനിൽപുണ്ട്, ഒപ്പം അധിനിവേശത്തിന് ന്യായങ്ങൾ നൽകുന്ന മാധ്യമങ്ങൾക്കും രാഷ്ട്രനേതാക്കൾക്കുമെതിരായ പ്ര​തിഷേധവും പുതുതലമുറയുടെ തിരിച്ചറിവും വരികളിലും ശബ്ദങ്ങളിലുമുണ്ട്.

Tags:    
News Summary - Tells the story of Palestinian resistance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.