ആലത്തൂർ: പത്താം ക്ലാസുകാരനായ മുഹമ്മദ് ഹുസൈന്റെ കണ്ടുപിടിത്തങ്ങൾ വിദ്യാലയത്തിനും നാടിനുഭിമാനമാകുന്നു. സ്മാർട്ട് കോളനി എന്ന പ്രോജക്റ്റാണ് ജില്ല ശാസ്ത്രോത്സവത്തിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടി സംസ്ഥാനതല മത്സരങ്ങളിലേക്ക് അംഗീകാരം ലഭിച്ചത്. എന്നാൽ, ഈ കുട്ടിയുടെ കണ്ടുപിടുത്തങ്ങൾ പഠനകാലത്തേത് മാത്രമായി ഒതുങ്ങുന്നില്ല.
വീട്ടിൽ കയറിൽ ഉണക്കാനിട്ടിരിക്കുന്ന തുണികൾ മഴ വന്നാൽ കയർ വഴി താനെ വീടിനകത്തെത്തും. പൂട്ടിയിട്ട വീട്ടിൽ ആരെങ്കിലും കയറിയാൽ അലാറം വീട്ടിലും ഉടമയുടെ ഫോണിലും വരും. സോളാർ പാനലിൽ സൂര്യന്റെ ദിശയനുസരിച്ച് വ്യതിയാനം താനെ വരുന്നതിനാൽ അധിക വൈദ്യുതി ഉൽപാദിപ്പിക്കാനാകും. വൈദ്യുതി വാഹനങ്ങൾ ചാർജ് ചെയ്യാൻ പ്രത്യേക ശ്രദ്ധയോ കേബിളോ വേണ്ടതില്ല. വിളക്കുകൾ രാത്രി പ്രകാശിക്കുകയും രാവിലെ താനെ കെടുകയും ചെയ്യുന്നു.
വാഹനങ്ങളിലെ വിളക്കുകൾ പ്രകാശം കൂട്ടലും കുറക്കലും ഡ്രൈവർ അറിയാതെ താനെ ചെയ്യുന്നു. മദ്യപിച്ചവർ വാഹനം ഓടിക്കുന്നത് തടയാൻ വാഹനം സ്റ്റാർട്ടാകില്ല. വാഹനത്തിന് തീപിടിത്തമുണ്ടായാൽ ഡോർ താനെ തുറക്കുന്നു. വീട്ടുമുറ്റം, ഷോപ്പിങ് മാൾ, കല്യാണമണ്ഡപം, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലെ നടപ്പാതകളിൽനിന്ന് ഇന്റർലോക്ക് ടൈലുകളിലൂടെ ആളുകൾ നടന്നുപോകുമ്പോൾ വൈദ്യുതി ഉൽപാദിപ്പിക്കുക തുടങ്ങിയവയെല്ലാം ഈ കൊച്ചു മിടുക്കന്റെ കണ്ടുപിടുത്തങ്ങളിൽപ്പെടുന്നു.
കഴിഞ്ഞ വർഷം ഉപജില്ല ശാസ്ത്രോത്സവത്തിൽ അവതരിപ്പിച്ച ഇനത്തിന് അംഗീകാരം ലഭിക്കാതെ പോയതോടെയാണ് മുഹമ്മദ് ഹുസൈന്റെ കാഴ്ചപ്പാടുകൾക്ക് മാറ്റം വന്നത്. പുതിയ ഇനങ്ങൾ ഈ വർഷം അവതരിപ്പിച്ചപ്പോൾ ഉപജില്ലയിലും ജില്ലയിലും മികച്ചതായി തെരഞ്ഞെടുക്കപ്പെട്ടു. അടുത്ത ഊഴം അടുത്ത മാസം നടക്കുന്ന സംസ്ഥാന തലത്തിലാണ്. ആലത്തൂർ എ.എസ്.എം.എം.എച്ച്.എസ്.എസിലെ വിദ്യാർഥിയായ മുഹമ്മദ് ഹുസൈൻ ആലത്തൂർ ടൗൺ മെയിൻ റോഡ് സ്വവാബ് നഗറിൽ സെയ്ത് മുഹമ്മദ്-റംലത്ത് ദമ്പതികളുടെ മകനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.