ജുബൈൽ: കാർട്ടൂണുകളും കുസൃതികളുമായി കളിച്ച് നടക്കേണ്ട പ്രായത്തിൽ അഞ്ചുവയസ്സുകാരൻ അമർനാഥ് അറിവുകൾ ഹൃദിസ്ഥമാക്കുന്ന തിരക്കിലാണ്. ലോകരാജ്യങ്ങളുടെ പതാകകളും ലോകപ്രശസ്ത വാഹന നിർമാണ കമ്പനികളുടെ ലോഗോകളും നിമിഷങ്ങൾക്കുള്ളിൽ തിരിച്ചറിഞ്ഞ് ഓർമശക്തിയിൽ വിസ്മയിപ്പിക്കുകയാണ് ഈ കുഞ്ഞ് മലയാളി പ്രതിഭ.
രണ്ടു മിനിറ്റ് കൊണ്ട് 220 രാജ്യങ്ങളുടെ ദേശീയ പതാകകളും ഏഴു മിനിറ്റ് കൊണ്ട് 450 വാഹനങ്ങളുടെ ലോഗോകളും തിരിച്ചറിഞ്ഞ് റെക്കോഡിട്ടിരിക്കുകയാണ് സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ മൂന്നാം ക്ലാസ് വിദ്യാർഥിയായ അമർനാഥ് വിമൽ.
കമ്പ്യൂട്ടർ സ്ക്രീനിൽ മിന്നിമറയുന്ന ചിത്രങ്ങൾ കണ്ട് അപ്പപ്പോൾ അത് ഏതാണെന്നും എന്താണെന്നും അവൻ പറയും. കമ്പ്യൂട്ടർ സ്ക്രീനിന് മുന്നിൽ കസേരയിലിരുന്നുള്ള അമർനാഥിന്റെ ചടുലമായ പേര് വായന ആരെയും അത്ഭുതപ്പെടുത്തും. ഏതൊരു ചിത്രവും കാണുന്ന മാത്രയിൽ ഈ പ്രതിഭയുടെ മനസ്സിൽ മായാതെ നിൽക്കും.
ചിത്രങ്ങളെ കുറിച്ച് കൂടുതൽ അറിയാനും പഠിക്കാനും മാതാപിതാക്കൾ സഹായിക്കാറുണ്ട്. ചിത്രങ്ങളിലെ ചെറിയ വ്യത്യാസങ്ങൾ പോലും തിരിച്ചറിയാനുള്ള അമർനാഥിന്റെ കഴിവ് ആരിലും കൗതുകമുണർത്തുന്നതാണ്. ഏത് സമയത്തും, മനസ്സിൽ സൂക്ഷിക്കുന്ന ചിത്രങ്ങളുടെ പേര് പറയാൻ അമർനാഥിന് സെക്കൻഡുകൾ പോലും വേണ്ട.
ജുബൈലിൽ വർഷങ്ങളായി പ്രവാസികളായ കണ്ണൂർ ആന്തൂർ സ്വദേശി ആർക്യത്തു വീട്ടിൽ വിമലിന്റെയും പാലക്കാട് കടമ്പഴിപ്പുറം സ്വദേശി കൃഷ്ണകൃപ വീട്ടിൽ അരുണയുടെയും മകനാണ് അമർനാഥ് വിമൽ.
അഞ്ച് വയസ്സും എട്ടു മാസവുമാണ് ഈ കൊച്ചു മിടുക്കന്റെ പ്രായം. വളരെ ചെറുപ്പത്തിലേ വിവിധ അടയാളങ്ങളെ പഠിക്കാനും ഓർത്തുവെക്കാനുമുള്ള സവിശേഷ കഴിവ് മാതാപിതാക്കൾ ശ്രദ്ധിച്ചിരുന്നു. ജുബൈൽ ഡ്യൂൺസ് ഇൻറർനാഷനൽ സ്കൂളിൽ കെ.ജി. മൂന്നാംതരം വിദ്യാർഥിയാണ് അമർനാഥ്.
ചിത്രരചനയിലും താൽപര്യമുള്ള അമർനാഥ് പഠനത്തിലും മികച്ച നിലവാരം പുലർത്തുന്നു. സഹപാഠികളിൽനിന്നും അധ്യാപകരിൽനിന്നും നിർലോഭമായ പ്രോത്സാഹനമാണ് അമർനാഥിന് ലഭിക്കുന്നത്. ജുബൈലിൽ ഗോൾഡൻ വിങ് ട്രേഡിങ് കമ്പനിയിൽ ഫിനാൻസ് മാനേജരാണ് പിതാവ് വിമൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.