ഗുരുവായൂരിൽ കല്യാണങ്ങൾ 350; ഒരേ സമയം വിവാഹങ്ങൾ നടക്കുക ആറു മണ്ഡപങ്ങളിൽ

ഗുരുവായൂർ: സെപ്റ്റംബർ എട്ടിന് ഗുരുവായൂരിൽ നടക്കുന്ന വിവാഹങ്ങളുടെ എണ്ണം 350 കവിയും. ഇതുവരെ 350 എണ്ണത്തിന് ശീട്ടാക്കിയിട്ടുണ്ട്. വിവാഹ ദിവസം രാവിലെ വരെ ശീട്ടാക്കാൻ കഴിയും.

തിരക്ക് പരിഗണിച്ച് പുലർച്ച നാലിന് വിവാഹങ്ങൾ ആരംഭിക്കാൻ ദേവസ്വം തീരുമാനിച്ചു. സാധാരണ അഞ്ചിനാണ് തുടങ്ങാറുള്ളത്.

ആറു മണ്ഡപങ്ങളിൽ ഒരേ സമയം വിവാഹങ്ങൾ നടക്കും. കല്യാണസംഘങ്ങൾ മേൽപത്തൂർ ഓഡിറ്റോറിയത്തിന് തെക്കു ഭാഗത്തെ പന്തലിലെത്തി പേര് നൽകണം. പേരെഴുതിയ സംഘങ്ങളെ മേൽപത്തൂർ ഓഡിറ്റോറിയത്തിൽ പ്രവേശിപ്പിക്കും. വിവാഹച്ചടങ്ങിനുശേഷം തെക്കേ നട വഴി പോകണം. കിഴക്കേ നടയിൽനിന്ന് ഫോട്ടോയെടുക്കാൻ അനുമതിയില്ല.

ദീപസ്തംഭത്തിനു സമീപം നിന്ന് തൊഴുന്നവർ കിഴക്കു ഭാഗത്തുനിന്ന് വരിയായി വരണം. ദർശനത്തിനുള്ള വരി തീർഥക്കുളത്തിന്റെ ഭാഗത്തുനിന്ന് ക്യൂ കോംപ്ലക്സിലേക്ക് പ്രവേശിക്കണം. ഗുരുവായൂർ ക്ഷേത്രചരിത്രത്തിൽ ആദ്യമായാണ് ഒരു ദിവസം 350ലേറെ വിവാഹങ്ങൾ നടക്കുന്നത്. 2017 ആഗസ്റ്റ് 27ന് നടന്ന 277 വിവാഹങ്ങളാണ് നിലവിലെ റെക്കോഡ്.

Tags:    
News Summary - 350 weddings in Guruvayur Temple

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.