ദോഹ: അർബൻ പ്ലാനർ എന്ന നിലയിൽ സ്പെഷലിസ്റ്റായ അലിസൺ ടൈലർ ഒമ്പതു വർഷം മുമ്പാണ് ഖത്തർ ലോകകപ്പ് സംഘാടനത്തിന്റെ ഭാഗമായി മാറുന്നത്. സുപ്രീം കമ്മിറ്റിയുടെ ലാൻഡ് ആൻഡ് പ്ലാനിങ് മാനേജറായി ഖത്തറിന്റെ സ്വപ്നങ്ങൾക്കൊപ്പം ചേരുമ്പോൾ ഇവർക്ക് സഞ്ചരിക്കാനുള്ള ദൂരം ഏറെയായിരുന്നു. ലോകകപ്പിന്റെ ഏറ്റവും മനോഹരമായ സംഘാടനത്തിന്റെ ആസൂത്രണം, നിർമാണം, ഇവന്റ് സംഘാടനം ഉൾപ്പെടെയുള്ളവയുടെ പ്ലാനിങ് അങ്ങനെ നീളുന്ന ദൗത്യം.
എല്ലാ വെല്ലുവിളികളെയും പുഞ്ചിരിയോടെ ഏറ്റെടുത്ത്, ഏറ്റവും മനോഹരമായൊരു ലോകകപ്പിന് സമാപനം കുറിച്ചപ്പോൾ തന്റെ കരിയറിലെ അവിശ്വസനീയവും അതിശയിപ്പിക്കുന്നതുമായ നേട്ടമായിരുന്നെന്ന് 40കാരിയായ അലിസൺ ടൈലർ ഓർക്കുന്നു. ലോകകപ്പ് തയാറെടുപ്പുകളെ പിന്തുണക്കുന്ന നിരവധി പ്രവർത്തനങ്ങൾക്കാണ് ഇവർ മേൽനോട്ടം വഹിച്ചത്.
ഖത്തർ 2022ന് കൂടെയുള്ള തന്റെ യാത്രയെക്കുറിച്ച അമേരിക്കക്കാരിയായ അലിസൺ ടൈലർ സുപ്രീം കമ്മിറ്റിക്ക് നൽകിയ അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങൾ ചുവടെ.
2016 മാർച്ചിലാണ് സുപ്രീം കമ്മിറ്റിയിൽ ചേരുന്നത്. ഒന്നിലധികം ചുമതലകളാണ് വഹിച്ചിരുന്നത്. സ്റ്റേഡിയങ്ങൾക്കുള്ള ബിൽഡിങ് പെർമിറ്റ് മാനേജ്മെന്റായിരുന്നു ആദ്യ ചുമതല. പിന്നീട് സ്റ്റേഡിയം രൂപകൽപന അവലോകനങ്ങളിലേക്കും അവയുടെ മാസ്റ്റർപ്ലാൻ വിശകലനങ്ങളിലേക്കും ചുമതല മാറി.
ടൂർണമെന്റിനായുള്ള ഭൂമി കണ്ടെത്തുന്നതിലാണ് പ്രവർത്തിച്ചത്. വിവിധ പ്രോജക്ട് ടീമുകളെ അവരുടെ പദ്ധതികൾക്കനുയോജ്യമായ സൈറ്റുകൾ തിരിച്ചറിയുന്നതിനും ഭൂവുടമസ്ഥരായ സ്ഥാപനങ്ങളുമായി താൽക്കാലിക ടൂർണമെന്റ് അലോക്കേഷൻ ഉറപ്പാക്കുന്നതിലും പങ്കുവഹിക്കാൻ സാധിച്ചു. സ്റ്റേഡിയങ്ങൾ, പരിശീലന സ്ഥലങ്ങൾ, ഫാൻ ഏരിയകൾ, ട്രാൻസ്പോർട്ട് ഹബുകൾ, ബ്രോഡ്കാസ്റ്റിങ് സൈറ്റുകൾ തുടങ്ങി ഔദ്യോഗിക, അനൗദ്യോഗിക സൈറ്റുകൾ ഇതിൽ പെടും.
ആവേശകരമായ മെഗാ പ്രോജക്ടായിരുന്നു ഇത്. ആഗോള തലത്തിലുള്ള ഒരു പദ്ധതിയിൽ പ്രവർത്തിക്കുകയും അതിന്റെ ഭാഗമാകുകയും ചെയ്യുന്നത് ജീവിതത്തിൽ ഒരിക്കൽ മാത്രം ലഭിക്കുന്ന അവസരമായിരുന്നു. ഇതിന്റെ ഭാഗമാകുന്നതിന് മുമ്പ് രണ്ട് വർഷമായി ഖത്തറിൽ ജോലി ചെയ്തിരുന്നു.
ഇതുപോലൊരു അവസരം വന്നാൽ ആരാണ് യെസ് പറയാതിരിക്കുക. രാജ്യത്തിന്റെ വികസനത്തിന് സംഭാവന നൽകാനുള്ള അവസരം കൂടിയായിരുന്നു ഇത്.
ഈ അത്ഭുതകരമായ പ്രോജക്ട് ഞങ്ങൾ വിജയകരമായി അവതരിപ്പിച്ചു എന്നത് തന്നെയാണ് ഇതിലെ എന്റെ അഭിമാനകരമായ നേട്ടം. ഒമ്പത് വർഷക്കാലമായി അതിന്റെ ഭാഗമായതിനാൽ എങ്ങനെയായിരിക്കുമെന്ന് നല്ല ഉത്ക്കണ്ഠയുണ്ടായിരുന്നു. ലക്ഷ്യം കൈവരിക്കുന്നതിൽ, പ്രഫഷനലെന്ന നിലയിൽ എനിക്ക് മാത്രമല്ല, സഹപ്രവർത്തകർക്കും ഇതൊരു വലിയ നേട്ടമായിരുന്നു.
ലോകകപ്പിന്റെ ഭാഗമായ പദ്ധതികളിൽ ഉൾപ്പെട്ടത് തന്നെ അഭിമാനകരമായ നേട്ടമാണ്. നിരവധി ഉന്നത വ്യക്തിത്വങ്ങളെ അടുത്ത് പരിചയപ്പെടാൻ സാധിച്ചത് മറ്റൊരു നേട്ടം.
ജീവിതത്തിൽ ഒരുപാട് അനുഭവങ്ങളും ഇക്കാലയളവിൽ ഉണ്ടായി. തുടക്കം മുതൽ പദ്ധതികളുടെ ഭാഗമാകാൻ സാധിച്ചത് വലിയ ഭാഗ്യമായി കരുതുന്നു. സ്റ്റേഡിയങ്ങളെല്ലാം യാഥാർഥ്യമാകുന്നത് കാണുമ്പോൾ, ആളുകൾ തങ്ങളുടെ നല്ല സമയം ആസ്വദിക്കുന്നത് കാണുമ്പോൾ അഭിമാനവും ആശ്ചര്യവും തോന്നുന്നു.
പിതാവുൾപ്പെടെയുള്ളവർ അമേരിക്കയിൽനിന്ന് ഇവിടെ എത്തിയതു തന്നെയാണ് വലിയ ഓർമ. അവർ ഒരിക്കലും മിഡിലീസ്റ്റോ ഖത്തറോ സന്ദർശിക്കാത്തവരായിരുന്നു. അവർ സ്റ്റേഡിയങ്ങളിലും മെട്രോകളിലും സഞ്ചരിക്കുമ്പോൾ അഭിമാനം തോന്നിയിരുന്നു. രാജ്യം എത്ര മനോഹരവും വൃത്തിയുള്ളതുമാണെന്നും ആളുകൾ എത്ര സൗഹാർദത്തിലാണെന്നും അവർ അത്ഭുതത്തോടെ നോക്കിക്കണ്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.