അണിയിഞ്ഞൊരുങ്ങാന്‍ മനംകവരുന്ന ആഭരണ വൈവിധ്യങ്ങള്‍ വിപണിയില്‍ എത്തി കൊണ്ടിരിക്കുമ്പോഴും പരമ്പരാഗത ആഭരണങ്ങളോട് അല്‍പം ഇഷ്ടക്കൂടുതലുണ്ടോ? പല കാര്യങ്ങളിലും പഴമയിലേക്ക് തിരിച്ചു പോകാന്‍ ആഗ്രഹിക്കുന്ന യുവതലമുറക്ക് പ്രിയം പരമ്പരാഗത ഡിസൈനുകളിലുള്ള ആഭരണങ്ങളോടാണ്. ടെമ്പിള്‍ ജ്വല്ലറി വൈവിധ്യങ്ങളിലേക്കാണ് ന്യൂജെന്‍ പിള്ളാരുടെ കണ്ണ്.
മാങ്ങാ മാല
ഗണേശ ബാലി മാലയും, നാഗപട മാലും അഷ്ടലക്ഷ്മി വളയുമെല്ലാം വീണ്ടും വിപണിയിലെത്തിച്ചത് സ്വര്‍ണാഭരണ ശാലകളാണ്. റോഡിന്‍റെ ഒത്തകാഴ്ചയില്‍ കൂറ്റന്‍ ഫ്ലക്സിലിരിക്കുന്ന മോഡല്‍ ലക്ഷ്മി മാലയും ദശാവതാരം വളയും കാപ്പും ചങ്കിലിയും ധരിച്ച് കൊതിപ്പിച്ചപ്പോള്‍ ഫാന്‍സി ആഭരണ നിര്‍മ്മാതാക്കള്‍ പരസ്യമില്ലാതെ അത്തരം ഉല്‍പന്നങ്ങള്‍ വിപണിയിലിറക്കി വിജയം കൊയ്തു.
തിളക്കമുള്ള കല്ലുകളും, അണ്‍കട്ട് സ്റ്റോണുകളും തിളക്കം പോകാത്ത മെറ്റലില്‍ സ്വര്‍ണാഭരണത്തെ വെല്ലുന്ന ചേലോടെ ടെമ്പിള്‍ ജ്വല്ലറി വിപണി പിടിച്ചു. കേരളസാരിക്കും ഡിസൈനര്‍ സാരിക്കും പട്ടുസാരിക്കും ലാച്ചക്കുമെല്ലാമൊപ്പം അണിയാന്‍ ടെബിള്‍ ജ്വല്ലറിയും ട്രെന്‍ഡായി കഴിഞ്ഞു.
ടെബിള്‍ ജ്വല്ലറികളുടെ വൈവിധ്യമാര്‍ന്ന ഡിസൈനുകള്‍ ഗണേശ ബാലി മാല, ലക്ഷിമാല, പാശി മലര്‍, ലക്ഷ്മി മാല, തോട, മാങ്ങാമാല, പാലക്കാ മാല, കുഴിമിന്നി, കുഴല്‍മോതിരം, പുലി നഖമാല, മുക്കോലക്കല്ല്, മുല്ല മാല, കാശുമാല, കരിമണി മാല, ചാരുലത മാല, മഹിമാ മാല, ജിമുക്കി കമ്മല്‍, മാകന്ത കമ്മല്‍ എന്നിങ്ങനെ പോകുന്നു. ലക്ഷ്മി വള, ഗണേശ ബാലി, നിര മാങ്ങ, മുല്ലമൊട്ട്, കരിമണി എന്നിങ്ങനെ പരമ്പരാഗത ഡിസൈനുകളില്‍ വളകളും വിപണിയിലുണ്ട്. കമ്മല്‍ 300 രൂപ മുതലും മാലകള്‍ 700 രൂപ മുതലുമാണ് വില. വളകളുടെ വില 500 രൂപ മുതലാണ്.
വളകളില്‍ കാപ്പ്, അഷ്ടലക്ഷ്മി, അഷ്ടഗണപതി, ദശാവതാരം ഇവക്കെല്ലാം നവതലമുറയിലും ആവശ്യക്കാരുണ്ട്. പൗരാണിക ചാരുതയുള്ള പാലക്കാ ആഭരണങ്ങള്‍ക്കും യൂത്തിനിടയില്‍ ഡിമാന്‍ഡ് ഉണ്ട്. പാലക്കാ കമ്മലും മാലയും മോതിരവും തൊട്ട് വളകള്‍ വരെ വിപണിയിലെത്തിയിട്ടുണ്ട്. പച്ച, ചുവപ്പ്, കറുപ്പ് നിറങ്ങളില്‍ പാലക്ക ഡിസൈന്‍ ഉണ്ട്. എങ്കിലും പരമ്പരാഗതമായ പച്ച പാലക്ക തന്നെയാണ് മുന്നില്‍. ടെബിള്‍ ജ്വല്ലറിയില്‍ സ്റ്റോള്‍ വര്‍ക്കുകളുള്ള ആഭരണങ്ങളാണ് പുതുതലമുറക്കാര്‍ക്ക് പ്രിയം. ഗണേശബാലി, മണിമാല എന്നിങ്ങനെയുള്ള മാല ഡിസൈനുകളില്‍ മുത്തുകളും ഉപയോഗിക്കുന്നുണ്ട്.
പൂത്താലി
ജുമുക്കിയാണ് ഇതില്‍ ഏറ്റവും ട്രെന്‍ഡിയായത്. ഡിസൈനര്‍ കമ്മലുകളെ വെല്ലുവിളിച്ചു കൊണ്ട് ജുമുക്കി താരമായിരിക്കയാണ്. തട്ടു ജുമുക്കികളും കിലുങ്ങുന്ന മുത്തുകളുള്ളതും സ്റ്റോണ്‍ പതിച്ചവയും എന്നിങ്ങനെ വൈവിധ്യമാര്‍ന്ന തരത്തിലുള്ളവ പെണ്‍കൊടികളുടെ മനം മയക്കുന്നവ തന്നെ. പാര്‍ട്ടികള്‍ക്കും മറ്റും ടെമ്പിള്‍ ജ്വല്ലറിയില്‍ നിന്നുള്ള വലിയ ജിമുക്കയണിഞ്ഞ് ട്രഡീഷണല്‍ ലുക്കില്‍ എത്താനും പെണ്‍കുട്ടികള്‍ക്ക് ശ്രമിക്കാറുണ്ട്.
സ്വര്‍ണത്തിലും വൈവിധ്യമാര്‍ന്ന ടെബിള്‍ ജ്വല്ലറി ശേഖരം എത്തുന്നുണ്ട്. ഹിന്ദു വിവാഹങ്ങളില്‍ ചന്ദ്രഹാരവും പാലക്കാമാലയും പൂത്താലിയും ഇളക്കത്താലിയും ലക്ഷ്മിയും നാഗപടവും അവല്‍മാലയും മുല്ലമൊട്ടും മാങ്ങാ മാലയുമെല്ലാം തിരികെ എത്തിയിട്ടുണ്ട്. അരപ്പട്ട, തോള്‍വള, മോതിരം, ചങ്കിലി എന്നിവയിലും പൗരാണിക ഡിസൈനുകള്‍ എത്തി തുടങ്ങി. പുതിയ മോഡല്‍ ചങ്കിലി കൈവളയില്‍ നിന്നും ഒരൊറ്റ ചെയിന്‍ മാത്രം നടുവിരലിലെ മോതിരവുമായി ഘടിപ്പിക്കുന്നവയാണ്.
അരപ്പട്ടയിലും അഷ്ടലക്ഷ്മിയും നാഗപടവുമെല്ലാം വരുന്നുണ്ട്. പരമ്പരാഗത ഒഢ്യാണത്തിനും ആവശ്യക്കാരുണ്ട്. ചുട്ടി, മാട്ടി ഇവയെല്ലാം ടെമ്പിള്‍ ജ്വല്ലറി ശേഖരത്തില്‍ നിന്നു തെരഞ്ഞെടുക്കാനാണ് കൂടുതല്‍ പേര്‍ ഇഷ്ടപ്പെടുന്നത്. ഭരതനാട്യം, മോഹിനിയാട്ടം പോലുള്ള ക്ഷേത്രകലകള്‍ക്ക് അണിയുന്ന ആഭരണങ്ങളുടെ ശൈലിയാണ് ടെമ്പിള്‍ ജ്വല്ലറിക്ക്. പഴമയെ പുതുമയുമായി സമന്വയിച്ച് അണിയാന്‍ കൊതിപ്പിക്കുന്ന ഡിസൈനുകളിലാണ് ടെബിള്‍ ജ്വല്ലറി വീണ്ടും വിപണി കൈയ്യടക്കിയിരിക്കുന്നത്.
തയാറാക്കിയത്: ദീപ്തി വി.ആർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.