സമൂഹ മാധ്യമങ്ങളിൽ പുത്തൻ ‘വൈബു’മായി ഗൾഫ് മലയാളികളുടെ മനം കവരുകയാണ് ഷാർജയിൽ നിന്നുള്ള മൂന്നംഗ മലയാളി സഹോദരങ്ങൾ. വിദ്യാർഥികളായ മുഹമ്മദ് മനാസ് മാലിക്, മുഹമ്മദ് മാസിൻ മാലിക്, മറിയം മിൻസ മാലിക് എന്നിവരാണ് കിടിലൻ പ്രമോഷൻ വിഡിയോകളിലൂടെ സോഷ്യൽ മീഡിയയിൽ തരംഗം തീർക്കുന്നത്. പ്രഫഷനൽ യുട്യൂബർമാരെ പോലും കടത്തിവെട്ടുന്ന ചടുലമായ ഇംഗ്ലീഷ് ഭാഷയിലെ അവതരണമാണ് ഇൻസ്റ്റഗ്രാമിൽ ഇവരെ ശ്രദ്ധേയമാക്കുന്നത്.
വിഡിയോയുടെ തുടക്കം മുതൽ അവസാനം വരെ ഉന്മേഷവും ഊർജവും നിലനിർത്താനുള്ള ഇവരുടെ കഴിവ് ഏവരേയും അദ്ഭുതപ്പെടുത്തും. കൂട്ടത്തിൽ മുതിർന്നവനായ മുഹമ്മദ് മനാസ് മാലിക് ഇതിനകം വൻകിട കമ്പനികളുടെ പ്രമോഷൻ വിഡിയോകൾ അവതരിപ്പിച്ചു കഴിഞ്ഞു. ചില പ്രമുഖ ഹൈപ്പർ മാർക്കറ്റ് കമ്പനികൾ പ്രമോഷൻ വിഡിയോകൾക്കായി 12കാരനായ മനാസിനെ സമീപിച്ചിരിക്കുകയാണ്.
എട്ടുവയസ്സുകാരനായ മുഹമ്മദ് മാസിൻ മാലികും അഞ്ചുവയസ്സുകാരിയായ ഇളയവൾ മറിയം മിൻസ മാലികും വിത്യസ്തവും കൗതുകകരവുമായ വിഡിയോകളുമായി പ്രേക്ഷരെ കൈയിലെടുത്തുകഴിഞ്ഞു. ഷാർജയിലെ ഗൾഫ് ഏഷ്യൻ ഇംഗ്ലീഷ് സ്കൂൾ വിദ്യാർഥികളാണ് മൂവരും. മാതാവ് റിയാന മാലികാണ് ചാനൽ നിയന്ത്രിക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ മാത്രമല്ല, സ്കൂൾ പഠനകാര്യത്തിലും കുട്ടികൾ മിടുക്കരാണ്.
തുടങ്ങിയത് ഉമ്മ, താരമായത് മക്കൾ
സ്വന്തം പാചക പരീക്ഷണങ്ങൾ പങ്കുവെക്കാനാണ് റിയാന മാലിക് 2019ൽ ഒരു യു ട്യൂബ് ചാനലിനെ കുറിച്ച് ആലോചിക്കുന്നത്. ഭർത്താവും ദുബൈ മീഡിയ ഇൻകോർപറേറ്റഡിൽ ഐ.ടി എൻജിനീയറുമായ അബ്ദുൽ മാലിക് തെരുവത്തുമായി വിഷയം പങ്കിട്ടതോടെ കട്ട സപ്പോർട്ടും കിട്ടി. അങ്ങനെ ഭർത്താവിന്‍റെയും മക്കളുടെയും പേരുകളിലെ ആദ്യാക്ഷരങ്ങൾ കൂട്ടിവെച്ച് ആർ4എം എന്ന ചാനലിന് തുടക്കമിട്ടു.
മികച്ച പ്രതികരണമാണ് ചാനലിന് ലഭിച്ചിരുന്നത്. ഇതിനിടയിലാണ് മക്കളുടെ ജീവിതത്തിലെ സുന്ദര നിമിഷങ്ങൾ പങ്കുവെക്കാനായി മൂന്നു മാസം മുമ്പ് ആർ4എം എന്ന ഇൻസ്റ്റാഗ്രാം പേജ് ആരംഭിക്കുന്നത്. കുഞ്ഞുമകൾ മറിയം മിൻസ മാലികിന്‍റെ ഒരു കുഞ്ഞു വിഡിയോ ആയിരുന്നു ആദ്യം പോസ്റ്റ് ചെയ്തത്.
കെ.ജി2 കുട്ടികളെ ആകർഷിക്കുന്ന അക്കങ്ങളുമായി ബന്ധപ്പെട്ടതും അൺബോക്സിങ് വിഡിയോകളുമായിരുന്നു ഇതിൽ ഏറെയും. ഇത് ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയതോടെ സഹോദരങ്ങൾ രണ്ടു പേരുടെയും വിഡിയോകളും അപ് ലോഡ് ചെയ്യാൻ തുടങ്ങി. ഇത് ശ്രദ്ധ നേടിയതോടെയാണ് യു ട്യൂബ് ചാനലിന് തുടക്കമിടുന്നത്. പിന്നീടാണ് ചാനലിന്‍റെ പേര് ‘സിബ്ലിങ് ഡെസ്റ്റിനി’ എന്നാക്കുന്നത്.
കാസർഗോഡ് ജില്ലയിലെ തെരുവത്ത് ഗ്രാമത്തിൽനിന്ന് 15 വർഷം മുമ്പാണ് അബ്ദുൽ മാലിക് ദുബൈയിലെത്തുന്നത്. മക്കൾ മൂവരും ജനിച്ചതും ദുബൈയിലാണ്. ഇപ്പോൾ കുടുംബം ഷാർജയിലാണ് താമസം. യു.എ.ഇയിലെ മികച്ച പശ്ചാത്തല സൗകര്യമാണ് കുട്ടികളിലെ കഴിവുകളെ സമ്പുഷ്ടമാക്കിയതെന്നാണ് മാലികിന്‍റെ സാക്ഷ്യപ്പെടുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.