മനസ്സിന് സന്തോഷമില്ലാതെ എന്തു ചെയ്താലും അതൊന്നും ഒട്ടും ശരിയായി വരില്ല അല്ലേ? ഇഷ്ടമുള്ള ജോലി ചെയ്യാൻ ഒരവസരം ലഭിച്ചാൽ നിങ്ങളെന്താവും തിരഞ്ഞെടുക്കുക? ഫുഡ് ടെക്നോളജി പഠിച്ച് ഫുഡ് ക്വാളിറ്റി കൺട്രോളറായി ജോലിയും ലഭിച്ച ശേഷം തനിക്കിഷ്ടമുള്ളത് ചെയ്ത് നല്ലൊരു വരുമാനം ഉണ്ടാക്കണം എന്ന മോഹത്താൽ ജോലി ഉപേക്ഷിച്ച്, ഇന്ന് വീട്ടിലിരുന്നു സന്തോഷത്തോടെ സമ്പാദിക്കുന്ന പൊന്നാനി സ്വദേശിനിയുണ്ട് ഇങ്ങ് അജ്മാനിൽ. പുവർ ഫുഡീ എന്ന ഇൻസ്റ്റഗ്രാം പേജിലൂടെ പാചകവും വിശേഷങ്ങളും വെക്കാറുള്ള ഹുസ്ന ഹസീബ്.
പാചകത്തിൽ ഉമ്മയാണ് ഹുസ്നയുടെ റോൾ മോഡൽ. ചെറുപ്പം മുതൽ ഉമ്മയുണ്ടാക്കുന്ന രുചികരമായ ഭക്ഷണം കഴിച്ചുവളർന്ന ഹുസ്നക്ക് പണ്ട് കുക്കിങ് ഏറ്റവും മടിയുള്ള കാര്യമായിരുന്നു. പിന്നെ പിന്നെ ഓരോ പരീക്ഷണങ്ങൾ വിജയിച്ചു തുടങ്ങിയതോടെ, പലതരം വിഭവങ്ങൾ ഉണ്ടാക്കിത്തുടങ്ങി. വിവാഹത്തിനുശേഷം യു.എ.ഇയിൽ എത്തിയതോടെ സ്വന്തമായി ഒരടുക്കളയും കിട്ടി. ഫുഡ് ടെക്നോളജി പഠിച്ച ഹുസ്ന ഫുഡ് ക്വാളിറ്റി കൺട്രോളർ ആയി അജ്മാനിൽ ജോലിയും നേടി. എന്നാൽ, ഓഫീസിൽ തന്നെയിരുന്നു മടുത്തു തുടങ്ങിയതോടെ തനിക്ക് പാറിപ്പറന്നു നടക്കണം എന്ന മോഹം കൊണ്ട് ആ ജോലി ഉപേക്ഷിച്ചാണ് ഇൻസ്റ്റഗ്രാം അക്കൗണ്ട് തുടങ്ങുന്നത്. അങ്ങനെ പാചക പരീക്ഷണങ്ങൾ ഓരോന്നായി പോസ്റ്റ് ചെയ്തു തുടങ്ങി. അല്ലറചില്ലറ ക്രാഫ്റ്റ് വർക്കുകളും പെയിൻറിങും ചിത്രം വരെയും ഒക്കെയും കൈയിലുണ്ട്. മനോഹരമായി വരച്ച ചിത്രങ്ങൾക്ക് നല്ല പ്രോത്സാഹനങ്ങളും ലഭിക്കാറുണ്ട്. താൻ വരച്ച കാലിഗ്രഫി ആർട്ടുകൾ വിൽകാറുമുണ്ട് ഹുസ്ന. ഭർത്താവ് ഹസീബ് തന്നെയാണ് തന്റെ ഏറ്റവും വലിയ സപ്പോർട്ട് എന്ന് ഹുസ്ന പറയുന്നു.
ചിക്കൻ മുസാഖാൻ മുതൽ കാലിഗ്രാഫി വരെ
ഇംഗ്ലീഷ് ഭക്ഷണങ്ങളും, അറബിക് ഫുഡുകളും, കേക്കുകളും, പേസ്ട്രികളും ഒക്കെയാണ് ഹുസ്ന ഉണ്ടാക്കുന്ന ഭക്ഷണങ്ങളിലധികവും. അതുകൊണ്ടുതന്നെ എല്ലാ നാട്ടുകാരായ ആരാധകരും ഹുസ്നക്കുണ്ട്. എന്നാൽ കേരളീയ തനിമയുള്ള ഭക്ഷണങ്ങളും പരീക്ഷണ ലിസ്റ്റിലുണ്ട്. ഫലസ്തീനികളുടെ ഇഷ്ടഭക്ഷണമായ ചിക്കൻ മുസാഖാൻ ഉണ്ടാക്കി ഹുസ്ന ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. അന്ന് ആ വീഡിയോക്ക് താഴെ നിരവധി ഫലസ്തീൻ സ്വദേശികളുടെ കമന്റുകളും എത്തിയിരുന്നു. ഞങ്ങൾ ഉണ്ടാക്കുന്ന അതേ ശൈലിയിൽ ഒരു മാറ്റവും ഇല്ലാതെയാണ് പ്രിയപ്പെട്ട ഭക്ഷണം ഉണ്ടാക്കുന്നത് എന്ന കമന്റുകൾ തന്റെ മനസ്സ് നിറച്ചുവെന്ന് ഹുസ്ന പറയുന്നു.
ഫോളോവേഴ്സും റീച്ചും ഒക്കെ പതിയെ പതിയെ കൂടി വരുമ്പോൾ വീണ്ടും വീഡിയോ ചെയ്യാനുള്ള ഉന്മേഷവും കൂടി. ഇന്ന് ലക്ഷക്കണക്കിനാളുകൾ ഹുസ്നയുടെ പാചക വീഡിയോകൾ കാണാറുണ്ട്. ഭക്ഷണം ഉണ്ടാക്കുന്നത് മാത്രമല്ല പോസ്റ്റ് ചെയ്യാറുള്ളത്. നന്നായി കാലിഗ്രാഫിയും ചെയ്യും. ചിത്രം വരെയും പെയിൻറിങും ഇടക്ക് അല്ലറചില്ലറ പാട്ടും ഒക്കെയായി ആരാധകരെ മുഷിപ്പിക്കാതെ വീഡിയോയിൽ എത്തും. ജോലി ഒഴിവാക്കിയതിൽ പലരും പരിഭവവും പ്രകടിപ്പിച്ചിരുന്നു. ഇന്ന് അതെല്ലാം വീട്ടിലിരുന്ന് തനിക്ക് ഇഷ്ടപ്പെട്ട പാചകവും, പെയിൻറിങും ഒക്കെ കൊണ്ട് മറികടന്നു ഹുസ്ന. ഓഫീസ് മുറിയിലെ നാലുചുവരുകൾക്കുള്ളിൽ തളച്ചിടാതെ തനിക്ക് ഇഷ്ടപ്പെട്ട രീതിയിൽ ജീവിതം മുന്നോട്ട് പോകുന്നു എന്ന് ഹുസ്ന പറയുന്നു. ഓരോ നേട്ടത്തിനും മുന്നിലും അഭിമാനത്തോടെ നിൽക്കുന്ന മാതാപിതാക്കളുടെ മുഖത്ത് വിരിയുന്ന പുഞ്ചിരിയും അവരുടെ സന്തോഷവുമാണ് മുന്നോട്ടുപോകാൻ ഹുസ്നക്കുള്ള പ്രചോദനം.
അത്യാവശ്യം ക്രാഫ്റ്റ് വർക്കുകളും കൈയിലുള്ളത് കൊണ്ട് തന്നെ കേക്കുകൾ മനോഹരമായി ഡിസൈൻ ചെയ്യാനും ഹുസ്നക്കറിയാം. ഇപ്പോൾ അടുത്ത കുടുംബക്കാർക്കും ഫ്രണ്ട്സ് സർക്കിളിനിടയിൽ മാത്രമാണ് ഇവ കൊടുക്കാറുള്ളത്. ഭാവിയിൽ തനിക്ക് കേക്കുകളും പേസ്ട്രികളും ഒക്കെ വിൽക്കുന്ന ഒരു ഷോപ് തുടങ്ങണം എന്ന മോഹവുമുണ്ട്. വൈകാതെ അതും നേടിയെടുക്കും എന്നും ഹുസ്ന പറയുന്നു. നമുക്ക് സന്തോഷം തരുന്നതെന്തോ, മനസ്സ് എപ്പോഴും പോസിറ്റീവായി വെക്കുന്നതെന്തോ ആ ജോലിയാണ് ജീവിതത്തിൽ നമ്മൾ തിരഞ്ഞെടുക്കേണ്ടത് എന്ന് ഓർമ്മപെടുത്തുകയാണ് ഹുസ്ന.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.