പൊന്നാനി: 2017ലെ ഒരുസായാഹ്നത്തിൽ ജീവിതത്തിലെ വലിയൊരു സ്വപ്നം പൂവണിഞ്ഞ സന്തോഷവുമായാണ് ഏഴുകുടിക്കൽ ലത്തീഫ് കടലിൽനിന്ന് വീട്ടിലെത്തിയത്. മാസങ്ങളായി തന്നെ അലട്ടിയിരുന്ന വലിയൊരു പ്രയാസത്തിന്റെ കുരുക്കഴിഞ്ഞ ആശ്വാസമായിരുന്നു മത്സ്യത്തൊഴിലാളിയായ ആ പിതാവിന്റെ മുഖത്ത്.
സർക്കാറിന്റെ പ്രത്യേക ഉത്തരവിലൂടെ മകൾക്ക് എം.ബി.ബി.എസ് പഠനത്തിന് അർഹത നേടാനായതിന്റെ ആഹ്ലാദമായിരുന്നു അത്. അഞ്ച് വർഷങ്ങൾക്കിപ്പുറം മകളുടെ പേരിന് മുന്നിൽ ഡോക്ടർ എന്ന് എഴുതിച്ചേർക്കുമ്പോൾ സന്തോഷത്തോടൊപ്പം മുൻ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉൾപ്പെടെയുള്ളവരെ നന്ദിയോടെ സ്മരിക്കുകയാണ് ഈ പിതാവ്. 2017 ലെ എൻട്രൻസ് കടമ്പ കടന്ന സുൽഫത്തിന് എം.ബി.ബി.എസിന് ലഭിച്ചത് സ്വാശ്രയ കോളജിലെ സർക്കാർ സീറ്റായിരുന്നു.
അഞ്ച് വർഷത്തേക്ക് സർക്കാർ നിശ്ചയിക്കുന്ന ഫീസടക്കണമെന്നത് നിർധന മത്സ്യത്തൊഴിലാളി കുടുംബത്തിന് ചിന്തിക്കാൻപോലും കഴിയാത്തതായിരുന്നു. മകളുടെ കഠിനപ്രയത്നവും ആഗ്രഹവും പാതിവഴിയിൽ നിലക്കുമോയെന്ന വേവലാതിയോടെ സ്പീക്കർ പി. ശ്രീരാമകൃഷ്ണന് മുന്നിലെത്തിയതോടെ വഴിതെളിഞ്ഞു.
ഒ.ബി.സി മത്സ്യത്തൊഴിലാളികളുടെ കുട്ടികൾക്ക് ഫീസിളവ് ഇല്ലെന്ന കടമ്പ മറികടക്കാൻ സ്പീക്കർ ഇടപെട്ടു. മുഖ്യമന്ത്രിയുമായും ആരോഗ്യ, ഫിഷറീസ് മന്ത്രിമാരുമായുള്ള അദ്ദേഹത്തിന്റെ ചർച്ചയിലൂടെ വന്നത് നിർണായക തീരുമാനമായിരുന്നു. മത്സ്യത്തൊഴിലാളിയുടെ മക്കൾക്ക് സ്വാശ്രയ കോളജിലെ സർക്കാർ ഫീസ് ഫിഷറീസ് വകുപ്പ് അടക്കാൻ കഴിയുമോയെന്ന് വകുപ്പ് സെക്രട്ടറിമാരോട് ആലോചിക്കാൻ മന്ത്രിമാർ നിർദേശിച്ചു.
അങ്ങനെ പട്ടികജാതി-വർഗ കുട്ടികൾക്ക് അതത് വകുപ്പുകൾ നൽകുന്ന പഠനാനുകൂല്യം മത്സ്യത്തൊഴിലാളി കുട്ടികൾക്ക് ഫിഷറീസ് വകുപ്പ് വഴി ലഭ്യമാക്കാമെന്ന് വിവിധ തലത്തിലെ ചർച്ചക്കൊടുവിൽ തീരുമാനമായി. രണ്ടുദിവസംകൊണ്ട് സർക്കാർ ഉത്തരവിറങ്ങി.
ഫീസ് ഫിഷറീസ് വകുപ്പിൽനിന്ന് അഡ്മിഷൻ ലഭിച്ച കൊല്ലം ട്രാവൻകൂർ മെഡിക്കൽ കോളജ് അക്കൗണ്ടിലേക്ക് എത്തിയതോടെ സുൽഫത്ത് എം.ബി.ബി.എസ് വിദ്യാർഥിനിയായി. അഞ്ച് വർഷത്തെ പഠനം പൂർത്തീകരിച്ച സുൽഫത്ത് ഇപ്പോഴിതാ ഡോക്ടറായി. ആറുമാസത്തെ ഹൗസ് സർജൻസികൂടി കഴിയുന്നതോടെ എം.ബി.ബി.എസ് പഠനം പൂർത്തിയാകും. തുടർന്ന് പി.ജി ചെയ്യാനാണ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.