ജസ്റ്റിൻ ട്രൂഡോ രാജിവെച്ച ഒഴിവിൽ കാനഡ പ്രധാനമന്ത്രി പദത്തിലേക്ക് പരിഗണിക്കപ്പെടുന്ന അഞ്ചു പേരിൽ ഒരാളാണ് ഇന്ത്യൻ വംശജയായ അനിത ആനന്ദ്. ജസ്റ്റിൻ ട്രൂഡോയുടെ പിൻഗാമിയാകുമെന്ന് പ്രതീക്ഷിക്കുന്ന അനിത ആരാണെന്ന് തിരച്ചിൽ ഇന്റർനെറ്റിലും സമൂഹമാധ്യമങ്ങളിലും വ്യാപകമാണ്.
തമിഴ്നാട് സ്വദേശിയും 57കാരിയുമായ അനിത നിലവിൽ ഗതാഗതം, ആഭ്യന്തര വ്യാപാര വകുപ്പുകളുടെ മന്ത്രിയാണ്. പാർലമെന്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ ഹിന്ദു വനിതയും കാബിനറ്റ് മന്ത്രിയായ ആദ്യ ഹിന്ദുവുമാണ് അവർ. കനേഡിയൻ പ്രവിശ്യയായ നോവ സ്കോട്ടിയയിലെ കെന്റ് വില്ലയിൽ ജനിച്ച അനിത 2019ലാണ് രാഷ്ട്രീയത്തിൽ പ്രവേശിച്ചത്.
ഓക്വില്ലെയിൽ നിന്ന് ആദ്യമായി പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2019 മുതൽ 2021 വരെ പൊതുസേവന, സംഭരണ മന്ത്രിയായി സേവനമനുഷ്ഠിച്ച അനിത ട്രഷറി ബോർഡിന്റെ പ്രസിഡന്റായും പ്രതിരോധമന്ത്രിയുടെ ചുമതലയും വഹിച്ചിരുന്നു. കോവിഡ് കാലത്ത് കാനഡയിൽ വാക്സിൻ എത്തിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചത് അനിതയായിരുന്നു. സൈന്യത്തിലെ പ്രശ്നങ്ങൾ പരിഹരിക്കുകയും യുദ്ധത്തിൽ യുക്രെയ്നുള്ള പിന്തുണ ഉറപ്പാക്കുകയും ചെയ്തു.
ക്വീൻസ് സർവകലാശാലയിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ ബി.എ, ഓക്സ്ഫഡ് സർവകലാശാലയിൽ നിന്ന് നിയമബിരുദം, ഡൽഹൗസി സർവകലാശാലയിൽ നിന്ന് നിയമബിരുദം, ടൊറന്റോ സർവകലാശാലയിൽ നിന്ന് നിയമത്തിൽ മാസ്റ്റേഴ്സ് എന്നിവ നേടിയ അനിത ടൊറന്റോ സർവകലാശാലയിലെ നിയമ പഠന വകുപ്പിൽ പ്രഫസറായിരുന്നു. ഗാന്ധിയന്മാരായ അനിതയുടെ മാതാവ് സരോജ് ഡി. റാമും പിതാവ് എസ്.വി. ആനന്ദും ഡോക്ടർമാരാണ്. ഗീതയും സോണിയയുമാണ് സഹോദരങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.