ജോലി തുടരാം, വരുമാനവും ​നേടാം

60 കഴിഞ്ഞാൽ പെൻഷൻ തുക മാത്രം ഏക വരുമാനമായി കണക്കാക്കുന്നവരാണ് അധികവും. ഇത്രയും വർഷം ​ജോലി ചെയ്ത് വിരമിച്ചവർ ഇനി വീണ്ടും ജോലി ചെയ്ത് സമ്പാദിക്കണോ? എന്നാകും ചോദ്യം. എന്നാൽ, മനസ്സിനും ശരീരത്തിനും ആരോഗ്യം നിലനിർത്താൻ ​എന്തെങ്കിലും ക്രിയാത്മകമായി ചെയ്യണമെന്നാണ് വിദഗ്ധർ പറയുന്നത്.

വിരമിക്കലിനുശേഷം, ചെയ്തിരുന്ന ജോലി കരാർ അടിസ്ഥാനത്തിൽ ചെയ്യുന്നവരെയാണ് ഇക്കാര്യത്തിൽ മാതൃകയാക്കേണ്ടത്. മാത്രമല്ല, നിങ്ങൾക്ക് പ്രാവീണ്യമുള്ള മേഖലയായതുകൊണ്ടുതന്നെ ഫ്രീലാൻസായും, ചെയ്തിരുന്ന ​ജോലി തുടരാം. ഫോട്ടോഗ്രഫി, കോപ്പിറൈറ്റർ, കണ്ടന്റ് ഡെവലപ്പർ, സോഷ്യൽ മീഡിയ പ്രമോട്ടർ, കോഡിങ് തുടങ്ങിയ മേഖലകളിൽ ഫ്രീലാൻസിന് നിരവധി അവസരങ്ങളുമുണ്ട്. വീട്ടിലിരുന്നുതന്നെ ​ചെയ്യാവുന്ന ജോലികളും ഇക്കൂട്ടത്തിൽ ഉൾപ്പെടുത്താം.

മറ്റുള്ളവർ സ്വായത്തമാക്കാൻ ആഗ്രഹിക്കുന്ന ഒരു വൈദഗ്ധ്യം അല്ലെങ്കിൽ കരിയർ കെട്ടിപ്പടുത്തവരാണെങ്കിൽ ആ അറിവുകൾ മറ്റുള്ളവർക്ക് പകർന്നുനൽകാം. അധ്യാപകരാണെങ്കിൽ അറിയുന്ന വിഷയങ്ങളിൽ കുട്ടികൾക്ക് ക്ലാസുകളെടുക്കാം. പ്രവേശന പരീക്ഷക്കായി തയാറെടുപ്പിക്കാം. ഇന്റർനെറ്റ് അതിൽ നിരവധി അവസരങ്ങൾ തുറന്നുനൽകും.

ചെയ്തിരുന്ന ജോലികൾ തുടരാൻ ആഗ്രഹമില്ലാത്തവരാണെങ്കിൽ ഹോബികളെ തന്നെ വരുമാനമാർഗമാക്കി മാറ്റാം. കൃഷി അതിൽ പ്രധാനമാണ്. വീട്ടുമുറ്റത്തുതന്നെ വ്യത്യസ്ത കൃഷിരീതികൾ പരീക്ഷിക്കാം. അല്ലെങ്കിൽ വീട്ടിൽ തന്നെയിരുന്ന് എന്തെങ്കിലും കരകൗശല വസ്തുക്ക​ളോ മറ്റ് ഉൽപന്നങ്ങളോ നിർമിച്ച് വിൽപന നടത്താം.

വസ്ത്ര നിർമാണം -എംബ്രോയ്ഡറി, ആഭരണ നിർമാണം, അലങ്കാര വസ്തുക്കളുടെ നിർമാണം തുടങ്ങിയവക്കായി സ്വന്തമായി സമൂഹ മാധ്യമങ്ങളിൽ പേജുകളോ വെബ്സൈറ്റോ തുടങ്ങി വിൽപന നടത്താം. ഇവയൊന്നും വരുമാന മാർഗം മാത്രമല്ല, മനസ്സിനും ശരീരത്തിനും സന്തോഷവും ആരോഗ്യവും നൽകുന്നതും കൂടിയാണ്.

Tags:    
News Summary - You can continue to work and earn income

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.