‘ഞാൻ കൃത്യം വൈകീട്ട് നാലിന് എത്തും, നീ റെഡിയായി നിന്നോളൂ, േബ്ലാക്ക് കിട്ടിയാൽ നാലര കഴിയും, അതിൽ കൂടുതൽ വൈകില്ല, അപ്പോ ശരി, നീ ഫോൺ വെച്ചോ’. ഷാഹിദ് പതിവിലും സന്തോഷത്തിൽ മൂളിപ്പാട്ടൊക്കെ പാടി ഷർട്ട് ഇസ്തിരി ഇടുന്നത് കണ്ടുപിടിച്ചത് പെങ്ങൾടെ കുരിപ്പ് നാലര വയസുകാരൻ ഇച്ചു ആയിരുന്നു. അവൻ അത് വീടു മുഴുവൻ അറിയിക്കുകയും ചെയ്തു. ‘ഇച്ചാക്കു പാട്ടൊക്കെ പാടി സഫ്നാത്താനെ കാണാൻ പോകുവാണേ’. ഈ ചെറുക്കൻ നാണം കെടുത്തുമല്ലോ, എെൻറ കൈയിലുണ്ടായിരുന്ന ചോക്ലേറ്റ് വാങ്ങിത്തിന്നിട്ട് എനിക്കിട്ട് തന്നെ പാര വെക്കുന്ന ഇവൻ ഭാവിയിൽ ആരായിത്തീരും? വല്ല മന്ത്രിയോ, ജേർണലിസ്റ്റോ, സർക്കാർ ജോലിക്കാരനോ ഒന്നും ആകാതിരുന്നാൽ മതിയായിരുന്നു.
ഷാഹിദ് കുളി കഴിഞ്ഞിറങ്ങി സമയം നോക്കിയപ്പോ 3.20. വീട്ടിൽ നിന്ന് 50 കിലോമീറ്റർ ദൂരെയാണ് സഫ്ന പഠിക്കുന്ന മെഡിക്കൽ കോളജ്. ഇരു വീട്ടുകാരും ചേർന്ന് കല്യാണം ഉറപ്പിച്ചിട്ട് മാസം മൂന്നു പിന്നിടുന്നു. ലോക്ഡൗൺ നിബന്ധനകൾ കാരണം കല്യാണം നീട്ടി വെച്ചത് ഗുലുമാലായോ എന്ന് വീട്ടുകാർക്ക് വരെ സംശയം തോന്നിത്തുടങ്ങിയിട്ടുണ്ട്. നിക്കാഹ് ഒന്നും കഴിയാതെ ഇവര് രണ്ടും കറങ്ങിനടക്കുകയാണെന്ന് ആരേലും അറിഞ്ഞാൽ പിന്നെ പറയണ്ട പുകില്. രണ്ടു വീട്ടിലെയും അവസാന കല്യാണമായതിനാൽ ആരെയും ഒഴിവാക്കരുതെന്ന തീരുമാനത്തിൽ കണക്കുകൂട്ടിയപ്പോൾ കുറഞ്ഞത് ആയിരം പേരെങ്കിലും ഉണ്ട്. ഒഴിവാക്കാൻ എത്ര ശ്രമിച്ചിട്ടും ലിസ്റ്റിൽ എണ്ണം കൂടുന്നതല്ലാതെ കുറയുന്നേയില്ല.
എൻജിനീയറിങ് മാസ്റ്റർ ഡിഗ്രിയൊക്കെ കഴിഞ്ഞ ഷാഹിദിന് യു.എസിൽ പോകണമെന്നായിരുന്നു ആഗ്രഹം. ഒരു ഇൻറർവ്യൂ ഏതാണ്ട് റെഡിയായി വന്ന സമയത്താണ് ഉപ്പ സ്ട്രോക്ക് വന്ന് കിടപ്പിലായത്. ഫിസിയോതെറപ്പി ഉൾപ്പെടെ ഇടക്കിടക്ക് ആശുപത്രിയിൽ പോകാൻ എപ്പോഴും ബന്ധുക്കളിൽ ആരെയെങ്കിലും ആശ്രയിക്കേണ്ട അവസ്ഥ വന്നതോടെ ഷാഹിദ് തന്നെയാണ് നാട്ടിൽ തന്നെ ജോലി മതിയെന്ന് തീരുമാനിച്ചത്. പ്രൈമറി ക്ലാസ് വരെ ഷാഹിദിെൻറ ഫേവറിറ്റ് ഉപ്പ ആയിരുന്നു. ഏതു മക്കളുടെയും ആദ്യ സൂപ്പർ ഹീറോ ഉപ്പ തന്നെ ആയിരിക്കും. സാധാരണ പെൺമക്കൾക്കായിരിക്കും ഉപ്പയുമായി അടുപ്പം കൂടുതൽ. ഷാഹിദിനേക്കാൾ കഷ്ടി ഒന്നര വയസ് കുറവുള്ള പെങ്ങൾ പതിയെ പതിയെ ഉപ്പയുടെ ‘ഓമന’ ആയി മാറിയതൊന്നും ഷാഹിദിന് നൊമ്പരമുണ്ടാക്കാതിരുന്നത് എന്തു കാര്യത്തിനും അവന് ഉമ്മച്ചിയുടെ സപ്പോർട്ട് കിട്ടുമെന്ന ഉറപ്പുള്ളതിനാലായിരുന്നു.
എല്ലാ വിഷയങ്ങൾക്കും പെങ്ങൾ ഉയർന്ന മാർക്ക് വാങ്ങുേമ്പാൾ പഠനത്തിൽ അത്യധികം മടിയനായിരുന്ന ഷാഹിദ് ആവറേജ് മാർക്ക് മാത്രം വാങ്ങി ഓരോ ക്ലാസുകളും മറികടന്നു കൊണ്ടിരുന്നു. പെങ്ങളാകട്ടെ ഓരോ വർഷവും സ്കൂൾ ആനിവേഴ്സറികളിൽ റാങ്കും മെഡലും നേടി ഉപ്പയുടെ സ്നേഹ ഭാജനമായി കൂടുതൽ കൂടുതൽ മാറിക്കൊണ്ടിരുന്നപ്പോൾ, തന്നെ എപ്പോഴും വഴക്കു പറയുകയും കുറ്റപ്പെടുത്തുകയും െചയ്യുന്ന ഒരാൾ മാത്രമായി ഉപ്പ മാറുകയായിരുന്നു ഷാഹിദിനു മുമ്പിൽ. ഹൈസ്കൂൾ കാലഘട്ടം ആയപ്പോഴേക്ക് അവൻ പോലുമറിയാതെ അവൻ ഉപ്പയിൽ നിന്ന് മാനസികമായി ഏറെ അകന്നിരുന്നു.
ഒരുകാലത്ത് തൻെറ സൂപ്പർ ഹീറോ ആയിരുന്ന ഉപ്പ തന്നിൽ നിന്ന് അകന്നു നിൽക്കാൻ ആഗ്രഹിക്കുന്നതുപോലെയൊക്കെ അവനു തോന്നിത്തുടങ്ങിയത് ഒൻപതാം ക്ലാസിലൊക്കെ ആയപ്പോഴായിരുന്നു. ദൂരെ ജില്ലയിൽ ട്രാൻസ്ഫർ കിട്ടി ഉപ്പ പോകാൻ നേരത്ത് കണ്ണീർതുടച്ചു നിന്നിരുന്ന ഉമ്മച്ചിയോട് ഉപ്പ പറഞ്ഞത് ‘ നിനക്ക് കൂട്ട് ഒരാൺകുട്ടി വീട്ടിലില്ലേ, പിന്നെന്താ പേടിക്കാൻ’. ഷാഹിദ് എന്ന ആ ആൺകുട്ടി വളർന്നു വലുതാകും തോറും ആരോടും മിണ്ടാത്ത ഉൾവലിഞ്ഞ പ്രകൃതക്കാരനായി മാറിയത് എന്തുകൊണ്ടായിരുന്നു എന്ന് അവൻ തന്നെ അവനോട് ഒരുപാട് തവണ ചോദിച്ചുകൊണ്ടേയിരുന്നു. ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങൾ, എത്ര എറിഞ്ഞാലും വീഴാത്ത ചില മാങ്ങകൾ, എത്ര പറഞ്ഞാലും മനസിലാകാത്ത ചില കാര്യങ്ങൾ.... അങ്ങനെയങ്ങനെ അവനും വളർന്നുകൊണ്ടേയിരുന്നു, ഉപ്പയേക്കാളും പൊക്കവും തടിയുമുളള ആളായി മാറിയ ഷാഹിദ് ആദ്യമായി ഒറ്റപ്പെട്ടത് വീട്ടിലുള്ള കാലമത്രയും വഴക്കു പിടിച്ചു കൂടെയുണ്ടായിരുന്ന ഏകപെങ്ങളുടെ കല്യാണത്തോടെയായിരുന്നു.
അവളിനി വല്ലപ്പോഴും മാത്രം വന്നുകയറിപോകുന്ന വെറുമൊരു വിരുന്നുകാരി മാത്രമാണെന്ന് കെട്ടിച്ചുവിട്ട് വീട്ടിൽ നിന്ന് ഇറങ്ങിപ്പോയ രാത്രിയിലല്ല അവനു മനസിലായത്. ദിവസങ്ങൾ പിന്നിട്ട ശേഷം രാത്രി ചോറു തിന്നാൻ നേരത്ത് ‘വാൽക്കഷ്ണം’ മീൻ കിട്ടാൻ വേണ്ടി ഇനി വഴക്കുണ്ടാക്കാനൊന്നും അവളില്ലെന്നു മനസ്സിലാക്കിയപ്പോൾ.. വീട്ടിൽ ആരെങ്കിലും വരുമ്പോൾ കൊണ്ടുവരുന്ന പലഹാരമൊക്കെ കടിപിടി കൂടി ഒറ്റക്ക് തിന്നാൻ ഒരു രസവുമില്ലെന്ന് തിരിച്ചറിഞ്ഞപ്പോൾ... ചില യാഥാർഥ്യങ്ങൾക്കു മുമ്പിൽ വെറുതെ പകച്ചുനോക്കിയിരിക്കേണ്ടി വന്നപ്പോൾ അവൻ ആ ഏകാന്തതയെ തിരിച്ചറിഞ്ഞു. ഉപ്പയുടെ സ്വപ്നങ്ങളൊന്നും സഫലമാക്കാൻ പ്രയത്നിക്കുക പോലും ചെയ്യാതെ മുതിർന്നു വരുന്തോറും കൂടുതൽ കൂടുതൽ അകന്നകന്നു പോകുന്ന ഒരാളായി താൻ മാറുന്നത് അവൻ അറിയുന്നുണ്ടായിരുന്നു. വെളിച്ചം കയറാത്ത മുറിയിൽ ഒറ്റക്കിരുന്ന് മടുപ്പിെൻറ കഥ എഴുതിക്കൊണ്ടിരിക്കവേ വെള്ളം കുടിക്കാൻ ദാഹിച്ചിട്ടും എഴുന്നേറ്റ് പോകാതിരുന്നത് ഇരുട്ടിനെ ഭയങ്കര പേടിയുള്ളത് കൊണ്ടാണെന്ന് മാത്രം ഷാഹിദ് ഒരിക്കലും സമ്മതിച്ചുതന്നിട്ടില്ല.
‘ടാ, മോനേ, നീയീ കഡാവർ എന്ന് കേട്ടിട്ടുണ്ടോ’ ‘അതെന്ത് കുന്തമാടീ പെണ്ണേ’ കല്യാണം ഫിക്സ് ചെയ്ത ശേഷമുള്ള രാത്രികാല ഫോൺ ‘കുറുകലുകൾ’ തകൃതിയായി നടക്കവേ ഏതോ ഒരു പാതിരാത്രി ഇരുട്ടിനെ കുറിച്ച് ചർച്ച ചെയ്യവേ സഫ്ന ഷാഹിദിനോട് ചോദിച്ച ചോദ്യത്തിന് അവന് ഉത്തരം കിട്ടിയില്ല പെട്ടന്ന്. ഡെഡ് ബോഡികളുമായി മൽപിടിത്തം നടത്തുന്ന ഒരു മെഡിക്കൽ സ്റ്റുഡൻറിനോട് ‘പ്രേതത്തെ പേടിയുണ്ടോ എന്ന് ചോദിക്കാൻ നാണമാകില്ലേ നിനക്ക്?’ സഫ്ന കളിയാക്കൽ നിർത്താൻ ഉദ്ദേശ്യമില്ലാത്ത പോലെ തോന്നിയപ്പോ റേഞ്ച് കിട്ടുന്നില്ല തിരിച്ചു വിളിക്കാം എന്ന് പറഞ്ഞ് ഫോൺ കട്ട് ചെയ്ത ഭീരു.
നിർത്താതെയുള്ള ഹോണടി ഓർമകളിൽ നിന്ന് വിടുതൽ പ്രാപിക്കാൻ ഷാഹിദിനെ നിർബന്ധിതനാക്കി. ഒരു വലിയ കണ്ടയ്നർ ലോറി റോഡിൽ വിലങ്ങനെ കിടപ്പുണ്ട്. സമീപത്തെ ഏതോ കടയിലേക്ക് തിരിച്ചുകയറ്റാനുള്ള ശ്രമത്തിലാണ് അതിെൻറ ഡ്രൈവർ. അക്ഷമരായ മറ്റു വാഹനങ്ങളിലുള്ളവർ ബഹളം കൂട്ടൽ തുടർന്നപ്പോഴാണ് സമയത്തെകുറിച്ച് ഷാഹിദ് ബോധവാനായത്. 4.40 pm. സഫ്നയോട് പറഞ്ഞ സമയവും അതിലപ്പുറവും പിന്നിട്ടിരിക്കുന്നു. അവെളന്താ എന്നിട്ട് തന്നെയൊന്ന് വിളിക്കാതിരുന്നതെന്ന ചിന്ത മനസിൽ വന്നപ്പോഴാണ് മൊബൈൽ ഫോൺ എന്ന വസ്തു വീട്ടിൽ നിന്നെടുക്കാൻ മറന്നിരിക്കുന്നു എന്ന ‘ഭീകര യാഥാർഥ്യ’ത്തെ കുറിച്ച് അവനു ബോധോദയം വന്നത്.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.