ഒരു ലോക്​ഡൗൺ ഡയറി

 പണ്ടെങ്ങോ അടച്ചുപൂട്ടി കട്ടിയുള്ള പേപ്പർവെച്ചൊട്ടിച്ച ജനലുകൾ പുറത്തേക്കുള്ള കാഴ്ചകൾ പൂർണമായും മറച്ചിരുന്നു. പകലിലും ഉറങ്ങുമ്പോൾ സൂര്യവെളിച്ചം ശല്യമാകാതിരിക്കാനുള്ള ഒരു ശ്രമമാണത്. പ​േക്ഷ, ഈ 'തടവറ'കാലത്ത് ഇത്തിരി സൂര്യപ്രകാശം ജനലും കടന്ന് റൂമിലെത്തിയെങ്കിലെന്ന് വെറുതെ കൊതിച്ചു. വേലയും കൂലിയുമില്ലാതെ മിക്ക പ്രവാസികളും അവധി ആസ്വദിച്ചു കൊണ്ടിരുന്നത് നാട്ടിൽ പോയിട്ടായിരിക്കും. അനാവശ്യ കർഫ്യൂ പ്രഖ്യാപിച്ച്‌ മാസങ്ങളോളം തടവറയിൽ കഴിഞ്ഞ കശ്മീരി ജനതയെയാണ് ഓർമവന്നത്. അത്ര വല്യ നിയന്ത്രണങ്ങളൊന്നുമില്ലാത്ത ഇൻറർനെറ്റ് സൗകര്യമുള്ള ഈ സാഹചര്യംപോലും വല്ലാതെ മടുപ്പുളവാക്കുന്നു.

സത്യത്തിൽ ഇന്നത്തെ ലോകത്ത് ഭക്ഷണവും വെള്ളവും കഴിഞ്ഞാൽപിന്നെ ഒരു മനുഷ്യൻ തേടുന്നത് ഇൻറർനെറ്റ് സൗകര്യമായിരിക്കുമോ എന്നുപോലും ഞാൻ സംശയിച്ചു പോയി. രാത്രിയും പകലും സമയം നോക്കി മാത്രം തിരിച്ചറിയുന്ന ഈ ദിവസങ്ങൾ ജീവിതത്തിലെ പുതിയ പാഠങ്ങളാണ്. ഉറക്കമെണീറ്റാൽ വീട്ടിലേക്കുള്ള ഫോൺ വിളിയുടെ ഒരു ചെറുബഹളം എല്ലാ റൂമിലെയും സ്ഥിരം കാഴ്ചയാണ്. വിഡിയോ കാൾ ചെയ്ത് ശബ്​ദമുയർത്തി മക്കളോടൊപ്പം കളിക്കുന്നവരും അടക്കിപ്പിടിച്ച്​ ഭാര്യയോട് കിന്നാരംചൊല്ലിക്കൊണ്ട് കട്ടിയുള്ള പുതപ്പിനുള്ളിലെ ചെറുചൂടിലേക്കും ചുരുണ്ടുകൂടുന്നവരും വിരഹത്തി​ൻെറ ഓർമപ്പെടുത്തലുകളാണ്. ലോക്​ഡൗൺ ഇളവി​ൻെറ അവസരം മുതലെടുത്ത് ദിവസങ്ങൾക്കുശേഷം പുറത്തിറങ്ങി. ചീറിപ്പാഞ്ഞുപോകുന്ന വണ്ടികളുടെ ബഹളങ്ങളൊക്കെ എവിടെയോ മറഞ്ഞുപോയതുപോലെ. അടഞ്ഞുകിടക്കുന്ന വ്യാപാരസ്ഥാപനങ്ങൾ ഈ ദിവസങ്ങളുടെ ശരിയായ രൂപം വരച്ചുകാട്ടുന്നുണ്ടായിരുന്നു. രണ്ടു റോഡുകളെയും വേർതിരിക്കുന്ന ഈന്തപ്പനമരങ്ങളും ചെറുചെടികളും നിറഞ്ഞ ഡിവൈഡറുകളിൽ പതിവുപോലെ പ്രാവുകൾ പറന്നിറങ്ങി നന്മമനസ്സുകൾ നൽകിയ ഗോതമ്പുമണികൾ ചികയുന്നുണ്ടായിരുന്നു. ഈ തടവറക്കാലത്തും അവക്കുള്ള ഗോതമ്പും വെള്ളവും പതിവ് തെറ്റിക്കാതെ നൽകുന്ന സുമനസ്സുകളോട് ആദരവ് തോന്നി. വീണ്ടും തിരിച്ച്​ റൂമിലേക്കുതന്നെ കയറുമ്പോഴാണ് ആ കാഴ്ച ശ്രദ്ധിച്ചത്. തൊട്ടടുത്ത കെട്ടിടത്തി​ൻെറ മറ്റൊരു തുറക്കാത്ത ജനലിനു പുറത്തായി ഒരു പ്രാവ് കൂടുകൂട്ടുന്നു.


വസന്തവും ഗ്രീഷ്​മവും മാറി മാറി വരും ഇതും നമ്മൾ അതിജീവിക്കുമെന്ന് ആ പ്രാവ് ചെവിയിൽ മന്ത്രിക്കുന്നതായി തോന്നി. മഹാമാരിക്കാലത്ത് ചിലപ്പോൾ മാത്രം നഗരവും ജനജീവിതവും സജീവമായി. എങ്കിലും അടുത്തറിയുന്നവർ പോലും ദൂരെനിന്നും ​ൈകയുയർത്തി കാണിച്ചു മാറിപ്പോകുന്ന പുതിയ ജീവിതരീതി നമ്മളറിയാതെ ജീവിതത്തി​ൻെറ ഭാഗമായി. ദിവസങ്ങൾ പിന്നെയും കൊഴിഞ്ഞുപോയി ഇന്നാണ് ആദ്യ രാത്രി. പ്രവാസത്തി​ൻെറ ഇടവേളകളിൽ നാട്ടിലേക്കുള്ള യാത്രയിൽ പ്രവാസികൾ ജീവിതത്തിൽ പലവട്ടം അനുഭവിക്കുന്ന ആദ്യ രാത്രിയല്ലിത്. പ്രിയതമയോടൊത്തുള്ള കൂടിച്ചേരലുകളുടെ, കണ്ണീരു കൊണ്ട് കഥകൾ പറയുന്ന ദീർഘ നിശ്വാസങ്ങളുടെ ആദ്യ രാത്രിയല്ലിത്. ദിവസങ്ങൾക്കുശേഷം രാത്രിയിൽ വീണ്ടും പുറത്തിറങ്ങാൻ അവസരം കിട്ടി. അതുകൊണ്ടുതന്നെ ആദ്യ രാത്രിപോലെ മധുരമാണിത്.

ഈന്തപ്പനയോലകൾക്കപ്പുറത്തുനിന്നും കണ്ണുചിമ്മി കളിക്കുന്ന നക്ഷത്രങ്ങളോട് ഒത്തിരി കഥകൾ പറയാൻ മനസ്സ് വെമ്പൽകൊള്ളുമ്പോഴും മരണത്തി​ൻെറ കറുത്ത മേഘം നമുക്കു മുകളിൽ കരിനിഴൽ പരത്തുന്നത് എന്നിലെ ഭീതി വർധിപ്പിച്ചു. ജോലിയും കഴിഞ്ഞു തിരികെ റൂമിലെത്തിയപ്പോൾ ​ൈകയിൽ കിട്ടിയ അന്നത്തെ പത്രത്തി​ൻെറ പേജിലേക്കൊന്ന് നോക്കി 'കൊറോണ ബാധിച്ച്​ മലയാളി യുവാവ് റിയാദിൽ മരിച്ചു'. തൊട്ടപ്പുറത്തെ റൂമിലെ ടെലിവിഷനിൽനിന്നും റഫീഖ് അഹമ്മദി​ൻെറ 'മരണമെത്തുന്ന നേരത്ത് നീയെ​ൻെറ അരികിൽ ഇത്തിരി നേരം ഇരിക്കണേ...' എന്ന വരികൾ ചെവിയിലേക്ക് തുളച്ചു കയറി. യാതൊരു മുൻപരിചയമില്ലാതിരുന്നിട്ടും ആ ചെറുപ്പക്കാര​ൻെറ ചിത്രം മനസ്സിലൊരു വിങ്ങലായി. അവസാനമായി വായിൽ ഒരു തുള്ളി വെള്ളമിറ്റിച്ചു കൊടുക്കാൻപോലും ആളില്ലാതെ മരണം നുണയുന്ന മനുഷ്യരുടെ മുഖങ്ങൾ വീണ്ടും വീണ്ടും എന്നെ വേട്ടയാടിക്കൊണ്ടിരുന്നു.

സി.കെ. അഹ്‌മദ്‌, തേറളായി
 റിയാദ്, 0571014964

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.