ബംഗളൂരു: ബി.പി.എൽ കുടുംബങ്ങൾക്ക് സൗജന്യ അരി നൽകുന്ന കർണാടക സർക്കാറിന്റെAnnabhagya' schemeക്ക് കേന്ദ്രസർക്കാർ ഉടക്കിട്ടതോടെ അരി നൽകാമെന്നുസമ്മതിച്ച് പഞ്ചാബ്. ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ (എഫ്.സി.ഐ) അരി നൽകാമെന്ന് സമ്മതിച്ചിരുന്നെങ്കിലും പിന്നീട് കഴിയില്ലെന്ന് അറിയിച്ചതോടെ കർണാടക പ്രതിസന്ധിയിലായിരുന്നു.
പാവപ്പെട്ടവർക്ക് അരി നൽകുന്ന പദ്ധതിക്ക് രാഷ്ട്രീയ കാരണങ്ങളാൽ കേന്ദ്രസർക്കാർ പാരവെച്ചുവെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. എന്നാൽ, അരി നൽകാമെന്ന് നേരത്തേതന്നെ കേന്ദ്രം സമ്മതിച്ചിട്ടില്ലെന്നാണ് ബി.ജെ.പിയുടെ മറുപടി. അരി നൽകാമെന്ന് സമ്മതിച്ചും പിന്നീട് കഴിയില്ലെന്നുപറഞ്ഞും എഫ്.സി.ഐ സംസ്ഥാന സർക്കാറിന് നൽകിയ കത്ത് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി സിദ്ധരാമയ്യ പുറത്തുവിട്ടതോടെ ബി.ജെ.പി വെട്ടിലായി.
തെലങ്കാനയിൽനിന്ന് അരി എത്തിക്കാനുള്ള നീക്കം സംസ്ഥാന സർക്കാർ നടത്തിയെങ്കിലും വിജയിച്ചിരുന്നില്ല. ഇതോടെയാണ് ആം ആദ്മി ഭരിക്കുന്ന പഞ്ചാബ് അരി നൽകാമെന്ന് വാഗ്ദാനം നൽകിയത്. കർണാടകക്ക് നൽകാനുള്ള മതിയായ അരിശേഖരം തങ്ങൾക്കുണ്ടെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗ്വന്ത് മാൻ തിങ്കളാഴ്ച സിദ്ധരാമയ്യയുമായി നടത്തിയ ചർച്ചയിൽ സമ്മതിച്ചതായി ആം ആദ്മി കർണാടക കൺവീനർ പൃഥ്വി റെഡ്ഡി അറിയിച്ചു.
ബി.പി.എൽ കാർഡുകളിലുള്ള ഓരോ ആൾക്കും 10 കിലോഗ്രാം വീതം സൗജന്യ അരി നൽകുന്ന ‘അന്നഭാഗ്യ’ പദ്ധതി കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു.
നിലവിൽ നൽകുന്ന അഞ്ച് കിലോഗ്രാം പത്ത് കിലോ ആക്കി വർധിപ്പിക്കുന്ന പദ്ധതി ജൂലൈ ഒന്നുമുതലാണ് ആരംഭിക്കുക.
ഇതിനായി മാസം 840 കോടി രൂപയാണ് ചെലവ് വരുക. വർഷം 10,092 കോടി രൂപയും. 2.28 ലക്ഷം ടൺ അരിയാണ് പദ്ധതി തുടങ്ങാനായി ആവശ്യമുള്ളത്. തെലങ്കാനയും ആന്ധ്രയും മതിയായ അരിശേഖരം തങ്ങൾക്കില്ലെന്ന് നേരത്തേ അറിയിച്ചിരുന്നു. അതേസമയം, ഛത്തിസ്ഗഢ് 1.5 ലക്ഷം ടൺ അരി നൽകും. കിലോക്ക് 34 രൂപയും കടത്തുകൂലിയായി 2.6 രൂപയും നൽകിയാണ് എഫ്.സി.ഐയിൽനിന്ന് അരി വാങ്ങാൻ കർണാടക ഉദ്ദേശിച്ചിരുന്നത്. അരി നൽകാത്ത കേന്ദ്ര സർക്കാറിനെതിരെ ചൊവ്വാഴ്ച കോൺഗ്രസ് സംസ്ഥാനത്തുടനീളം പ്രതിഷേധ യോഗങ്ങൾ നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.