ബംഗളൂരു: കർണാടകയിലെ വിവാദമായ മതപരിവർത്തന നിരോധന നിയമത്തിനെതിരെ (കർണാടക മത സ്വാതന്ത്ര്യ അവകാശ സംരക്ഷണ ബിൽ -2021) ക്രിസ്ത്യൻ സംഘടനകൾ നിയമനടപടി സ്വീകരിക്കുന്നു. ഏത് മതവും സ്വീകരിക്കാനുള്ള പൗരന്മാരുടെ മൗലികാവകാശത്തെ ഹനിക്കുന്നതാണ് നിയമമെന്നും സംസ്ഥാനത്തെ ക്രിസ്ത്യൻ സമുദായത്തിന് ആശങ്കയുണ്ടാക്കുന്നതാണിതെന്നും സമുദായ നേതാക്കൾ പറയുന്നു.
മതംമാറ്റ നിരോധന നിയമം കർണാടകയിലെ എല്ലാ ക്രിസ്ത്യൻ സമുദായാംഗങ്ങൾക്കും ആശങ്കയും ഭയവും ഉളവാക്കുന്നതാണെന്ന് ബാംഗ്ലൂർ ആർച്ച്ഡയോസിസ് പി.ആർ.ഒയും വക്താവുമായ ജെ.എ. കാന്ത്രാജ് പറഞ്ഞു. വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹിക സേവനം തുടങ്ങിയ മേഖലകളിൽ സമുദായം ചെയ്ത വിലമതിക്കാനാവാത്ത സേവനങ്ങൾ കണക്കിലെടുക്കാതെ അവരെ ചതിക്കുകയാണ് സർക്കാർ ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.
നിയമത്തിൽ പറയുന്ന വ്യവസ്ഥകൾ ക്രൂരവും വേദനജനകവുമാണ്. നിയമത്തിന്റെ സ്വഭാവം തന്നെ അത്തരത്തിലുള്ളതാണെന്നും വക്താവ് പറഞ്ഞു.
ബസവരാജ് ബൊമ്മൈ മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം സംസ്ഥാനത്ത് പടരുന്ന വർഗീയ അസഹിഷ്ണുതക്ക് പിൻബലം നൽകുന്നതാണ് പുതിയ നിയമമെന്നാണ് വ്യാപക ആരോപണം ഉയരുന്നത്.
ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളും നേരത്തേ സമാന നിയമം പാസാക്കിയിരുന്നു. നിയമത്തിനെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് കർണാടക മേഖല കാത്തലിക് ബിഷപ്സ് കൗൺസിൽ അധ്യക്ഷനും ബംഗളൂരു ആർച് ബിഷപ്പുമായ പീറ്റർ മച്ചാഡോ പറഞ്ഞു. ഇതിനായി മതേതര സംഘടനകളുമായും മറ്റും കൂടിയാലോചനകൾ നടത്തും. കർണാടകയിലെ എല്ലാ ബിഷപ്പുമാരും ക്രിസ്ത്യൻ നേതാക്കളും ഇക്കാര്യത്തിൽ ചർച്ചകൾ നടത്തുമെന്നും നിയമത്തിനെതിരെ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിയമത്തിനെതിരെ മുഖ്യപ്രതിപക്ഷ കക്ഷിയായ കോൺഗ്രസും രൂക്ഷമായി പ്രതികരിച്ചിട്ടുണ്ട്. തൊഴിലില്ലായ്മയും വിലക്കയറ്റവും കൊണ്ട് നാട് ദുരിതത്തിലാകുമ്പോൾ അത് മറക്കാനുള്ള ചെപ്പടി വിദ്യകളാണ് സർക്കാർ മതംമാറ്റനിരോധനിയമത്തിലൂടെ പ്രയോഗിക്കുന്നതെന്നാണ് കോൺഗ്രസിന്റെ ആരോപണം.
ഭരണഘടന പൗരന്മാർക്ക് നൽകുന്ന മൗലികാവകാശങ്ങൾ ഹനിക്കുന്നതാണ് നിയമമെന്നാണ് പ്രധാന വിമർശനമുയരുന്നത്. മതപരിവർത്തന നിരോധന ബില്ലിനെതിരെ യുനൈറ്റഡ് ക്രിസ്ത്യൻ ഫോറം കർണാടക ഹൈകോടതിയിൽ നേരത്തേ തന്നെ പൊതുതാൽപര്യ ഹരജി നൽകിയിരുന്നു. കഴിഞ്ഞ ഡിസംബർ 23നാണ് സംസ്ഥാനസർക്കാർ മതപരിവർത്തന നിരോധന ബിൽ കൊണ്ടുവന്നത്. ബിൽ ഇന്ത്യൻ ഭരണഘടനക്കും മതേതര തത്ത്വങ്ങൾക്കും എതിരാണെന്നാണ് ഹരജിയിൽ പറയുന്നത്. ബില്ലിലെ വ്യവസ്ഥകൾ ന്യൂനപക്ഷവിഭാഗങ്ങൾക്കെതിരെ വെറുപ്പ് പടർത്തുന്നതുമാണെന്നും ഹരജിയിൽ പറയുന്നുണ്ട്.
സെപ്റ്റംബർ 15ന് ചേർന്ന നിയമനിർമാണ കൗൺസിലാണ് നിയമം പാസാക്കിയത്.
ഉപരിസഭയായ നിയമനിർമാണ കൗൺസിലിലും നിയമം പാസായതോടെ ഗവർണർ ഒപ്പിടുകയും നിയമം പ്രാബല്യത്തിലാകുകയും ചെയ്യും. ഏഴ് മണിക്കൂർ നീണ്ട ചർച്ചക്കൊടുവിൽ മുഖ്യപ്രതിപക്ഷ കക്ഷിയായ കോൺഗ്രസിന്റെ പ്രതിഷേധത്തിനിടെയാണ് ശബ്ദവോട്ടോടെ ബിൽ പാസാക്കിയത്.
നിർബന്ധിത മതപരിവർത്തനത്തിന് 10 വർഷം വരെ തടവ് ഉൾപ്പെടെയുള്ള കടുത്ത ശിക്ഷ ഉറപ്പാക്കുന്നതാണ് നിയമം. തെറ്റിദ്ധരിപ്പിക്കൽ, നിർബന്ധിക്കൽ, ചതി, സ്വാധീനം, ബലപ്രയോഗം, വശീകരണം, വിവാഹം, പണമോ മറ്റു സാധനങ്ങളോ വാഗ്ദാനം ചെയ്യുക തുടങ്ങിയ മാർഗങ്ങളിലൂടെ ഒരാളെ ഒരു മതത്തിൽനിന്ന് മറ്റൊരു മതത്തിലേക്ക് മാറ്റുന്നത് കുറ്റകൃത്യമായി പരിഗണിക്കും. മതംമാറ്റത്തിന് വേണ്ടിയുള്ള വിവാഹങ്ങൾ അസാധുവാക്കുകയും കുറ്റകൃത്യമാക്കുകയും ചെയ്യും. മതം മാറാൻ ആഗ്രഹിക്കുന്നയാൾ രണ്ടു മാസം മുമ്പ് ജില്ല ഡെപ്യൂട്ടി കമീഷണർക്ക് (ഡി.സി) അപേക്ഷ നൽകണമെന്ന വ്യവസ്ഥയുമുണ്ട്. എസ്.സി, എസ്.ടി വിഭാഗത്തിൽ നിന്നോ പ്രായപൂർത്തിയാകാത്തവരെയോ സ്ത്രീകളെയോ മറ്റു മതങ്ങളിലേക്ക് മാറ്റാൻ ശ്രമിക്കുന്നവർക്ക് മൂന്നു വർഷം മുതൽ പത്തുവർഷം വരെ തടവും അരലക്ഷത്തിൽ കുറയാത്ത പിഴയുമാണ് ശിക്ഷ.
പൊതുവിഭാഗത്തിലുള്ളവരെ മതം മാറ്റിയാൽ മൂന്നു വർഷം മുതൽ അഞ്ചുവർഷം വരെ ജയിൽശിക്ഷയും 25,000 രൂപ പിഴയും ലഭിക്കും. കൂട്ട മതപരിവർത്തനത്തിന് മൂന്നു വർഷം മുതൽ പത്തുവർഷം വരെ ജയിൽശിക്ഷയും ഒരു ലക്ഷം രൂപ വരെ പിഴയും ലഭിക്കാമെന്നതാണ് വ്യവസ്ഥ. ചുരുക്കത്തിൽ, ഏത് തരത്തിലുള്ള മതം മാറ്റവും നിയമത്തിന്റെ പരിധിയിലാവുന്ന തരത്തിലുള്ളവയാണ് ഇതിലെ വ്യവസ്ഥകൾ. കഴിഞ്ഞ വർഷം ഡിസംബറിൽ കർണാടക നിയമസഭ ബിൽ പാസാക്കിയിരുന്നു. എന്നാൽ ഉപരിസഭയായ നിയമനിർമാണ കൗൺസിലിൽ ബി.ജെ.പിക്ക് ഭൂരിപക്ഷമില്ലാത്തതിനാൽ ബിൽ ഓർഡിനൻസായാണ് അവതരിപ്പിച്ചത്.
മതപരിവർത്തന നിരോധന നിയമം സാമൂഹിക വിഭജനത്തിനും സ്പർധക്കും വഴിവെക്കുമെന്നും ഓർഡിനൻസിൽ ഒപ്പിടരുതെന്നും ആവശ്യപ്പെട്ട് ബംഗളൂരു ആർച് ബിഷപ് ഡോ. പീറ്റർ മച്ചാഡോ ഗവർണർക്ക് നിവേദനം നൽകിയിരുന്നു. എന്നാൽ ഇതിന് തൊട്ടുപിറകെ ഗവർണർ ഓർഡിനൻസിന് അനുമതി നൽകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.