ബംഗളൂരു: ബൃഹദ് ബംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി) തെരഞ്ഞെടുപ്പ് ഡിസംബറില്‍ നടക്കുമെന്ന് ഗതാഗതമന്ത്രി രാമലിംഗ റെഡ്ഡി പറഞ്ഞു. വാര്‍ഡ് വിഭജനം പൂര്‍ത്തിയായശേഷം തെരഞ്ഞെടുപ്പിനുള്ള നടപടികള്‍ തുടങ്ങും. ഇതിനുമുന്നോടിയായി വോട്ടര്‍പട്ടികയുടെ പരിശോധന നടന്നുവരുകയാണെന്നും നഗരത്തില്‍ നിന്നുള്ള മുതിര്‍ന്ന നേതാവുകൂടിയായ അദ്ദേഹം പറഞ്ഞു.
അതേസമയം, ബി.ബി.എം.പി. വാര്‍ഡുകള്‍ വിഭജിച്ച് പുതിയ വാര്‍ഡുകള്‍ രൂപവത്കരിച്ചത് പരിശോധിക്കാനും പുനര്‍ നിര്‍ണയിക്കാനും നാലംഗ സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചു. ബി.ബി.എം.പി കമീഷണര്‍ തുഷാര്‍ ഗിരിനാഥാണ് സമിതിയുടെ അധ്യക്ഷന്‍. ബംഗളൂരു ഡെവല്മെന്റ് അതോറിറ്റി ( ബി.ഡി.എ.) കമീഷണര്‍, ബംഗളൂരു അര്‍ബന്‍ ഡെപ്യൂട്ടി കമീഷണര്‍, ബി.ബി.എം.പി. റവന്യൂവിഭാഗം അഡീഷനല്‍ കമീഷണര്‍ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍. മൂന്നുമാസത്തിനുള്ളില്‍ വാര്‍ഡ് വിഭജനം കുറ്റമറ്റതായി പൂര്‍ത്തീകരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയാണ് ചുമതല.
കഴിഞ്ഞവര്‍ഷം ജൂലൈയിലാണ് കോര്‍പറേഷനിലെ വാര്‍ഡുകളുടെ എണ്ണം 198ല്‍ നിന്ന് 243ആയി വര്‍ധിപ്പിച്ച് സര്‍ക്കാര്‍ കരടുവിജ്ഞാപനം പുറപ്പെടുവിച്ചത്. ഇതിനെതിരെ അന്ന് പ്രതിപക്ഷത്തായിരുന്ന കോണ്‍ഗ്രസ് വൻ പ്രതിഷേധമുയർത്തിയിരുന്നു. ബി.ജെ.പിക്ക് രാഷ്ട്രീയ നേട്ടമുണ്ടാകുന്ന തരത്തിലാണ് വാര്‍ഡുകള്‍ വിഭജിച്ചതെന്നും ജനസംഖ്യ അനുപാതം പരിഗണിച്ചില്ലെന്നുമായിരുന്നു പ്രധാന വിമര്‍ശനം. ചില കൗണ്‍സിലര്‍മാര്‍ വാര്‍ഡ് രൂപവത്കരണത്തിലെ അശാസ്ത്രീയത ചൂണ്ടിക്കാട്ടി ഹൈകോടതിയെ സമീപിച്ചു.
പുതുതായി രൂപവത്കരിച്ച സമിതിയുടെ പ്രവര്‍ത്തനങ്ങളില്‍ ഒരുതരത്തിലും ഇടപെടില്ലെന്ന് മന്ത്രി രാമലിംഗ റെഡ്ഡി പറഞ്ഞു. മുന്‍ ബി.ജെ.പി. സര്‍ക്കാര്‍ രാഷ്ട്രീയ നേട്ടം മാത്രം ലക്ഷ്യമിട്ടാണ് വാര്‍ഡ് വിഭജനം നടത്തിയത്. ജനസംഖ്യ മാനദണ്ഡമാക്കിയുള്ള ശാസ്ത്രീയ രീതിയാണ് പുതിയ വാര്‍ഡുകള്‍ രൂപവത്കരിക്കാന്‍ സ്വീകരിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, പുതുതായി രൂപവത്കരിക്കുന്ന വാര്‍ഡുകളുടെ എണ്ണത്തില്‍ പുതിയ സമിതി മാറ്റം വരുത്തില്ലെന്നാണ് വിവരം. വാര്‍ഡുകളുടെ അതിര്‍ത്തികള്‍ സംബന്ധിച്ചുള്ള പരിശോധനയാണ് പ്രധാനമായും സമിതിയുടെ പരിഗണനയിലുള്ളത്. പുതുതായി രൂപവത്കരിക്കുന്ന വാര്‍ഡുകളില്‍ നിന്ന് ചില സ്ഥലങ്ങള്‍ ഒഴിവാക്കുകയും കൂട്ടിച്ചേര്‍ക്കുകയും ചെയ്യും.
പൂര്‍ണമായും ജനസംഖ്യ അനുപാതമനുസരിച്ചായിരിക്കും വാര്‍ഡുകളുടെ വിഭജനമെന്ന് നഗരത്തിന്റെ ചുമതല കൂടിയുള്ള ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
12 ആഴ്ചക്കുള്ളില്‍ വാര്‍ഡ് വിഭജനം സംബന്ധിച്ച നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണമെന്ന് കഴിഞ്ഞദിവസമാണ് ഹൈകോടതി സര്‍ക്കാറിന് നിര്‍ദേശം നല്‍കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.