ബംഗളൂരു: രാജ്യത്തെ കർഷകസമരം സംബന്ധിച്ച ഡോക്യുമെന്ററിയായ ‘കിസാൻ സത്യഗ്രഹ’യുടെ പ്രദർശനത്തിന് ബംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ (ബിഫ്സ് 2024) കേന്ദ്രം അനുമതി നിഷേധിച്ചതിൽ പ്രതികരണവുമായി കന്നട സംവിധായകൻ കേസരി ഹാരാവൂ. കഴിഞ്ഞ രണ്ടു വർഷമായി ഞങ്ങളുടെ ശബ്ദം അവർ ചുരുക്കിക്കൊണ്ടേയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ചലച്ചിത്രമേളക്കിടെ വാർത്ത ഏജൻസിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സർക്കാർ കൊണ്ടുവന്ന മൂന്ന് കർഷക വിരുദ്ധ നിയമങ്ങൾക്കെതിരെ രാജ്യവ്യാപകമായി നടന്ന പ്രതിഷേധത്തിന്റെയും ഡൽഹി കേന്ദ്രീകരിച്ച് മാസങ്ങൾ നീണ്ട പ്രക്ഷോഭത്തിന്റെയും കഥ പറയുന്ന ഡോക്യുമെന്ററിക്ക് കേന്ദ്ര വാർത്താവിതരണ മന്ത്രാലയമാണ് പ്രദർശനാനുമതി തടഞ്ഞത്. സിനിമ പ്രദർശനത്തിന്റെ ഷെഡ്യൂൾ പുറത്തുവന്നപ്പോഴാണ് തന്റെ ഡോക്യുമെന്ററി തഴയപ്പെട്ടകാര്യം അറിയുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ബിഫ്സ് 2024ന്റെ കാറ്റലോഗ് തയാറാക്കുമ്പോൾ തന്റെ ഡോക്യുമെന്ററി അതിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ, ഷെഡ്യൂൾ പരിശോധിച്ചപ്പോൾ ഡോക്യുമെന്ററി കണ്ടെത്താനായില്ല. ഇതോടെ താൻ ഫെസ്റ്റിവൽ ആർട്ടിസ്റ്റിക് ഡയറക്ടർ എൻ. വിദ്യാശങ്കറിനെ വിളിച്ചു. കേന്ദ്ര അനുമതി ലഭിക്കാത്തതിനാൽ അവസാന നിമിഷം ഡോക്യുമെന്ററി ഷെഡ്യൂളിൽനിന്ന് മാറ്റേണ്ടിവന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഭരണകൂടത്തിനെതിരായ ഞങ്ങളുടെ ശബ്ദം ഓരോ ദിനം ചെല്ലുംതോറും പിന്നെയും പിന്നെയും ചുരുക്കപ്പെടുകയാണെന്ന് എനിക്ക് മനസ്സിലായി- അദ്ദേഹം പറഞ്ഞു.
ഒരു കാരണവും അറിയിക്കാതെയാണ് കേന്ദ്ര സർക്കാർ ഡോക്യുമെന്ററിയുടെ പ്രദർശനാനുമതി തടഞ്ഞതെന്ന് ഫെസ്റ്റിവൽ ഡയറക്ടർ കെ.വി. ത്രിലോക് ചന്ദ്ര ചൂണ്ടിക്കാട്ടി. ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കാൻ ഉദ്ദേശിക്കുന്ന എല്ലാ സിനിമകളും അനുമതിക്കായി ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന് അയക്കേണ്ടതുണ്ട്. 200 സിനിമകൾ ഞങ്ങൾ അയച്ചു. ആദ്യം ആറ് സിനിമകൾക്ക് അനുമതി നൽകിയില്ല. ഇവ വീണ്ടും അയച്ചു. ഇതിൽ കർഷകസമരം സംബന്ധിച്ച ഡോക്യുമെന്ററിയും യുക്രെയ്നിയൻ ചിത്രമായ ‘20 ഡെയ്സ് ഇൻ മരിയോപോൾ’ എന്ന സിനിമയും കേന്ദ്രം തടഞ്ഞതായി ത്രിലോക് ചന്ദ്ര പറഞ്ഞു.
ബംഗളൂരു: ഇന്ന് സംവിധായിക കവിത ലങ്കേഷിന്റെ ‘ദീവീരി’, ശ്രീലങ്കൻ സംവിധായകൻ അഷ്ഫാക് മുഹമ്മദിന്റെ ‘ഫേസ് കവർ’, ടുണീഷ്യൻ ചിത്രം ‘ഫോർ ഡോട്ടേഴ്സ്’, തുർക്കി ചിത്രം ‘ഡോർമിറ്ററി’, സ്പാനിഷ് ചിത്രം ‘ക്ലോസ് യുവർ ഐസ്’ തുടങ്ങിയവ പ്രദർശിപ്പിക്കും.
മൂന്നു മലയാള ചിത്രങ്ങളടക്കം ഒരു പിടി മികച്ച സിനിമകളുടെ പ്രദർശനങ്ങളാണ് ശനിയാഴ്ച നടന്നത്. നവാഗതനായ കെ.ആർ. ഉണ്ണി സംവിധാനം ചെയ്ത ‘ഒങ്കാറ’, ഫാസിൽ റസാക് സംവിധാനം ചെയ്ത ‘തടവ്’, ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത ‘ചാവേർ’ എന്നീ മലയാള സിനിമകൾക്കു പുറമെ, മൊറോക്കൻ സംവിധായകൻ ഫായിസി ബെൻസെയ്ദിയുടെ ‘ഡെസേർട്സ്’, മെക്സിക്കൻ ചിത്രം ‘ഹിറോയിക്’, ഇംഗ്ലീഷ് ചിത്രം ‘ദ ഓൾഡ് ഓക്’, മംഗോളിയൻ ചിത്രം ‘സിറ്റി ഓഫ് വിൻഡ്’, ഇറാനിയൻ ചിത്രം ‘എംപ്റ്റി നെറ്റ്സ്’ തുടങ്ങിയവയും പ്രദർശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.