ബംഗളൂരു: കർണാടക തെരഞ്ഞെടുപ്പിൽ ജയപരാജയങ്ങൾ നിർണയിക്കുന്നതിൽ ഏറെ പ്രധാനപ്പെട്ട ബംഗളൂരു നഗരമേഖലയിൽ മികച്ച പോളിങ്. ബംഗളൂരു അർബൻ ജില്ലയുടെ പരിധിയിലാണ് നഗരമേഖല മൊത്തം. ആകെ 28 നിയമസഭ മണ്ഡലങ്ങളാണുള്ളത്.
വോട്ടെടുപ്പ് ദിനമായ ബുധനാഴ്ച രാത്രി പത്തോടെയുള്ള കണക്കുപ്രകാരം ബൃഹദ് ബംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി) സെൻട്രലിൽ 55.05, നോർത്തിൽ 51.05, സൗത്തിൽ 52.47, റൂറലിൽ 83.76, അർബനിൽ 54.75 എന്നിങ്ങനെയാണ് പോളിങ് ശതമാനം. ജനകീയ പ്രശ്നങ്ങളിൽ പോസ്റ്റർ പ്രദർശനം, സിഗ്നേച്ചർ കാമ്പയിൻ തുടങ്ങിയ വ്യത്യസ്ത സമരങ്ങൾ നടത്താൻ ബംഗളൂരു നഗരവാസികൾ മിടുക്കരാണെങ്കിലും വോട്ടിങ്ങിന്റെ കാര്യത്തിൽ പിശുക്ക് കാണിക്കുന്നവരാണ്.
2018ൽ ബംഗളൂരുവിൽ 55 ശതമാനം മാത്രമായിരുന്നു പോളിങ്. 2013ൽ 58.2 ശതമാനവും 2008ൽ 47.25 ശതമാനവുമായിരുന്നു. ബി.ജെ.പി-15, കോൺഗ്രസ് 12, ജെ.ഡി.എസ്-ഒന്ന് എന്നിങ്ങനെയാണ് നഗരപരിധിയിലെ നിലവിലെ കക്ഷിനില. ബി.ജെ.പിക്കാണ് നഗരവോട്ടർമാരിൽ കൂടുതൽ സ്വാധീനമെങ്കിലും അഴിമതിയടക്കമുള്ള കാരണങ്ങളാൽ സർക്കാറിനെതിരായ ഭരണവിരുദ്ധവികാരം നഗരത്തിൽ പ്രകടമായിരുന്നു.
ഇത് വോട്ടാക്കാൻ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അവസാനദിനങ്ങളിൽ നഗരത്തിൽ പ്രചാരണപരിപാടികൾ നടത്തിയിരുന്നു. രണ്ടുദിവസങ്ങളിലായി പ്രധാനമന്ത്രി നരേന്ദ്രമോദി ബംഗളൂരുവിൽ ഭീമൻ റോഡ് ഷോകളാണ് നടത്തിയത്.
മഴ പെയ്താൽ വെള്ളം കയറുന്ന റോഡുകൾ, കുടിവെള്ളപ്രശ്നം, മാലിന്യം, ഗതാഗതക്കുരുക്ക്, അന്തരീക്ഷമലിനീകരണം, പൊട്ടിപ്പൊളിഞ്ഞ റോഡുകൾ, അവികസിത ചേരികൾ, മെട്രോ ട്രെയിൻ സേവനത്തിന്റെ അപര്യാപ്തത തുടങ്ങിയവയാണ് നഗരപരിധിയിലെ പ്രധാന ജനകീയ പ്രശ്നങ്ങൾ. വോട്ടുനില ഉയർത്താൻ നഗരവോട്ടർമാർക്കിടയിൽ ബി.ബി.എം.പിയും തെരഞ്ഞെടുപ്പ് കമീഷനും വ്യാപകമായ ബോധവത്കരണപരിപാടികൾ നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.