ബംഗളൂരു: എ.ഐ.കെ.എം.സി.സി ബംഗളൂരു സെന്‍ട്രല്‍ കമ്മിറ്റി-ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഹ്യുമാനിറ്റി പാലിയേറ്റിവ് കെയർ ഫണ്ട് സമാഹരണത്തിനുവേണ്ടി നടത്തുന്ന രണ്ടാമത് ബിരിയാണി ചലഞ്ച് ഞായറാഴ്ച ജയനഗര്‍ ഈദ് ഗാഹ് മൈതാനിയിൽ നടക്കും.
കാൽ ലക്ഷം ബിരിയാണിയാണ് ഇതിന്റെ ഭാഗമായി വിതരണം ചെയ്യുന്നത്. ബംഗളൂരു കേന്ദ്രീകരിച്ചു നടക്കുന്ന കേരള മോഡല്‍ സാന്ത്വന പരിചരണ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്താൻ ഫണ്ട് സമാഹരണം നടത്തുകയെന്ന ലക്ഷ്യത്തോടെയാണ് ബിരിയാണി ചലഞ്ച് നടത്തുന്നതെന്ന് സംഘാടകർ അറിയിച്ചു. എസ്.ടി.സി.എച്ച് കേന്ദ്രമായി ആരംഭിച്ച പാലിയേറ്റിവ് ഹോം കെയര്‍ പ്രവര്‍ത്തനങ്ങള്‍ പിന്നീട് കുടക്, മൈസൂരു, ഗൂഡല്ലൂര്‍, പന്തല്ലൂര്‍ എന്നിവിടങ്ങിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. ഓരോ മാസവും അർബുദം, പക്ഷാഘാതം പിടിപെട്ടവർ, കിടപ്പുരോഗികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് രോഗികള്‍ക്കാണ് പരിചരണം നൽകുന്നത്. ഡോക്ടര്‍, നഴ്സ് , മരുന്നുകള്‍ ഉള്‍പ്പെടെയുളള എല്ലാ സേവനങ്ങളും തീര്‍ത്തും സൗജന്യമായാണ് നല്കി വരുന്നത്.
ബിരിയാണി ചലഞ്ചില്‍ നേരത്തേ ഓര്‍ഡര്‍ നല്‍കിയവർക്കാണ് ബിരിയാണി പൊതികൾ വിതരണം ചെയ്യുക. ജയനഗര്‍ ഈദ് ഗാഹ് മൈതാനിയിൽ ഒരുക്കിയ പാചകപ്പുരയിൽ 90 ചെമ്പുകളിലായി ബിരിയാണി പാചകം ചെയ്യും. 250 അംഗ വളന്റിയര്‍മാര്‍ രാവിലെ ആറു മുതല്‍ പാർക്കിങ് ആരംഭിക്കും. കര്‍ണാടക ഗതാഗത മന്ത്രി ആര്. രാമലിംഗ റെഡ്ഡി, എൻ.എ. ഹാരിസ് എം.എൽ.എ, മുൻ എം.എൽ.എ സൗമ്യ റെഡ്ഡി തുടങ്ങിയർ ചലഞ്ചിൽ സംബന്ധിക്കും.
വളന്റിയര്‍മാര്‍ ഓര്‍ഡര്‍ നല്‍കിയവരുടെ വീടുകളില്‍ എത്തിച്ച് നല്‍കും. എസ്.ടി.സി.എച്ചിന് ബനശങ്കരിയിൽ ദാനമായി ലഭിച്ച സ്ഥലത്ത് അർബുദ രോഗികൾ ഉൾപ്പെടെ പാലിയേറ്റിവ് കെയർ ആവശ്യമുള്ള രോഗികൾക്കുള്ള കിടത്തി ചികിത്സാ കേന്ദ്രം, ജനിതക വൈകല്യങ്ങളുള്ള ആറു വയസ്സ് വരെയുള്ള കുട്ടികൾക്കായി ഏർളി ഇൻറർവെൻഷൻ സെന്റർ, സ്പെഷൽ സ്കൂൾ എന്നിവയാണ് വിഭാവനം ചെയ്യുന്നത്. പ്രായാധിക്യവും മറ്റ് അർബുദ ഇതര രോഗങ്ങൾക്കും ഇരയായ മരണാസന്നരെ പരിചരിക്കുന്ന കർണാടകയിലെ ആദ്യത്തെ കേന്ദ്രമാവുമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.