ബംഗളൂരു: കര്‍ണാടകയിലെ ആദ്യത്തെ മുലപ്പാല്‍ ബാങ്കിന് വർഷം ചെല്ലുംതോറും സ്വീകാര്യതയേറുന്നു. 2022 മാര്‍ച്ച് എട്ടിന് വാണി വിലാസ് ആശുപത്രിയില്‍ ആരംഭിച്ച മുലപ്പാൽ ബാങ്കിലേക്ക് പാൽ സംഭാവന ചെയ്യുന്നവരുടെ എണ്ണത്തിൽ 150 ശതമാനം വർധനയാണുണ്ടായത്. മാസം തികയാതെ ജനിക്കുന്ന കുഞ്ഞുങ്ങള്‍, അസുഖ ബാധിതരായ അമ്മമാര്‍, ഒന്നിലധികം കുഞ്ഞുങ്ങളുള്ള അമ്മമാര്‍, അനാഥരായ ശിശുക്കള്‍ എന്നിവരെ ലക്ഷ്യമിട്ടാണ് പദ്ധതി തുടങ്ങിയത്. 2022ല്‍ പദ്ധതി തുടങ്ങിയ സമയത്ത് 570 പേരാണ് മുലപ്പാല്‍ സംഭാവനയായി നല്‍കിയത്. 2023ല്‍ 933ഉം 2024ൽ 1152ഉം പേർ മുലപ്പാൽ ബാങ്കിലേക്ക് നൽകി. ആശുപത്രിയില്‍ സങ്കീര്‍ണമായ പ്രസവങ്ങള്‍ നടക്കുന്നതിനാല്‍ മാസം തികയാത്ത കുഞ്ഞുങ്ങള്‍ ജനിക്കുന്നുണ്ട്.
ഇത്തരത്തില്‍ ജനിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണത്തില്‍ 35 ശതമാനത്തോളം വര്‍ധനയുണ്ടായിട്ടുണ്ടെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. കുഞ്ഞുങ്ങള്‍ക്ക് അമ്മയുടെ മുലപ്പാല്‍ തന്നെയാണ് ഏറ്റവും ഉചിതമെങ്കിലും അമ്മമാര്‍ക്ക് കുഞ്ഞുങ്ങളെ പാലൂട്ടാന്‍ സാധിക്കാത്ത സാഹചര്യങ്ങളില്‍ മാത്രം മുലപ്പാല്‍ ബാങ്കിനെ ആശ്രയിക്കാമെന്ന് മുലപ്പാല്‍ ബാങ്കിന്റെ ചുമതലയുള്ള ബി. അര്‍ച്ചന പറഞ്ഞു. ബാങ്കിലേക്ക് മുലപ്പാൽ സ്വീകരിക്കുന്നതിന് നടപടിക്രമങ്ങളുണ്ട്. പാല് ശേഖരിച്ച ശേഷം ബാക്ടീരിയയുടെ സാന്നിധ്യം പരിശോധിക്കുന്നതിനായി സാമ്പ്ള്‍ ലാബിലേക്ക് അയക്കുന്നതാണ് ആദ്യ പടി. ശേഷം മൈനസ് 22 ഡിഗ്രി സെല്‍ഷ്യസില്‍ പാല് സൂക്ഷിക്കും.
പല അമ്മമാരില്‍നിന്നും സ്വീകരിക്കുന്ന പാല് പാസ്ചറൈസേഷന് നടത്തി സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത്. ഇത്തരത്തില്‍ ശേഖരിക്കുന്ന പാല് ആറ് മാസം വരെ ഉപയോഗിക്കാം. വര്‍ഷം തോറും 4500ലധികം കുഞ്ഞുങ്ങള്‍ നിയോനാറ്റല്‍ ഇന്റെന്സിവ് കെയര്‍ യൂനിറ്റില്‍ (എൻ.ഐ.സി.യു) അഡ്മിറ്റ് ചെയ്യുന്നുണ്ടെന്നും മുലപ്പാല്‍ ബാങ്ക് ഉള്ളതിനാല്‍ കൂടുതല്‍ കുഞ്ഞുങ്ങളുടെ ജീവന് രക്ഷിക്കാന്‍ സാധിച്ചതായും വാണിവിലാസ് ആശുപത്രിയിലെ ഡോ. സഹന ദേവദാസ് പറയുന്നു.
എല്ലാ കുഞ്ഞുങ്ങള്‍ക്കും കൃത്യമായ അളവില്‍ പാല് ലഭിക്കുന്നുവെന്നും കൗൺസലിങ്ങിലൂടെ പാല് സംഭാവന ചെയ്യുന്നവരുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടായതായും അവര്‍ കൂട്ടിച്ചേര്‍ത്തു. മൂന്നു വര്‍ഷത്തിനിടയില്‍ 2655 അമ്മമാര്‍ മുലപ്പാല്‍ സംഭാവന ചെയ്തു കഴിഞ്ഞു. 3113 കുഞ്ഞുങ്ങള്‍ക്ക് ഇതിലൂടെ പുതുജന്മം നല്കാന് സാധിച്ചു. 2022ല്‍ 1,21,694 മില്ലിലിറ്റര്‍ പാലും 2024ല്‍ 3,23,584 മില്ലിലിറ്റര്‍ പാലും നല്കാന് സാധിച്ചതായും മാസം തികയാതെ ജനിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ മുലപ്പാല്‍ ആവശ്യമായ എല്ലാ ശിശുക്കള്‍ക്കും അത് ലഭ്യമാക്കാന്‍ പരിശ്രമിക്കുമെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.