സുരേഷ്,മല്ലിക
ബംഗളൂരു: ഭാര്യയെ കാണാനില്ലെന്ന് പരാതി, പിന്നീട് ‘കൊലക്കുറ്റ’ത്തിന് അറസ്റ്റും ജയിലും, ഒടുവിൽ ‘കൊല്ലപ്പെട്ട’ ഭാര്യയെ കാപ്പിക്കടയിൽനിന്ന് കാമുകനൊപ്പം കണ്ടെത്തി കോടതിയിലേക്ക്, ഒന്നരവർഷത്തെ വിചാരണത്തടവിനുശേഷം നിരപരാധിയെന്ന് തെളിഞ്ഞ് മോചനം.... കോടതിയെപോലും ഞെട്ടിച്ച, കുടക് കുശാൽ നഗർ ബസവനഹള്ളി സ്വദേശി സുരേഷ് എന്ന 38 കാരന്റെ ജീവിതത്തിലെ ട്വിസ്റ്റുകൾ ഇങ്ങനെ.
കാമുകനൊപ്പം ഒളിച്ചോടിയ ഭാര്യയെ ‘കൊലപ്പെടുത്തി’ എന്ന കുറ്റത്തിന് ജയിൽ ശിക്ഷ അനുഭവിച്ച സുരേഷിനെ മൈസൂരു കോടതി വെറുതെവിടുകയായിരുന്നു. കേസ് അന്വേഷിച്ച കുശാൽനഗർ പൊലീസിന് രൂക്ഷ വിമർശനം കോടതിയിൽനിന്ന് ഏൽക്കേണ്ടിവന്നു. 2020 നവംബർ 12ന് പെരിയപട്ടണ ഷാനുബോഗനഹള്ളിയിൽ അജ്ഞാത തലയോട്ടി ലഭിക്കുന്നതോടെയാണ് സംഭവങ്ങളുടെ തുടക്കം.
നവംബർ 13ന് തന്റെ ഭാര്യ മല്ലികയെ കാണാനില്ലെന്ന് കാണിച്ച് സുരേഷ് കുശാൽ നഗർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുന്നു. ഇതോടെ പെരിയപട്ട സർക്കിൾ ഇൻസ്പെക്ടർ ബി.ജി. പ്രകാശ് തന്റെ ഉദ്യോഗസ്ഥരെ പറഞ്ഞയച്ച് സുരേഷിനെ ബെട്ടദപുര പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവരുന്നു.
മല്ലികയെ സുരേഷ് മടിക്കേരിയിലെ ചായക്കടയിൽ കണ്ടെത്തിയപ്പോൾ മൊബൈൽ ഫോണിൽ പകർത്തിയ ചിത്രം
ഭാര്യാ മാതാവ് ഗൗരിയുടെ പരാതിയിൽ സുരേഷിനെതിരെ പൊലീസ് കൊലപാതകക്കുറ്റം രജിസ്റ്റർ ചെയ്യുന്നു. മദ്യപിച്ചെത്തുന്ന സുരേഷ് ഭാര്യയെ സ്ത്രീധനം ആവശ്യപ്പെട്ട് പതിവായി മർദിക്കാറുണ്ടെന്ന് പരാതിയിൽ ആരോപിച്ചിരുന്നു. സുരേഷിനെ കൊലപാതകക്കുറ്റത്തിന് അറസ്റ്റ് ചെയ്തു.
കേസിൽ മൈസൂരുവിലെ അഞ്ചാം അഡീഷനൽ ജില്ലാ ആൻഡ് സെഷൻസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ച് 2022 സെപ്റ്റംബറിൽ വിചാരണ ആരംഭിച്ചു. എന്നാൽ, വിചാരണക്കിടെ പൊലീസിന്റെ നിർബന്ധത്തിന് വഴങ്ങിയാണ് സുരേഷിനെതിരെ പരാതി നൽകിയതെന്ന് മകനും ഭാര്യാമാതാവും കോടതിയിൽ വെളിപ്പെടുത്തി.
സുരേഷിന്റെ ഭാര്യ മല്ലിക ജീവിച്ചിരിപ്പുണ്ടെന്ന് വിചാരണക്കിടെ ഏഴ് സാക്ഷികൾ കോടതിയെ അറിയിച്ചു. രണ്ടരവർഷം നീണ്ട വിചാരണക്കൊടുവിൽ, കൊല്ലപ്പെട്ടെന്ന് പൊലീസ് അവകാശപ്പെട്ട മല്ലിക കഴിഞ്ഞ ബുധനാഴ്ച ‘ജീവനോടെ’ കോടതിയിലെത്തി.
ജാമ്യത്തിലായിരുന്ന സുരേഷ് ഏപ്രിൽ ഒന്നിന് മടിക്കേരിയിലെ ഹോട്ടലിൽവെച്ച് കാമുകനോടൊപ്പം മല്ലികയെ കണ്ടെത്തുകയും കുടക് പൊലീസിൽ വിവരമറിയിക്കുകയുമായിരുന്നു. പൊലീസ് എത്തി മല്ലികയെ കസ്റ്റഡിയിലെടുത്ത് കുശാൽനഗർ പൊലീസിന് കൈമാറി. പിറ്റേന്ന് കോടതിയിൽ ഹാജരാക്കി. കൂലിപ്പണിക്കാരനായ സുരേഷിന് കേസ് നടത്താൻ സാമ്പത്തിക സ്ഥിതിയില്ലാത്തതിനാൽ പൊലീസുകാർതന്നെ ഒരു അഭിഭാഷകനെ ഏർപ്പാടാക്കി നൽകിയിരുന്നു.
എന്നാൽ, ഇയാൾ കോടതിയിൽ തുടർച്ചയായി ഹാജരാകാതിരുന്നതോടെ സുരേഷിന്റെ ജാമ്യവും നീളുകയായിരുന്നു. സുരേഷിന്റെ പിതാവ് കുറുബര ഗാന്ധിയുടെ അഭ്യർഥന പ്രകാരം, പിന്നീട് സാമൂഹിക പ്രവർത്തകൻ കുടിയായ അഡ്വ. പാണ്ടു പൂജാരി കേസ് എറ്റെടുത്തതാണ് വഴിത്തിരിവായത്. കണ്ടെത്തിയ അജ്ഞാത മൃതദേഹത്തിൽനിന്നുള്ള സാമ്പിളും മല്ലികയുടെ മാതാവിന്റെ ശരീരത്തിൽനിന്നുള്ള സാമ്പിളും പൊലീസ് ഡി.എൻ.എ പരിശോധനക്ക് അയച്ചിരുന്നു.
ഇരുസാമ്പിളും തമ്മിൽ പൊരുത്തമില്ലെന്നായിരുന്നു ഡി.എൻ.എ പരിശോധനാ ഫലം. ഇതിന്റെ അടിസ്ഥാനത്തിൽ സുരേഷിന് ഒടുവിൽ കോടതി ജാമ്യം അനുവദിച്ചു. അതേസമയം, അന്വേഷണ ഉദ്യോഗസ്ഥരെ ശകാരിച്ച കോടതി, ഒരു ഡിജിറ്റൽ തെളിവുമില്ലാതെയാണ് കുറ്റപത്രം സമർപ്പിച്ചതെന്ന് ചൂണ്ടിക്കാട്ടി.
അജ്ഞാത മൃതദേഹത്തിലെ വളകളും വസ്ത്രങ്ങളും അടിസ്ഥാനമാക്കിയാണ് തങ്ങൾ മൃതദേഹം ‘തിരിച്ചറിഞ്ഞതെന്ന്’ അന്വേഷണ ഉദ്യോഗസ്ഥർ മറുപടി നൽകി. കേസിലെ പരാതിക്കാരായ മല്ലികയുടെ മകൻ കൃഷ്ണയും അമ്മ ഗൗരിയും ഇത് സാക്ഷ്യപ്പെടുത്തിയിരുന്നതായും അന്വേഷണത്തിനിടെ സുരേഷും ഇത് സമ്മതിച്ചതായും പൊലീസ് കോടതിയിൽ വാദിച്ചു.
മല്ലികയെ നാലുദിവസത്തേക്ക് മൈസൂരുവിലെ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റാനും പൊലീസിനോട് അവരുടെ പൂർണമൊഴി രേഖപ്പെടുത്താനും കോടതി നിർദേശിച്ചു. സുരേഷിന്റെയും സാക്ഷികളുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും മൊഴി രേഖപ്പെടുത്തണമെന്നും ഏപ്രിൽ 17ന് സമഗ്ര റിപ്പോർട്ട് സമർപ്പിക്കണമെന്നും എസ്.പി എൻ. വിഷ്ണുവർധനോട് ജഡ്ജ് ഗുരുരാജ് സോമക്കലവർ ആവശ്യപ്പെട്ടു.
‘അവരെന്നെ മർദിച്ചു, അപമാനിച്ചു, ചെയ്യാത്ത കുറ്റത്തിന് എന്നെ ശിക്ഷിച്ചു... എന്റെ കുട്ടികളുടെ വിദ്യാഭ്യാസംപോലും തടസ്സപ്പെട്ടു. ഈ വേദന മറ്റൊരാളും അനുഭവിക്കാനിടവരരുതെന്നാണ് എന്റെ ആഗ്രഹം. ഇത്തരം തെറ്റുകൾ പൊലീസിന്റെ ഭാഗത്തുനിന്ന് ഇനിയുണ്ടാവില്ലെന്ന് ഞാൻ പ്രതീക്ഷിക്കുന്നു..’- സുരേഷ് പ്രതികരിച്ചു.
അച്ഛന്റെ ജയിൽവാസത്തെതുടർന്ന് മനോവിഷമത്തിൽ സുരേഷിന്റെ മകൻ 10ാം ക്ലാസ് പരീക്ഷക്ക് ഹാജാരാകാതെ സഹോദരിയും മുത്തശ്ശിയും അടങ്ങുന്ന കുടുംബത്തെ പോറ്റാൻ കൂലിപ്പണിക്ക് പോകുകയായിരുന്നു. സംഭവത്തിൽ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും തന്റെ മകൻ അകാരണമായി ജയിൽ ശിക്ഷ അനുഭവിച്ചതിന് മതിയായ നഷ്ടപരിഹാരം നൽകണമെന്നും സുരേഷിന്റെ പിതാവ് കുറബര ഗാന്ധി ആവശ്യപ്പെട്ടു. അതേസമയം, മല്ലികയെ ജീവനോടെ കണ്ടെത്തിയതോടെ, കേസിനാധാരമായ അജ്ഞാത തലയോട്ടി ആരുടേതാണെന്ന ചോദ്യവും അന്വേഷണ സംഘത്തിന് മുന്നിൽ ബാക്കിയായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.