മംഗളൂരു: കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ ബൈന്തൂർ സീറ്റ് തരപ്പെടുത്താമെന്ന് വാഗ്ദാനം ചെയ്ത് വ്യവസായി ഗോവിന്ദ ബാബു പൂജാരിയിൽ നിന്ന് കോടികൾ കോഴ വാങ്ങിയെന്ന കേസിൽ ബംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് പൊലീസ് ഉഡുപ്പി ജില്ലയിൽ തെളിവെടുപ്പ് ആരംഭിച്ചു. അറസ്റ്റിലായ കൂട്ടുപ്രതി ശ്രീകാന്ത് നായകുമായി നടത്തിയ അന്വേഷണത്തിൽ നിർണായക തെളിവുകൾ ശേഖരിച്ചു.
മുൻ മന്ത്രിയും ബജ്റംഗ്ദൾ സംസ്ഥാന നേതാവുമായ വി. സുനിൽ കുമാർ എം.എൽ.എ പ്രതിനിധാനം ചെയ്യുന്ന ഉഡുപ്പി ജില്ലയിലെ കാർക്കളയിൽ വിലക്ക് വാങ്ങിയ രണ്ടേക്കറിൽ ചൈത്ര കുന്താപുര ഇരുനില വീട് നിർമാണത്തിലാണ്. ഉഡുപ്പി ഉപ്പൂർ ശ്രീരാമ സൊസൈറ്റിയിൽ ചൈത്രയുടേയും ശ്രീകാന്തിന്റേയും ജോയിന്റ് അക്കൗണ്ടിൽ ഭീമമായ തുക നിക്ഷേപമുള്ളതായി അന്വേഷണ സംഘം കണ്ടെത്തി.
കാർക്കള കനജാറുവിൽ പണിയുന്ന വീടിന്റെ രേഖകൾ ശ്രീകാന്തിന്റെ പേരിലാണ്. ഇയാൾ അറസ്റ്റിലായതോടെ വീടിന്റെ നിർമാണ പ്രവൃത്തികൾ നിലച്ചു. നിർമാണ സാമഗ്രികൾ സൈറ്റിൽ ധാരാളമായി ശേഖരിച്ചിട്ടുണ്ട്. വ്യവസായിയെ കബളിപ്പിച്ച് കോടികൾ തട്ടിയ ചൈത്ര കുന്താപുരയും സംഘവും വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ പണം നിക്ഷേപിക്കുകയും ഭൂമി വാങ്ങുകയും ചെയ്തതായി ക്രൈംബ്രാഞ്ച് സംഘത്തിന് സൂചന ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഉഡുപ്പി ഉപ്പൂർ ശ്രീരാമ സൊസൈറ്റിയിൽ ചൈത്ര-ശ്രീകാന്ത് ജോയിന്റ് അക്കൗണ്ടിൽ നിക്ഷേപമുണ്ടെന്ന് കണ്ടെത്തിയത്.
അറസ്റ്റിലായ ആരേയും തനിക്ക് അറിയില്ലെന്ന് മുൻ മന്ത്രിയും കാർക്കള എം.എൽ.എയുമായ സുനിൽ കുമാർ ഉഡുപ്പിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. അവരുമായി ഫോണിൽ സംസാരിക്കുകയോ ഏതെങ്കിലും ചടങ്ങിൽ ബന്ധപ്പെടുകയോ ചെയ്തിട്ടില്ല. പണം കൊടുത്ത് ബി.ജെ.പി സീറ്റ് വാങ്ങാം എന്നത് ഭാവന മാത്രമാണ്. അങ്ങിനെയാണ് രീതിയെങ്കിൽ താൻ നാല് തവണ കാർക്കള മണ്ഡലത്തിൽ നിന്ന് എം.എൽ.എ ആവുമായിരുന്നില്ല. നേതാക്കളെ ഈ കേസിലേക്ക് വലിച്ചിഴക്കുന്നവർക്ക് എതിരെ ശക്തമായ നടപടിയുണ്ടാവണമെന്ന് സുനിൽ കുമാർ പറഞ്ഞു.
വിഡ്ഢികളുണ്ടെങ്കിൽ വിഡ്ഢികളാക്കാനും ആളുണ്ടാവുമെന്ന് ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി മുൻമന്ത്രി സി.ടി. രവി മംഗളൂരുവിൽ വാർത്താസമ്മേളനത്തിൽ ബൈന്തൂർ കോഴ വിവാദത്തോട് പ്രതികരിച്ചു. പണം വാങ്ങി സീറ്റ് നൽകുന്ന ഏർപ്പാട് ബി.ജെ.പിയിൽ ഇല്ല. മുതിർന്ന നേതാക്കളും പാർലിമെന്ററി ബോർഡുമാണ് സ്ഥാനാർഥികളെ തീരുമാനിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ബൈന്തൂർ സീറ്റ് വാഗ്ദാനം ചെയ്ത് കോടികൾ വാങ്ങി വഞ്ചിച്ചു എന്ന കേസിൽ കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് സംഘ്പരിവാർ നേതാവ് ചൈത്ര കുന്താപുരയേയും കൂട്ടാളികളേയും ബംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് ഉഡുപ്പി കൃഷ്ണമഠം പാർക്കിങ് ഏരിയയിൽ നിന്ന് അറസ്റ്റ് ചെയ്തത്. കോടതി പ്രതികളെ 10 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ പൊലീസിന് കൈമാറിയിരുന്നു. ചോദ്യം ചെയ്യലിനിടെ ബോധം കെട്ടുവീണ മുഖ്യപ്രതി ചൈത്ര ബംഗളൂരു വിക്ടോറിയ ആശുപത്രിയിൽ ചികിത്സയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.