മംഗളൂരു: ദക്ഷിണ കന്നട ജില്ലയിലെ പുത്തൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ജോലിസ്ഥലത്ത് മരിച്ച തൊഴിലാളിയുടെ മൃതദേഹം പിക്അപ് വാനിൽ കൊണ്ടുവന്ന് വീടിന് മുന്നിൽ നടുറോട്ടിൽ കിടത്തി.
സൽമാര താരിഗുഡ്ഡയിലെ ദലിത് വിഭാഗക്കാരനായ തൊഴിലാളി ചിക്കമുഡ്നൂർ ഗ്രാമത്തിലെ ശിവപ്പയാണ് (69) മരിച്ചത്. തൊഴിലുടമയുടെ മനുഷ്യത്വരാഹിത്യത്തിൽ പ്രതിഷേധിച്ച നാട്ടുകാർ നടപടി ആവശ്യപ്പെട്ട് പുത്തൂർ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു.സൽമാരയിലെ ഹെൻറി ട്രാവോ ഫാക്ടറിയിലെ തൊഴിലാളിയായ ശിവപ്പ ജോലിസ്ഥലത്ത് കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിക്കുന്നതിന് പകരം അവിടെനിന്ന് പിക്അപ് വാനിൽ പുത്തൂരിലേക്ക് കൊണ്ടുവരുകയായിരുന്നു. ‘‘ഞാനും അമ്മയും ചെന്നു നോക്കിയപ്പോൾ അച്ഛന്റെ മൃതദേഹമാണ് നടുറോഡിൽ കണ്ടത്.
അയൽവാസികളുടെ സഹായത്തോടെ എടുത്ത് വീടിനകത്ത് കിടത്തി’’ -ശിവപ്പയുടെ മകൾ ഉഷ പൊലീസിന് നൽകിയ മൊഴിയിൽ പറഞ്ഞു. മൊഴിയുടെ അടിസ്ഥാനത്തിൽ ഫാക്ടറി ഉടമക്കെതിരെ കേസെടുത്ത പുത്തൂർ പൊലീസ്, മൃതദേഹം കൊണ്ടുവരാൻ ഉപയോഗിച്ച പിക്അപ് വാൻ കണ്ടുകെട്ടി. പുത്തൂർ മണ്ഡലം കോൺഗ്രസ് എം.എൽ.എ അശോക് കുമാർ റൈ, ബി.ജെ.പി നേതാവ് അരുൺ കുമാർ പുത്തില, വിവിധ ദലിത് സംഘടനകൾ എന്നിവരുടെ നേതൃത്വത്തിൽ പുത്തൂർ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. ഫാക്ടറി ഉടമക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് അശോക് കുമാർ റൈ എം.എൽ.എ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.