ബംഗളൂരു: മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ പേരക്കുട്ടി നിഖിൽ കുമാരസ്വാമി ചന്നപട്ടണ നിയമസഭ മണ്ഡലം ഉപതെരഞ്ഞെടുപ്പിൽ നേരിട്ട പരാജയം ചർച്ചയാക്കുന്നതിൽനിന്ന് വഴുതി ഗൗഡ കുടുംബം. ദേവഗൗഡ, മകനും നിഖിലിന്റെ പിതാവുമായ കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമി എന്നിവർ ഞായറാഴ്ച മാധ്യമങ്ങളുടെ ചോദ്യങ്ങളിൽനിന്ന് കുതറിമാറി.
‘ഞാൻ പാർട്ടി ഓഫിസ് സന്ദർശിച്ചശേഷം നിങ്ങളുടെ എല്ലാ ചോദ്യങ്ങൾക്കും മറുപടി പറയാം, ഇപ്പോൾ ഇല്ല’ -ദേവഗൗഡ മാധ്യമങ്ങളോട് പറഞ്ഞു.‘ചന്നപട്ടണ തെരഞ്ഞെടുപ്പ് ഫലം ചർച്ച ചെയ്യേണ്ട കാര്യമില്ല. ജനവിധി ഞങ്ങൾ അംഗീകരിക്കുന്നു അത്രതന്നെ’ -മുൻ മുഖ്യമന്ത്രി കൂടിയായ ജെ.ഡി.എസ് സംസ്ഥാന അധ്യക്ഷൻ എച്ച്.ഡി. കുമാരസ്വാമി പ്രതികരിച്ചു. ഗൗഡ കുടുംബത്തിലെ മൂന്നാം തലമുറക്കാരനായ നിഖിൽ കുമാരസ്വാമിയുടെ മൂന്നാം തോൽവിയാണ് ചന്നപട്ടണയിൽ സംഭവിച്ചത്.
2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ മാണ്ഡ്യ മണ്ഡലത്തിൽ സുമലത അംബരീഷിനോട് ലക്ഷത്തിലേറെ വോട്ടുകൾക്ക് പരാജയപ്പെട്ടിരുന്നു. കഴിഞ്ഞ നിയമസഭ പൊതുതെരഞ്ഞെടുപ്പിൽ രാമനഗരയിൽ കോൺഗ്രസിന്റെ എച്ച്.എ. ഇക്ബാൽ ഹുസൈനോടും പരാജയപ്പെട്ടു. ചന്നപട്ടണയിൽ പിതാവിന്റെ സിറ്റിങ് സീറ്റിൽ 25,413 വോട്ടുകൾക്കാണ് കോൺഗ്രസിന്റെ സി.പി. യോഗേശ്വരയോട് അടിയറവ് പറഞ്ഞത്. എച്ച്.ഡി. കുമാരസ്വാമി ഈ മണ്ഡലത്തിൽ കാമ്പ് ചെയ്ത് പ്രചാരണം നടത്തിയിരുന്നു. നവതി പിന്നിട്ട പ്രായത്തിലും പേരക്കുട്ടിക്കായി രംഗത്തിറങ്ങിയ ദേവഗൗഡയാകട്ടെ ഉപമുഖ്യമന്ത്രിയും കെ.പി.സി.സി അധ്യക്ഷനുമായ ഡി.കെ. ശിവകുമാറിനെ വെല്ലുവിളിക്കുകയും ചെയ്തതാണ്. ‘കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ശിവകുമാർ എന്റെ മകനെ പരാജയപ്പെടുത്താൻ ശ്രമിച്ചു. ആ മോഹം നടന്നില്ല. ഇപ്പോഴിതാ പേരക്കുട്ടിയെ തോൽപിക്കാൻ വിയർക്കുന്നു. ഞാൻ ജീവിച്ചിരിക്കുന്ന കാലത്തോളം ആ സ്വപ്നം പൂവണിയില്ല’ എന്നായിരുന്നു ഗൗഡ പറഞ്ഞത്.
മറ്റൊരു പേരക്കുട്ടി മുൻ എം.പി പ്രജ്വൽ രേവണ്ണ ബലാത്സംഗ കേസിൽ ജയിലിൽ കഴിയുന്ന വേളയിലാണ് ദേവഗൗഡ ചന്നപട്ടണയിൽ ശുഭ ജനവിധി പ്രതീക്ഷിച്ചത്. പ്രജ്വലിന്റെ ജാമ്യ ഹരജി സുപ്രീംകോടതിയും തള്ളിയതാണ് അവസ്ഥ. ഗൗഡയുടെ മറ്റൊരു മകൻ എച്ച്.ഡി. രേവണ്ണ എം.എൽ.എയുടെ മകനാണ് ഹാസൻ ജെ.ഡി.എസ് എം.പിയായിരുന്ന പ്രജ്വൽ രേവണ്ണ. പ്രജ്വൽ രേവണ്ണ ബലാത്സംഗ കേസിലും ഭാര്യ അതിജീവിതയെ തട്ടിക്കൊണ്ടുപോയ കേസിലും പ്രതിയാണ്. വീട്ടിലും ജന്മനാട്ടിലും വിലക്കോടെ കോടതി അനുവദിച്ച ജാമ്യത്തിലാണ് ഇരുവരും പുറത്ത് കഴിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.