ബംഗളൂരു: ചിത്രകലയുടെ വർണഘോഷം തീർക്കാൻ കർണാടക ചിത്രകലാ പരിഷത്തും കുമാരകൃപ റോഡും ഒരുങ്ങി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള കലാകാരന്മാർ പങ്കെടുക്കുന്ന ചിത്രസന്തെയുടെ 21ാം പതിപ്പ് ഞായറാഴ്ച നടക്കും. എല്ലാ വർഷവും ജനുവരിയിലെ ആദ്യ ഞായറാഴ്ചയാണ് ചിത്രസന്തെ സംഘടിപ്പിക്കാറുള്ളത്.
ഇന്ത്യൻ ബഹിരാകാശ ശാസ്ത്രരംഗത്ത് ശാസ്ത്രജ്ഞർ നൽകിയ സംഭാവനകൾക്ക് ആദരമർപ്പിച്ചാണ് ഇത്തവണ ചിത്രസന്തെ സംഘടിപ്പിക്കുന്നത്.
കേരളമടക്കം 22 സംസ്ഥാനങ്ങളിൽനിന്നായി 1500 കലാകാരന്മാർ പങ്കെടുക്കും. ചിത്രകലാ പരിഷത്ത് വളപ്പിലും കുമാരകൃപ റോഡിലുമായി സ്റ്റാളുകൾ ഒരുക്കും. സേവാദൾ മൈതാനം, ശിവാനന്ദ സർക്കിൾ മേൽപാലത്തിന്റെ സർവിസ് റോഡുകൾ എന്നിവിടങ്ങളിലായി 300 സ്റ്റാളുകളും ഒരുക്കും.
റെയിൽവേ പാരലൽ റോഡ്, ക്രസന്റ് റോഡ്, റേസ് കോഴ്സ് റോഡ്, ഡോ.എൻ.എസ്. ഹർദികർ ഭാരത് സേവാദൾ സ്കൂൾ, ബി.ഡി.എ പാർക്കിങ് ഏരിയ എന്നിവിടങ്ങളിലാണ് കാറുകൾ പാർക്ക് ചെയ്യേണ്ടത്. ഗവ. ക്വാർട്ടേഴ്സ്, ക്രസന്റ് റോഡ് എന്നിവിടങ്ങളിൽ ഇരുചക്ര വാഹനങ്ങളും പാർക്ക് ചെയ്യണം.
ചിത്രസന്തെയുടെ ഭാഗമായി രാവിലെ ആറുമുതൽ രാത്രി ഒമ്പതു വരെ വിൻഡ്സർ മാനർ സർക്കിൾ മുതൽ ശിവാനന്ദ സർക്കിൾ വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. മൗര്യ സർക്കിൾ, അനന്തറാവു സർക്കിൾ എന്നിവിടങ്ങളിൽനിന്ന് വിൻഡ്സർ മാനർ സർക്കിൾ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ നേരെ റേസ് കോഴ്സ് റോഡുവഴി പോകണം. പി.ജി ഹള്ളിയിൽ നിന്ന് ശിവാനന്ദ സർക്കിൾ ഭാഗത്തേക്ക് പോകുന്നവർ ഓൾഡ് ഹൈഗ്രൗണ്ട് ജങ്ഷൻ, ബസവേശ്വര സർക്കിൾ വഴി റേസ് കോഴ്സ് റോഡിലെത്തി യാത്ര തുടരണം.
രാവിലെ എട്ടുമുതൽ രാത്രി എട്ടുവരെ ചിത്രസന്തെയിലേക്ക് മെട്രോ ഫീഡർ ബസുകൾ ബി.എം.ടി.സി ഏർപ്പെടുത്തി. കെംപഗൗഡ മജസ്റ്റിക് മെട്രോ സ്റ്റേഷനിൽനിന്നുള്ള ഫീഡർ സർവിസ് മജസ്റ്റിക് സ്റ്റാൻഡിൽനിന്ന് പുറപ്പെട്ട് സെൻട്രൽ ടാക്കീസ്, അനന്തറാവു സർക്കിൾ, ശിവാനന്ദ സ്റ്റോഴ്സ് വഴി വിധാൻ സൗധയിലെത്തും.
മന്ത്രി മാൾ മെട്രോ സ്റ്റേഷനിൽനിന്നുള്ള ഫീഡർ സർവിസ് അനന്തറാവു സർക്കിൾ, ശിവാനന്ദ സ്റ്റോഴ്സ് വഴി വിധാൻ സൗധയിലെത്തും. ഇരു റൂട്ടുകളിലും 10 മിനിറ്റിന്റെ ഇടവേളയിൽ സർവിസുണ്ടാവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.