ബംഗളൂരു: ആരോഗ്യ മന്ത്രി ഡോ. കെ. സുധാകറിനെതിരെ ക്രിമിനൽ കേസെടുക്കാൻ ബംഗളൂരുവിലെ പ്രത്യേക കോടതി ഉത്തരവിട്ടു. ചിക്കബല്ലാപുരയിലെ പൊതുപ്രവർത്തകനായ ആർ. ആഞ്ജനേയ റെഡ്ഡി നൽകിയ ഹരജിയിലാണ് നടപടി. തനിക്ക് മാനഹാനിയുണ്ടാക്കുന്നവിധം മന്ത്രി പൊതുസ്ഥലത്ത് പ്രസംഗിച്ചെന്ന് ചൂണ്ടിക്കാട്ടി നൽകിയ സ്വകാര്യ ഹരജിയിലാണ് മന്ത്രി പ്രഥമ ദൃഷ്ട്യാ കുറ്റക്കാരനാണെന്നും അദ്ദേഹത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്യണമെന്നും കോടതി ഉത്തരവിട്ടത്. ഇന്ത്യൻ ശിക്ഷ നിയമത്തിലെ 499, 500, 501 വകുപ്പുകൾ പ്രകാരവും 34 വകുപ്പ് പ്രകാരവും കുറ്റാരോപിതനെതിരെ നടപടി ആവശ്യമാണെന്ന് ജനപ്രതിനിധികൾക്കെതിരായ കേസ് പരിഗണിക്കുന്ന പ്രത്യേക കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടി. ചിക്കബല്ലാപുരയിലെയും കോലാറിലെയും തടാകങ്ങളിലേക്ക് അഴുക്കുചാൽ ശുദ്ധീകരിച്ച ജലം കൊണ്ടുവരുന്ന പദ്ധതിയെ റെഡ്ഡി എതിർത്തിരുന്നു. ഈ പദ്ധതിക്ക് ചിക്കബല്ലാപുര എം.എൽ.എയായ സുധാകർ പിന്തുണ നൽകുന്നുണ്ടെന്നും ആരോപിച്ചിരുന്നു. പിന്നീട് 2019ൽ സുധാകർ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ചെയർപേഴ്സനായി നിയമിതനായി. ഇതിനെതിരെ റെഡ്ഡി ഹൈകോടതിയെ സമീപിച്ചു. തുടർന്ന് ചിക്കബല്ലാപുരയിൽ നടന്ന പൊതുയോഗത്തിൽ റെഡ്ഡിയെ സുധാകർ മോശമാക്കി സംസാരിച്ചെന്നാണ് പരാതി.
ജൂൺ 27ന് ചിക്കബല്ലാപുര മരളക്കുണ്ഡെ വില്ലേജിൽ നടന്ന പൊതുയോഗത്തിൽ റെഡ്ഡിയെ മന്ത്രി അവഹേളിച്ചിരുന്നു. ഇത്ത് ഉദയവാണി, വിജയ്കർണാടക പത്രങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്തു. മന്ത്രിക്കും രണ്ട് പത്രങ്ങൾക്കും ഇയാൾ വക്കീൽ നോട്ടീസ് അയച്ചെങ്കിലും അവർ മാപ്പ് പറയാതിരുന്നതോടെയാണ് കോടതിയെ സമീപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.