ബംഗളൂരു: വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ബെള്ളാരി സിറ്റി നിയോജക മണ്ഡലത്തിൽ മത്സരം പൊടിപാറുമെന്ന് ഉറപ്പായി. ഖനി ഭീമൻ ഗാലി ജനാർദന റെഡ്ഡി രൂപവത്കരിച്ച കല്യാണ രാജ്യ പ്രഗതി പക്ഷ (കെ.ആർ.പി.പി) പ്രതിനിധിയായി ഭാര്യ അരുണ ലക്ഷ്മി മത്സരിക്കുമെന്ന പ്രഖ്യാപനത്തിനു പിന്നാലെ മണ്ഡലത്തിലെ ബി.ജെ.പിയുടെ സിറ്റിങ് എം.എൽ.എയും ജനാർദന റെഡ്ഡിയുടെ സഹോദരനുമായ സോമശേഖര റെഡ്ഡി വെല്ലുവിളി ഏറ്റെടുക്കുകയായിരുന്നു. സഹോദരന്റെ ഭാര്യ മത്സരിച്ചാലും താൻ മത്സരത്തിൽനിന്ന് പിന്മാറില്ലെന്ന് സോമശേഖര റെഡ്ഡി പറഞ്ഞു.
ഗാലി ജനാർദന റെഡ്ഡിയുടെ പിന്തുണയില്ലാതെ തനിക്ക് മണ്ഡലത്തിൽ വിജയിക്കാനാവും. 2018ലെ തെരഞ്ഞെടുപ്പിൽ ജനാർദന റെഡ്ഡിയുടെ പിന്തുണയില്ലാതെയാണ് താൻ തെരഞ്ഞെടുപ്പിനെ നേരിട്ടത്. ഞങ്ങളുടെ പ്രവർത്തനങ്ങൾ ഞങ്ങൾക്ക് രക്ഷകരാവും.
പുതിയ പാർട്ടിയിൽ ചേരാൻ അദ്ദേഹമെന്നെ ക്ഷണിച്ചിരുന്നു. എന്നാൽ, ഞാനത് നിരസിച്ചു. ഇതിൽ അരിശംപൂണ്ടാണ് എനിക്കെതിരെ അദ്ദേഹത്തിന്റെ ഭാര്യയെ സ്ഥാനാർഥിയാക്കുന്നത്. ഇത് താൻ പ്രതീക്ഷിച്ചതായിരുന്നെന്നും സോമശേഖര റെഡ്ഡി പറഞ്ഞു.
2008ൽ ദക്ഷിണേന്ത്യയിൽ ആദ്യമായി ബി.ജെ.പി കർണാടകയിൽ അധികാരത്തിലേറിയപ്പോൾ അന്ന് ജനാർദന റെഡ്ഡിയുടെ പിൻബലത്തിലാണ് ഓപറേഷൻ താമര അരങ്ങേറിയത്. കേസിലും ജയിലിലുംപെട്ട ജനാർദന റെഡ്ഡിയെ കഴിഞ്ഞ തെരഞ്ഞെടുപ്പായപ്പോഴേക്കും പാർട്ടി പാടെ തഴഞ്ഞു.
2018ലെ തെരഞ്ഞെടുപ്പിൽ ബെള്ളാരിയിലും പുറത്തുമായി റെഡ്ഡി വലയത്തിലെ ആറുപേർ മത്സരിച്ചിരുന്നു. ജനാർദന റെഡ്ഡിയുടെ സഹോദരന്മാരായ സോമശേഖര റെഡ്ഡി (ബെള്ളാരി സിറ്റി), കരുണാകര റെഡ്ഡി (ഹാരപ്പനഹള്ളി), റെഡ്ഡിയുടെ വലംകൈയായ ബി. ശ്രീരാമുലു (മുളകാൽമുരു, ബദാമി), ശ്രീരാമുലുവിന്റെ ബന്ധുക്കളായ സണ്ണ ഫക്കീരപ്പ (ബെള്ളാരി റൂറൽ), സുരേഷ് ബാബു (കാംപ്ലി), ജനാർദന റെഡ്ഡിയുടെ ബന്ധു ലല്ലേഷ് റെഡ്ഡി (ബി.ടി.എം ലേഔട്ട്) എന്നിവിടങ്ങളിലാണ് മത്സരിച്ചത്. ഇതിൽ സോമശേഖര റെഡ്ഡിയും കരുണാകര റെഡ്ഡിയും ശ്രീരാമുലുവും വിജയിച്ചു.
ഇത്തവണ ബി.ജെ.പിക്കെതിരെ ജനാർദന റെഡ്ഡി സ്വന്തം പാർട്ടിയുമായി മത്സരിക്കാനെത്തുമ്പോൾ ബെള്ളാരിയിലും സമീപ ജില്ലകളായ റായ്ച്ചൂരിലും ചിത്രദുർഗയിലുമടക്കം പത്തിലേറെ സീറ്റുകളിൽ ബി.ജെ.പി തോൽവി നേരിടേണ്ടിവരുമെന്നാണ് വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.