മംഗളൂരു: ഉത്തര കന്നട ജില്ലയിലെ ഹാലിയ താലൂക്കിൽ മുണ്ടവാഡ ഗ്രാമത്തിലെ സർക്കാർ പ്രൈമറി സ്കൂൾ വിദ്യാർഥിനി, അശ്രദ്ധമായി നിലത്തിട്ട വൈദ്യുതിക്കമ്പിയിൽ നിന്ന് ഷോക്കേറ്റ് മരിച്ചു. രണ്ടാം ക്ലാസ് വിദ്യാർഥിനി സാൻവി ബസവരാജ ഗൗളിയാണ് (എട്ട്) മരിച്ചത്. സ്കൂളിലെ ശുചിമുറിയിലേക്ക് പോവുകയായിരുന്നു കുട്ടി. സമീപം വൈദ്യുതിക്കമ്പി വീണുകിടന്നിരുന്നു. പുതുതായി നിർമിച്ച കുഴല്‍ക്കിണറിലൂടെ വെള്ളം പമ്പ് ചെയ്യുന്നതിനായി ഘടിപ്പിച്ച വൈദ്യുതിക്കമ്പി പമ്പിങ് കഴിഞ്ഞതോടെഅശ്രദ്ധമായി നിലത്തിടുകയായിരുന്നു.
അനധികൃത കണക്ഷൻ: അടിമുടി അശ്രദ്ധ; എം.എൽ.എക്കുമുന്നിൽ പരാതിയുമായി ഗ്രാമവാസികൾ
മംഗളൂരു: വൈദ്യുതി വിതരണ കമ്പനി ‘ഹെസ്കോമി’ന്റെയും സ്കൂൾ അധികൃതരുടെയും അനാസ്ഥയും അശ്രദ്ധയുമാണ് വിദ്യാർഥിനിയുടെ ജീവനെടുത്തതെന്ന് ഗ്രാമവാസികൾ ആരോപിച്ചു. ദുരന്തം അറിഞ്ഞെത്തിയ മുതിർന്ന കോൺഗ്രസ് നേതാവും ഹാലിയ എം.എൽ.എയുമായ ആർ.വി.ദേശ് പാണ്ഡെ മുമ്പാകെ അമ്പതോളം കുടുംബങ്ങളിൽ നിന്നുള്ളവർ പരാതി നൽകി. വൈദ്യുതി വിതരണ സർവിസ് ലൈനുമായി ബന്ധിപ്പിച്ച് അനധികൃതമായി നൽകിയ വൈദ്യുതി കണക്ഷനാണിതെന്ന് അവർ എം.എൽ.എയോട് പറഞ്ഞു.
ഇതാണ് ദുരന്തത്തിന് ഇടയാക്കിയത്.ശുചിമുറിയിലെത്തിയ സാൻവി വൈദ്യുതിക്കമ്പിയില്‍ ചവിട്ടിയ ഉടൻ പിടഞ്ഞുമരിക്കുകയായിരുന്നെന്ന് ദൃക്സാക്ഷി പരിസര വാസി ജഗദമ്മപറഞ്ഞു. കുഴൽക്കിണറിൽനിന്ന് വെള്ളം പമ്പ് ചെയ്ത ശേഷം കമ്പി അശ്രദ്ധമായി കൈകാര്യം ചെയ്യുകയായിരുന്നു. അനധികൃത കണക്ഷനായതിനാൽ വൈദ്യുതി പ്രവാഹം ഓഫാക്കാനാവില്ല.ആവശ്യമുള്ളപ്പോൾ കുഴൽക്കിണർ മോട്ടോറിലേക്ക് ബന്ധിപ്പിക്കുകയും ശേഷം അഴിച്ചുവെക്കുകയുമാണ് ചെയ്യുന്നത്.
ഇത് നിലത്തുവീണാണ്കുട്ടിക്ക് വൈദ്യുതാഘാതമേറ്റത്. സംഭവത്തിന് ഉത്തരവാദികളായവരെ നിയമത്തിനുമുന്നിൽ കൊണ്ടുവരുമെന്ന് എം.എൽ.എ നാട്ടുകാർക്ക് ഉറപ്പുനൽകി. കുട്ടിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി പ്രവേശിപ്പിച്ചഹാലിയ ആശുപത്രിയിലെത്തി ബന്ധുക്കളെ അദ്ദേഹം സാന്ത്വനിപ്പിച്ചു. പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.