ബംഗളൂരു: ചാമുണ്ഡി ഹിൽസ് റോപ് വേ പദ്ധതി നടപ്പാക്കരുതെന്നാവശ്യപ്പെട്ട് ചാമുണ്ഡി ബെട്ട ഉളിസി സമിതി രംഗത്ത്. ചരിത്ര പ്രാധാന്യമുള്ള ചാമുണ്ഡി മലയെയും പാരമ്പര്യത്തെയും വിനോദസഞ്ചാര വികസനത്തിന്റെ പേരിൽ നശിപ്പിക്കരുതെന്നാണ് സമിതിയുടെ ആവശ്യം.
പരിസ്ഥിതി സ്നേഹികളും സാംസ്കാരിക പ്രവർത്തകരും എഴുത്തുകാരുമെല്ലാം നേതൃത്വം നൽകുന്നതാണ് ചാമുണ്ഡി ബെട്ട ഉളിസി സമിതി. പദ്ധതിക്കെതിരെ മൈസൂരു-കുടക് എം.പി പ്രതാപ് സിംഹയും രംഗത്തുവന്നിരുന്നു. പദ്ധതി നടപ്പാക്കരുതെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യയോട് സമിതി ആവശ്യപ്പെട്ടിട്ടുണ്ട്. പരിസ്ഥിതി പ്രവർത്തകരുടെ എതിർപ്പല്ലാതെ പദ്ധതിക്ക് മറ്റു തടസ്സങ്ങളില്ലെന്ന് മുമ്പ് മുഖ്യമന്ത്രി പ്രസ്താവന നടത്തിയത് വിവാദമായിരുന്നു.
ചാമുണ്ഡി മലവാരത്തിന്റെ പാരിസ്ഥിതിക പ്രാധാന്യം സംബന്ധിച്ച് മൈസൂരുവിലെ ഹോട്ടൽ ഉടമകൾക്കിടയിൽ ബോധവത്കരണം നടത്തുമെന്ന് പരിസര ബളഗ അംഗം പരശുരാമ ഗൗഡ പറഞ്ഞു. രാമകൃഷണ ഹെഗ്ഡെ മുഖ്യമന്ത്രിയായിരുന്ന കാലത്ത് 1980കളിലാണ് ആദ്യം ഈ പദ്ധതി അവതരിപ്പിക്കപ്പെടുന്നതെന്നും പിന്നീട് 2012ൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (പി.സി.സി.എഫ്) ഈ പദ്ധതിക്കെതിരായി റിപ്പോർട്ട് സമർപ്പിച്ചിരുന്നതായും ചാമുണ്ഡി ബെട്ട ഉളിസി സമിതി ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ഒരു വർഷത്തിലേറെയായി പദ്ധതിക്കെതിരായ കാമ്പയിൻ നയിച്ചുവരുകയാണ് സമിതി. ഫെബ്രുവരി മുതൽ വിവിധ ബോധവത്കരണ പ്രചാരണ പരിപാടികളും നടത്തുന്നുണ്ട്. കാമ്പയിനിന്റെ ഭാഗമായി ഓൺലൈനായി 70,000 പേരുടെ ഒപ്പ് ശേഖരിച്ചുകഴിഞ്ഞു. മൈസൂരു രാജകുടുംബാംഗം പ്രമോദ ദേവിയടക്കമുള്ളവർ സമിതിക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.
ഡൽഹിയും ആഗ്രയും കഴിഞ്ഞാൽ കൂടുതൽ ടൂറിസ്റ്റുകൾ എത്തുന്ന ഇടമാണ് മൈസൂരു എന്നും ചാമുണ്ഡി ഹിൽസിന്റെ പ്രകൃതിസൗന്ദര്യം നിലനിർത്തേണ്ടതുണ്ടെന്നും എഴുത്തുകാരനായ പ്രഫ. കാലെഗൗഡ നാഗ്വാര പറഞ്ഞു. തങ്ങൾ ടൂറിസം വികസനത്തെ എതിർക്കുന്നില്ലെന്നും എന്നാൽ, ടൂറിസം വികസനത്തിന്റെ പേരിൽ നശീകരണ നിർമാണ പ്രവർത്തനങ്ങൾ അംഗീകരിക്കാനാവില്ലെന്നും പ്രഫ. എൻ.എസ്. രംഗരാജു വ്യക്തമാക്കി.
ചാമുണ്ഡി ഹിൽസിൽ റോപ് വേ പദ്ധതി ആവശ്യമില്ലെന്നും എന്നാൽ, ഇത്തരത്തിൽ ചരിത്ര- പാരമ്പര്യ പ്രാധാന്യമില്ലാത്ത ടൂറിസ്റ്റുകൾക്കായി തുമകുരുവിലെ മധുഗിരി ഹിൽസിൽ റോപ് വേ പദ്ധതി സർക്കാറിന് നടപ്പാക്കാമെന്നും അദ്ദേഹം നിർദേശിച്ചു.
കർണാടക സർക്കാർ 2022-23 ബജറ്റിൽ പ്രഖ്യാപിച്ച 15 റോപ് വേകളിൽ പ്രധാനപ്പെട്ടതാണ് ചാമുണ്ഡി ഹിൽസിലേത്. ചാമുണ്ഡി മലയുടെ മുകളിൽ സ്ഥിതി ചെയ്യുന്ന ചാമുണ്ഡേശ്വരി ക്ഷേത്രത്തിൽ എത്തുന്ന ഭക്തജനങ്ങളേയും വിനോദസഞ്ചാരികളേയും ഉന്നമിട്ടാണ് റോപ് വേ പദ്ധതി വിഭാവനം ചെയ്തത്.
ചിക്കമംഗളൂരു ജില്ലയിലെ മുല്ലയാനഗിരി, കെമ്മനഗുഡി, ശിവമൊഗ്ഗ ജില്ലയിൽ സാഗറിലെ ജോഗ് വെള്ളച്ചാട്ടം, ചിക്കബല്ലാപൂർ ജില്ലയിലെ നന്ദി ഹിൽസ്, ഉഡുപ്പി ജില്ലയിലെ കുടജാദ്രി ഹിൽസ്, തുമകൂരു ജില്ലയിലെ ദേവരായന ദുർഗ, മധുഗിരി കോട്ട, കൊപ്പൽ ജില്ലയിലെ അഞ്ജനാദ്രി ഹിൽസ്, ഉത്തര കന്നട ജില്ലയിലെ ചപേലി, ജോയ്ഡ, യാന, കുടക് ജില്ലയിലെ കുമാര പർവതം എന്നിവ റോപ് വേകൾ ആസൂത്രണം ചെയ്ത മറ്റു പ്രദേശങ്ങളിൽപെടും.
റോപ് വേ പദ്ധതിക്ക് മൈസൂരുവിലെ ഹോട്ടൽ ഉടമകൾ അനുകൂലമാണെന്ന് സംഘടന പ്രസിഡന്റ് സി. നാരായണ ഗൗഡ പറഞ്ഞു. പരിസ്ഥിതിക്ക് കോട്ടം തട്ടാതെ രാജ്യത്തിന്റെ പലഭാഗത്തും പണിത റോപ് വേകൾ മാതൃകയാക്കുകയാണ് വേണ്ടത്.
സർക്കാർ പരിസ്ഥിതി വാദികളെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ സന്നദ്ധമാവണമെന്നാണ് അവരുടെ ആവശ്യം. കഴിഞ്ഞ ബി.ജെ.പി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും പദ്ധതി നടപ്പാക്കാൻ ആലോചിച്ചിരുന്നെങ്കിലും കുടക്-മൈസൂരു എം.പിയും ബി.ജെ.പി നേതാവുമായ പ്രതാപ് സിംഹ എതിർപ്പുമായി രംഗത്ത് വന്നതോടെ പിന്മാറി.
മുഖ്യമന്ത്രി സിദ്ധരാമയ്യ ബജറ്റിൽ ചാമുണ്ഡി ഹിൽസ് വികസന അതോറിറ്റി പ്രഖ്യാപിച്ചിട്ടുണ്ട്. അതിന്റെ ഘടനയും പദ്ധതി വിശദാംശങ്ങളും വെളിപ്പെടുത്തിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.