ബംഗളൂരു: ബംഗളൂരു നഗരത്തിൽ ആദ്യമായി സംഘടിപ്പിക്കുന്ന കമ്പള മത്സരത്തിന് ശനിയാഴ്ച പാലസ് മൈതാനത്ത് ‘പുനീത് രാജ്കുമാർ പവലിയനിൽ’ തുടക്കമാകും. തീരമേഖലയിലെ കായിക വിനോദമായ കമ്പള നഗരത്തിലും പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് തുളു ഒക്കൂട്ടയുടെ ആഭിമുഖ്യത്തിൽ ‘ബംഗളൂരു കമ്പള, നമ്മ കമ്പള’ എന്ന പേരിൽ എട്ടു കോടി രൂപ ചെലവിലാണ് മത്സരം സംഘടിപ്പിക്കുന്നത്. ശനിയാഴ്ച രാവിലെ 10 മുതൽ ഞായറാഴ്ച വൈകീട്ട് നാലുവരെയാണ് മത്സരം.
ആവേശം അലയാകുന്ന കമ്പളവേദിയിൽ പോത്തുകളുടെ മത്സരപ്പാച്ചിൽ വീക്ഷിക്കാൻ രണ്ടു ലക്ഷത്തിലേറെ പേർ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ദിവസങ്ങളുടെ ശ്രമഫലമായി ഒരുക്കിയ പ്രത്യേക ട്രാക്കിൽ കമ്പള സംഘങ്ങൾ കഴിഞ്ഞ ദിവസം പരിശീലനം നടത്തി. ദക്ഷിണ കന്നഡ, ഉഡുപ്പി മേഖലയിൽനിന്നായി നൂറുകണക്കിന് വാഹനങ്ങളിലായി മത്സരത്തിൽ പങ്കെടുക്കാനുള്ള 175 ജോടി പോത്തുകളെ എത്തിച്ചുകഴിഞ്ഞു.
വൻ സമ്മാനത്തുകയാണ് ജേതാക്കൾക്കായി കാത്തിരിക്കുന്നത്. ഒന്നാമതെത്തുന്നയാൾക്ക് ഒരു ലക്ഷം രൂപയും 16 ഗ്രാം സ്വർണവുമാണ് സമ്മാനം. രണ്ടാം സ്ഥാനക്കാർക്ക് അര ലക്ഷം രൂപയും എട്ടു ഗ്രാം സ്വർണവും ലഭിക്കും. മൂന്നാം സമ്മാനമായി കാൽ ലക്ഷം രൂപയും നാല് ഗ്രാം സ്വർണവും നൽകും. കമ്പള മത്സരത്തോടനുബന്ധിച്ച് തനത് ഭക്ഷണവിഭവങ്ങളും നാടൻ ഉൽപന്നങ്ങളുമായി 150 ഓളം സ്റ്റാളുകളും പ്രവർത്തിക്കും.
ലക്ഷക്കണക്കിന് പേർ എത്തുന്നതിനാൽ ശനി, ഞായർ ദിവസങ്ങളിൽ പാലസ് മൈതാനത്തിന് അനുബന്ധ റോഡുകളിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടേക്കും. ജയമഹൽ റോഡ്, പാലസ് റോഡ്, ബെള്ളാരി റോഡ്, മേക്രി സർക്കിൾ തുടങ്ങിയവ വഴിയുള്ള യാത്രക്കാർ മുൻകരുതൽ സ്വീകരിക്കുന്നത് നല്ലതാണ്. വിമാനത്താവളത്തിലേക്കുള്ള യാത്രക്കാരെയും ഗതാഗതക്കുരുക്ക് ബാധിച്ചേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.