ബംഗളൂരു: പ്രമാദമായ മാണ്ഡ്യ ഭ്രൂണഹത്യ റാക്കറ്റുമായി ബന്ധപ്പെട്ട കേസിൽ 12 പേർ കൂടി അറസ്റ്റിലായതായി മാണ്ഡ്യ എസ്.പി മല്ലികാർജുൻ ബളദണ്ഡി അറിയിച്ചു. മുഖ്യപ്രതി അഭിഷേക്, മറ്റു പ്രതികളായ വീരേഷ്, പുട്ടരാജു, കുമാർ, ശാരദാമ്മ, ദാസഗൗഡ, ലാബ് സത്യ, മീന, മല്ലികാർജുൻ, സോമശേഖർ, രത്നമ്മ, പ്രേമ എന്നിവരാണ് അറസ്റ്റിലായത്. പ്രതികളിൽ നിന്ന് രണ്ട് സ്കാനിങ് മെഷീനുകൾ, മൂന്ന് കാറുകൾ, മൂന്ന് മൊബൈൽ ഫോണുകൾ എന്നിവ പിടിച്ചെടുത്തു. ഇതോടെ ഭ്രൂണഹത്യ റാക്കറ്റുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം 30 ആയി.
പാണ്ഡവപുര സർക്കാർ ആശുപത്രിയിലെ ഡി ഗ്രൂപ് ജീവനക്കാരിയായ അശ്വിനിയുടെ ക്വാർട്ടേഴ്സിൽ അനധികൃത ഗർഭഛിദ്രം നടത്തുന്നതായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥൻ ഡോ. ബേട്ടസ്വാമി മേയ് ആറിന് പാണ്ഡവപുര പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയെ തുടർന്ന് രജിസ്റ്റർ ചെയ്ത കേസിലെ 19 പ്രതികളിൽ 12 പേരെയും അറസ്റ്റ് ചെയ്തതായി എസ്.പി പറഞ്ഞു. ബാക്കിയുള്ള ഏഴുപേർ ഒളിവിലാണ്. മേലുകോട് പൊലീസ് പരിധിയിൽ പെൺഭ്രൂണഹത്യയും ലിംഗനിർണയവുമായി ബന്ധപ്പെട്ട മറ്റൊരു കേസിൽ ഏഴ് പ്രതികളിൽ മൂന്നുപേരെ അറസ്റ്റ് ചെയ്തു. നാല് പേർ ഒളിവിലാണെന്നും എസ്.പി പറഞ്ഞു. പ്രതികൾ പിടിയിലാകാതിരിക്കാൻ പതിവ് കാളുകൾക്കുപകരം ഇന്റർനെറ്റ് കാളുകളാണ് ഉപയോഗിക്കുന്നത്. പെൺഭ്രൂണഹത്യയുമായി ബന്ധപ്പെട്ട് മൈസൂരു നഗരത്തിലെ ഉദയഗിരി പൊലീസ് സ്റ്റേഷനിലും ബംഗളൂരുവിലെ ബൈയപ്പനഹള്ളി പൊലീസ് സ്റ്റേഷനിലും കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും എസ്.പി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.