ബംഗളൂരു: മുസ്ലിംകൾക്കെതിരെ വിദ്വേഷ പ്രസ്താവന നടത്തിയ ശ്രീരാമസേന സ്ഥാപകൻ പ്രമോദ് മുത്തലിക്കിനെതിരെ കർണാടക പൊലീസ് കേസെടുത്തു.
ഹുബ്ബള്ളി ഉപനഗര പൊലീസാണ് ഹുബ്ബള്ളി സിറ്റി കോർപറേഷൻ അസി. കമീഷണർ ചന്ദ്രശേഖര ഗൗഡയുടെ പരാതിയിൽ മതവിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തൽ, മതവികാരങ്ങൾ വ്രണപ്പെടുത്താൻ ശ്രമിക്കൽ തുടങ്ങിയ വകുപ്പുകൾ ചേർത്ത് കേസെടുത്തത്. ഹുബ്ബള്ളി ഈദ്ഗാഫ് മൈതാനത്ത് ഗണേശവിഗ്രഹം നിമജ്ജനത്തോടനുബന്ധിച്ചാണ് മുത്തലിക്ക് വിദ്വേഷപ്രസംഗം നടത്തിയത്.
നേരത്തേ ഈദ്ഗാഹ് മൈതാനത്ത് ഗണേശോത്സവം നടത്താൻ അനുമതി നൽകിയതിനെതിരെ മുസ്ലിം സംഘടനയായ അൻജുമാൻ ഇ ഇസ്ലാം കോടതിയെ സമീപിച്ചിരുന്നു.
എന്നാൽ കോടതി ഹരജി തള്ളുകയും അനുമതി നിലനിർത്തുകയുമായിരുന്നു. മൂന്നുദിവസത്തെ ആഘോഷങ്ങൾക്കായി കോർപറേഷനാണ് മൈതാനം വിട്ടുനൽകിയത്. ഗണേശോത്സവത്തെ എതിർക്കുന്നവർ ദേശദ്രോഹികളാണെന്നും അവർ രാജ്യത്തെ വിഭജിക്കാൻ ഗൂഢാലോചന നടത്തിയവരാണെന്നുമായിരുന്നു മുത്തലിക് പ്രസംഗിച്ചത്. മുസ്ലിം പള്ളികളിൽ ഗണേശവിഗ്രഹങ്ങൾ സ്ഥാപിക്കാൻ സാധിക്കും.
പള്ളികളിലെ പ്രാർഥനയും തടയുമെന്നും പ്രമോദ് മുത്തലിക് പറഞ്ഞു. 19നാണ് ഗണേശ വിഗ്രഹം മൈതാനത്ത് സ്ഥാപിച്ചത്. 21ന് നിമജ്ജനം ചെയ്യുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.