മംഗളൂരു: വാഹന ഗതാഗതം സുഗമമാക്കുന്നതിന് ഇന്ദ്രാണി റെയിൽവേ മേൽപാലത്തിന്റെ നിർമാണം ജനുവരി 10നകം പൂർത്തിയാക്കണമെന്ന് ഡെപ്യൂട്ടി കമീഷണർ (ഡി.സി) ഡോ.കെ.വിദ്യാകുമാരി എൻജിനീയർക്കും കരാറുകാരനും നിർദേശം നൽകി. ഡി.സി ഓഫിസ് ഓഡിറ്റോറിയത്തിൽ നടന്ന മേൽപാലം നിർമാണ പുരോഗതി യോഗത്തിൽ സംസാരിക്കുകയായിരുന്നു ഡി.സി.
2018ലാണ് മേൽപാലം പണിയുന്നതിനുള്ള നടപടികൾ ആരംഭിച്ചത്. പദ്ധതി പൂർത്തീകരിക്കുന്നതിലെ കാലതാമസം സംബന്ധിച്ച് പൊതുജനങ്ങളിൽനിന്ന് ജില്ല ഭരണകൂടത്തിന് ദിവസേന പരാതികൾ ലഭിക്കുന്നു. പ്രതിവാര പുരോഗതി റിപ്പോർട്ട് മുടങ്ങാതെ സമർപ്പിക്കണം.റെയിൽവേ പദ്ധതിക്ക് ഇതിനകം അംഗീകാരം നൽകിയിട്ടുണ്ട്. സിവിൽ വർക്കുകളും ഇരുമ്പ് പാലം സ്ഥാപിക്കലും രണ്ട് ഷിഫ്റ്റുകളിലായി രാപ്പകലില്ലാതെ തുടരണമെന്ന് ഡി.സി പറഞ്ഞു.
യോഗത്തിൽ ജില്ല പൊലീസ് സൂപ്രണ്ട് ഡോ.കെ.അരുൺ, കൊങ്കൺ റെയിൽവേ സീനിയർ എൻജിനീയർ ഗോപാൽകൃഷ്ണ, ശൃംഗേരി-ചിക്കമഗളൂരു എൻ.എച്ച് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനീയർ മഞ്ജുനാഥ്, ജില്ല ഇൻഫർമേഷൻ ഓഫിസർ ബി.മഞ്ജുനാഥ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.