ബംഗളൂരു: ബെള്ളാരി മെഡിക്കൽ കോളജ് ആശുപത്രിയിൽ അടുത്തിടെ നടന്ന മാതൃമരണങ്ങളിൽ ഉന്നതതല അന്വേഷണത്തിന് താൻ അനുകൂലമാണെന്ന് കർണാടക ആരോഗ്യമന്ത്രി ദിനേഷ് ഗുണ്ടുറാവു നിയമസഭ കൗൺസിലിൽ അറിയിച്ചു. വിഷയം മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി ചർച്ച ചെയ്യും. നിലവിൽ വിഷയം അന്വേഷിക്കുന്ന വിദഗ്ധ സമിതിയുടെ റിപ്പോർട്ട് പരിശോധിച്ച ശേഷം സർക്കാർ ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
‘മാതൃമരണ ഓഡിറ്റി’ന് ഉത്തരവിട്ടിട്ടുണ്ട്. മരണത്തിന് കാരണമായെന്ന് സംശയിക്കുന്ന നിലവാരമില്ലാത്ത റിംഗർ ലാക്റ്റേറ്റ് ലായനി വിതരണം ചെയ്ത കമ്പനിക്കെതിരെയുള്ള നടപടിക്ക് ഇത് സഹായകമാവും. മാതൃമരണങ്ങളുടെ കാരണം കണ്ടെത്താനും ഉത്തരവാദികളെ കണ്ടെത്താനുമുള്ള അന്വേഷണങ്ങൾ നടക്കുന്നുണ്ട്. എന്നാലും, പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി), ജുഡീഷ്യൽ അന്വേഷണം എന്നിവ മുഖേന ഉന്നതതല അന്വേഷണം വേണം. തുടർനടപടികൾ തീരുമാനിക്കുന്നതിന് മുമ്പ് ഞാൻ ഇത് മുഖ്യമന്ത്രിയുമായി ചർച്ച ചെയ്യും -മന്ത്രി പറഞ്ഞു.
ഈ വർഷം സംസ്ഥാനത്ത് സംഭവിച്ച എല്ലാ മാതൃമരണങ്ങളെക്കുറിച്ചും, പ്രത്യേകിച്ച് ആഗസ്റ്റ് മുതൽ റിംഗർ ലാക്റ്റേറ്റ് ലായനി ഉപയോഗിച്ചതിനെത്തുടർന്ന് ആശുപത്രികളിൽ നടന്ന എല്ലാ മാതൃമരണങ്ങളെക്കുറിച്ചും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. സത്യം പുറത്തുവരണമെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. ഒന്നും മറച്ചുവെക്കാനില്ല.
അത്തരം സംഭവങ്ങളോട് ഒരു സഹിഷ്ണുതയും ഉണ്ടാകരുത്. ഇത് നമ്മുടെ സംവിധാനത്തിലെ പരാജയമാണ്’ -അദ്ദേഹം പറഞ്ഞു. രാജ്യത്തെ ഫാർമ ലോബിയെ ചെറുക്കുന്നതിനുള്ള നിയമങ്ങളും മരുന്നുകളുടെ ഗുണനിലവാരത്തിൽ വിട്ടുവീഴ്ചയില്ലെന്ന് ഉറപ്പാക്കുന്നതിനുള്ള ശക്തമായ സംവിധാനവും ശക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നവംബർ ഒമ്പതിനും 11നും ഇടയിൽ ബെള്ളാരി ജില്ല ആശുപത്രിയിൽ മാതൃമരണങ്ങളിൽ പൊടുന്നനെ വർധനയുണ്ടായതായി മന്ത്രി പറഞ്ഞു.
ആശുപത്രിയിൽ നടന്ന സിസേറിയൻ ശസ്ത്രക്രിയയെ തുടർന്നാണ് മരണം സംഭവിച്ചത്. ആ മൂന്ന് ദിവസങ്ങളിൽ നടത്തിയ 34 സിസേറിയൻ ഓപറേഷനുകളിൽ ഏഴ് കേസുകളിൽ സങ്കീർണതകൾ ഉണ്ടായി. ഏഴ് രോഗികളിൽ അഞ്ചുപേർ മരിച്ചു, രണ്ടുപേർ ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്യപ്പെട്ടു. മരിച്ചവരുടെ ബന്ധുക്കൾക്ക് അഞ്ചു ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടതായും റാവു കൂട്ടിച്ചേർത്തു.
ഡ്രഗ്സ് കൺട്രോളറെ സസ്പെൻഡ് ചെയ്യാനും കർണാടക സ്റ്റേറ്റ് മെഡിക്കൽ സപ്ലൈസ് കോർപറേഷൻ ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകാനും നിർദേശിച്ചു. ലായനി വിതരണം ചെയ്ത ‘പശ്ചിം ബംഗ ഫാർമസ്യൂട്ടിക്കൽ’ എന്ന കമ്പനിയെ കരിമ്പട്ടികയിൽ പെടുത്താനും അവരെ വിചാരണ ചെയ്യാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. കൂടാതെ, ഇരകളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ കമ്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു. കമ്പനിയുടെ പ്രവർത്തനം ശരിയായ രീതിയിലല്ലെന്ന് ബോധ്യപ്പെട്ടതിനാൽ കമ്പനിക്ക് സ്റ്റോപ് മെമോ നൽകിയിട്ടുണ്ട്.
പശ്ചിമ ബംഗ ഫാർമസ്യൂട്ടിക്കലിനെക്കുറിച്ച് അന്വേഷിച്ച് ഉചിതമായ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ ഡ്രഗ്സ് കൺട്രോളർ ഓഫ് ഇന്ത്യക്കും കത്തെഴുതിയിട്ടുണ്ട്. രാജ്യത്ത് മരുന്നുകളുടെ ഗുണനിലവാരം സംബന്ധിച്ച് നിലവിലുള്ള നിയമങ്ങൾ ദുർബലമാണ്.
ചില കമ്പനികൾ കയറ്റുമതിക്കായി ഒരു ഗുണനിലവാരമുള്ള മരുന്നുകളും ആഭ്യന്തര വിതരണത്തിനായി വ്യത്യസ്തമായ ഗുണനിലവാരവും നിർമിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ബെള്ളാരിയിലേക്ക് അയച്ച റിംഗർ ലാക്റ്റേറ്റ് ലായനിയുടെ ബാച്ചുകൾ നാഷനൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ടെസ്റ്റിങ് ആൻഡ് കാലിബ്രേഷൻ ലബോറട്ടറീസ് (എൻ.എ.ബി.എൽ) അംഗീകൃത ലാബുകൾ പരിശോധിച്ചുവെന്ന് എടുത്തുകാണിച്ച മന്ത്രി, ആ ലാബുകളിൽ നടത്തിയ പരിശോധനകളുടെ ഗുണനിലവാരത്തെ ചോദ്യം ചെയ്തു.
മരുന്നു വിതരണം ചെയ്യുന്ന കമ്പനികളുടെ ഭാഗത്തുനിന്നുള്ള ഗുരുതര വീഴ്ചയാണ് അഞ്ചുപേരുടെ മരണത്തിലേക്ക് നയിച്ചതെന്നാണ് ആരോപണം. ഇവർക്ക് ഡ്രിപ് നൽകാൻ ഉപയോഗിച്ച സോഡിയം ലാക്ടേറ്റ് ലായനി ഗുണനിലവാരമില്ലാത്തതായിരുന്നെന്നും ഇതാണ് വൃക്ക തകരാറിന് ഇടയാക്കിയതെന്നുമാണ് ആരോഗ്യവകുപ്പിന്റെ കണ്ടെത്തൽ. പശ്ചിമ ബംഗാളിൽനിന്നുള്ള പശ്ചിം ബംഗ എന്ന മരുന്ന് കമ്പനിയാണ് ബെള്ളാരി മെഡിക്കൽ കോളജിൽ മരുന്ന് വിതരണം ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.