ബംഗളൂരു: നഗരത്തിൽ സെൻട്രൽ ക്രൈംബ്രാഞ്ച് പൊലീസ് (സി.സി.ബി) നടത്തിയ പരിശോധനയിൽ 24 കോടി രൂപ വിലമതിക്കുന്ന 12 കിലോഗ്രാം എം.ഡി.എം.എ ക്രിസ്റ്റലുകൾ പിടിച്ചെടുത്തു. ഇതുമായി ബന്ധപ്പെട്ട് ടി.സി പാളയയിൽ താമസിക്കുന്ന നൈജീരിയൻ വനിത റോസ്ലിനെ (40) അറസ്റ്റ് ചെയ്തു. കർണാടകയിൽ അടുത്ത കാലത്തായി നടന്ന ഏറ്റവുംവലിയ ലഹരിവേട്ടകളിലൊന്നാണിതെന്ന് ബംഗളൂരു സിറ്റി പൊലീസ് കമീഷണർ ബി. ദയാനന്ദ പറഞ്ഞു. ടി.സി പാളയയിൽ പലചരക്ക് കട നടത്തുകയായിരുന്നു യുവതിയെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
വിദേശ യുവതി ലഹരി ഇടപാടുകൾ നടത്തുന്നുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന് സി.സി.ബി നടത്തിയ പരിശോധനയിലാണ് കച്ചവടസ്ഥലത്തുനിന്ന് എം.ഡി.എം.എ പിടിച്ചെടുത്തത്. 70 സിം കാർഡുകളും പൊലീസ് പിടിച്ചെടുത്തു. ബംഗളൂരുവിലുള്ള വിദേശ പൗരന്മാർക്കും കോളജ് വിദ്യാർഥികൾക്കും ഐ.ടി ജീവനക്കാർക്കുമാണ് ലഹരിമരുന്ന് വിതരണം ചെയ്തിരുന്നതെന്ന് യുവതി പൊലീസിന് മൊഴി നൽകി.
മറ്റൊരു വിദേശ വനിത വഴി മുംബൈയിൽനിന്നാണ് ലഹരിമരുന്ന് ബംഗളൂരുവിലെത്തിച്ചതെന്നാണ് വിവരം. ഇവരെ പിടികൂടാനുള്ള ശ്രമം നടത്തുകയാണെന്നും കമീഷണർ അറിയിച്ചു. മുംബൈയിൽനിന്ന് സോപ്പ് പാക്കറ്റുകളിലും ഉണക്കമീൻ പെട്ടികളിലുമാണ് ലഹരിമരുന്ന് കൊണ്ടുവന്നിരുന്നത്. പലചരക്ക് കടയുടെ മറവിലാണ് ലഹരിമരുന്ന് കച്ചവടം നടത്തിയിരുന്നത്. അഞ്ചുവർഷം മുമ്പ് ബിസിനസ് വിസയിലാണ് യുവതി ബംഗളൂരുവിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.