മംഗളൂരു: കൊലപാതകം ഉൾപ്പെടെ അനേകം കേസുകളില്‍ പ്രതിയായിരുന്ന കാസർകോട് ഉപ്പള മണിമുണ്ട സ്വദേശി കാലിയ റഫീഖിനെ (38) മംഗളൂരുവില്‍ കൊലപ്പെടുത്തിയ കേസിൽ നാലു പ്രതികളെ കോടതി വെറുതെവിട്ടു. കുറ്റം തെളിയിക്കാനായില്ലെന്ന് കണ്ടെത്തിയാണ് ദക്ഷിണ കന്നട അഡി. ജില്ല സെഷൻസ് കോടതി (ഒന്ന്) ജഡ്ജ് മല്ലികാർജുന സ്വാമിയുടെ വിധി.
ഒന്നാം പ്രതി നൂറലി, രണ്ടാം പ്രതി യൂസഫ്, അഞ്ചാംപ്രതി റഷീദ്, ആറാംപ്രതി നജീബ് എന്നിവരെയാണ് വിട്ടത്. ഒമ്പത് പേരാണ് കേസിലെ പ്രതികൾ. ഇതിൽ ഡോൺ തസ്ലിം എന്ന സി.എം. മുഹ്തസിം പിന്നീട് കൊല്ലപ്പെട്ടിരുന്നു. ശേഷിക്കുന്നവർ ഇനി പിടിയിലാവാനുണ്ട്.
2017 ഫെബ്രുവരി 14ന് രാത്രിയാണ് ഉള്ളാൾ കോട്ടേക്കറിനടുത്ത് കാലിയ റഫീഖ് ക്രൂരമായി കൊല്ലപ്പെട്ടത്. ടിപ്പർ ലോറിയിൽ എത്തിയ സംഘം റഫീഖ് സഞ്ചരിച്ചിരുന്ന കാറിൽ ഇടിക്കുകയായിരുന്നു. ഓടി രക്ഷപ്പെടാൻ ശ്രമിച്ച റഫീഖിനെ ലോറിയിൽനിന്ന് ചാടിയിറങ്ങിയ അക്രമിസംഘം വെടിവെച്ചു വീഴ്ത്തി. തുടർന്ന് വടിവാളുപയോഗിച്ച് തുരുതുരാ വെട്ടിക്കൊല്ലുകയായിരുന്നുവെന്നാണ് കേസ്. റഫീഖിനൊപ്പം കാറിലുണ്ടായിരുന്നവർ അതിനകം ഓടി രക്ഷപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.