ബംഗളൂരു: ബംഗളൂരു ഈസ്റ്റ് കൾചറൽ അസോസിയേഷൻ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി അരങ്ങേറിയ കഥകളി രംഗകലയുടെ സൗന്ദര്യം വിതറി. ബംഗളൂരു ക്ലബ് ഫോർ കഥകളി ആൻഡ് ദ ആർട്സുമായി സഹകരിച്ചാണ് ഇ.സി.എ അരങ്ങൊരുക്കിയത്.
ഐ.എസ്.ആർ.ഒ മുൻ ചെയർമാൻ ഡോ.കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കച ദേവയാനി കഥകളി അവതരണ മികവിൽ ഹൃദ്യമായി. കേരളത്തിലെ കളിയരങ്ങുകളിൽ നിറസാന്നിധ്യമായ കഥകളി ആശാൻ കലാമണ്ഡലം മയ്യനാട് രാജീവ് നമ്പൂതിരിയുടെ കചനും അസാധാരണ വേഷപ്പകർച്ചയോടെ കലാമണ്ഡലം അനിൽ കുമാറിന്റെ ദേവയാനിയും ചേർന്ന് അരങ്ങത്ത് ആടിയപ്പോൾ ഉരുത്തിരിഞ്ഞ രസതന്ത്രവും മനോധർമം കലർന്ന തന്മയത്വപൂർണമായ ആട്ടവും അഭിനയവും കാണികളുടെ പ്രശംസ പിടിച്ചുപറ്റി. കലാമണ്ഡലം സിബി ചക്രവർത്തിയുടെ സമർഥമായ കൈകളിൽ ശുക്രാചാര്യർ ഭദ്രമായിരുന്നു.
തിരനോട്ടം മുതൽ അരങ്ങുനിറഞ്ഞാടിയ കലാക്ഷേത്ര പ്രിയ നമ്പൂതിരിയുടെ കരിവേഷം സുകേതു കാണികളുടെ കൈയടി നേടി. അസുരനായി അച്യുത് ഹരി വാര്യർ തന്റെ ഭാഗം ഭംഗിയായി അവതരിപ്പിച്ചു. ശ്രോതാക്കളുടെ കർണപുടങ്ങളിൽ ആമൃതധാര പകർന്ന കലാമണ്ഡലം സജീവന്റേയും അഭിജിത് വർമയുടേയും സംഗീതം, കലാമണ്ഡലം പാഞ്ഞാൾ ഉണ്ണിക്കൃഷ്ണന്റെ ഇടക്ക, കലാമണ്ഡലം സുധീഷിന്റെ ചെണ്ട, അച്യുത വാരിയരുടെ മദ്ദളം എന്നിവ മേളത്തോട് സമഞ്ജസമായി സമ്മേളിച്ചപ്പോൾ ആസ്വാദകർ അനുഭൂതിയുടെ ആകാശം തൊട്ടു. കലാമണ്ഡലം ഡാജിൻ ചെയ്ത ചുട്ടിയും ഷാജിയും സന്തോഷും ചേർന്ന് ഒരുക്കിയ വേഷങ്ങളും രംഗശ്രീയുടെ ആഹാര്യ ശോഭയാൽ അരങ്ങത്തെത്തിയപ്പോൾ ആസ്വാദകർക്ക് അവിസ്മരണീയ അനുഭവമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.