മംഗളൂരു: കഴിഞ്ഞ കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി സീറ്റ് വിതരണത്തിൽ 185 കോടിയുടെ ഇടപാടുകൾ നടന്നു എന്ന ആരോപണത്തിന്റെ വിശദാംശങ്ങൾ തേടി ക്രൈം ബ്രാഞ്ച് പൊലീസ് കെ.പി.സി.സി വക്താവ് എം. ലക്ഷ്മണിന് നോട്ടീസ് അയച്ചു.
ഉഡുപ്പി ജില്ലയിലെ ബൈന്തൂർ മണ്ഡലം സീറ്റ് വാഗ്ദാനം ചെയ്ത് സംഘ്പരിവാർ നേതാവ് ചൈത്ര കുന്താപുരയും കൂട്ടാളികളും വ്യവസായി ഗോവിന്ദ ബാബു പൂജാരിയിൽനിന്ന് കോടികൾ വാങ്ങി വഞ്ചിച്ചു എന്ന കേസിന്റെ അന്വേഷണത്തിന്റെ ഭാഗമാണിത്.ചൈത്ര കുന്താപുര നിയമസഭ സീറ്റ് മോഹികളായ 17 പേരെ പണം വാങ്ങി വഞ്ചിച്ചു എന്ന് മൈസൂരു സ്വദേശി ലക്ഷ്മൺ മാധ്യമങ്ങളോട് വെളിപ്പെടുത്തിയതായി കേസ് അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന ബംഗളൂരു പൊലീസ് കമീ ഷണർ ബി. ദയാനന്ദ പറഞ്ഞു.
ബി.ജെ.പിയുടെ ഉന്നത നേതാക്കളുമായി നേരിട്ടുള്ള ബന്ധത്തിലൂടെ 23 പേർക്ക് ചൈത്ര നിയമസഭ സീറ്റുകൾ തരപ്പെടുത്തി നൽകുകയും വൻ തുക കൈപ്പറ്റുകയും ചെയ്തു എന്ന് ലക്ഷ്മൺ പറയുന്നത് ബൈന്തൂർ തട്ടിപ്പു കേസ് അന്വേഷണവുമായി ബന്ധിപ്പിക്കാവുന്ന കാര്യമാണ്.
ബൈന്തൂർ വഞ്ചനക്കേസ് മുഖ്യപ്രതി ചൈത്രയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ ഇതിനകം പണവും ആഭരണങ്ങളുമായി 2.76 കോടി വിലയുള്ള വസ്തുവകകൾ പിടിച്ചെടുത്തതായി കമീഷണർ പറഞ്ഞു.
കേസിലെ മൂന്നാം പ്രതി അഭിനവ സ്വാമിയുമായി നടത്തിയ പരിശോധനയിൽ മഠത്തിൽനിന്നും 56 ലക്ഷം രൂപ പിടിച്ചെടുത്തു.
സ്വാമി ഭൂമി വാങ്ങുന്നതിനുള്ള മുൻകൂർ പണമായി നൽകിയ 20 ലക്ഷം രൂപ പ്രതിയുടെ അടുപ്പക്കാരനിൽനിന്ന് പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. കേസിലെ എട്ട് പ്രതികളുടെയും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.