ബംഗളൂരു: കർണാടകയിൽ 14 മണ്ഡലങ്ങളിൽ ബുധനാഴ്ച പരസ്യപ്രചാരണം സമാപിക്കാനിരിക്കെ, ബംഗളൂരുവിൽ പ്രചാരണച്ചൂടേറ്റി ബി.ജെ.പിയും കോൺഗ്രസും. ബംഗളൂരു സൗത്ത് മണ്ഡലത്തിൽ ചൊവ്വാഴ്ച വൈകീട്ട് കോൺഗ്രസ് സ്ഥാനാർഥി സൗമ്യ റെഡ്ഡിയുടെ പ്രചാരണത്തിനായി എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും തേജസ്വി സൂര്യയുടെ പ്രചാരണത്തിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായും എത്തി. രാത്രി ഏഴോടെ ബംഗളൂരു എച്ച്.എസ്.ആർ ലേഔട്ടിലെ അടൽ ബിഹാരി വാജ്പേയി മൈതാനത്തായിരുന്നു പ്രിയങ്കയുടെ റാലി. രാത്രി ഒമ്പതോടെ ബൊമ്മനഹള്ളിയിലായിരുന്നു അമിത്ഷായുടെ റാലി.
രാജ്യത്തിന്റെ നേതാവിന് ധാർമികത നഷ്ടപ്പെട്ടെന്നും അദ്ദേഹം നേരിന്റെ പാത വിട്ട് ജനങ്ങൾക്കു മുന്നിൽ നാടകം കളിക്കുകയാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വർഗീയ പ്രസ്താവന സംബന്ധിച്ചായിരുന്നു പ്രിയങ്കയുടെ പരാമർശം. ശബ്ദം അടിച്ചമർത്തിയും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചും രണ്ട് മുഖ്യമന്ത്രിമാരെ ജയിലിലടച്ചും പ്രതിപക്ഷത്തെ ദുർബലപ്പെടുത്താനാണ് ശ്രമം. ക്രമക്കേടുകളുടെ പേരിൽ റെയ്ഡ് ചെയ്യപ്പെട്ട കമ്പനികൾ ബി.ജെ.പിക്ക് ഇലക്ടറൽ ബോണ്ട് നൽകിയപ്പോൾ അവരുടെ കേസുകൾ അടഞ്ഞ അധ്യായമായി.
നോട്ടുനിരോധനത്തിലൂടെ കള്ളപ്പണം എങ്ങനെ വെളുപ്പിച്ചെന്നും അതു ബി.ജെ.പിയുടെ അക്കൗണ്ടിലെത്തിയതെന്നും ഇപ്പോൾ വ്യക്തമായതായും പ്രിയങ്ക പറഞ്ഞു. 100 കോടി പോലും സമ്പാദിക്കാൻ കഴിയാത്ത കമ്പനികൾ ഇലക്ടറൽ ബോണ്ടായി 1100 കോടി എങ്ങനെ ബി.ജെ.പിക്ക് നൽകി എന്നത്, തന്നെ അത്ഭുതപ്പെടുത്തുന്നു. അഴിമതിയുടെ പേരിൽ പ്രതിപക്ഷത്തിനുനേരെ ആരോപണമുയർത്തുന്ന ബി.ജെ.പി അഴിമതിയിൽ മുങ്ങിയിരിക്കുകയാണെന്നും 10 വർഷമായി രാജ്യത്തെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും പ്രിയങ്ക കുറ്റപ്പെടുത്തി.
ജനാധിപത്യത്തെ ദുർബലപ്പെടുത്താനുള്ള ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇന്നവർ ഭരണഘടന തിരുത്തിയെഴുതുന്നതിനെക്കുറിച്ചാണ് സംസാരിക്കുന്നത്. ഭരണഘടന തിരുത്തിയാൽ നമ്മുടെ അവകാശങ്ങൾ ഇല്ലാതാകും. ജനങ്ങൾ ദുർബലരാകും. രാജ്യത്തെ ഏതൊരു മനുഷ്യനും ജാതി, മത, ലിംഗഭേദമെന്യേ തുല്യത ഉറപ്പാക്കി നീതി ഉറപ്പുവരുത്തുന്നത് ഭരണഘടനയാണ്. ചരിത്രത്തിലാദ്യമായിട്ടാണ് തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് രണ്ട് മുഖ്യമന്ത്രിമാരെ രാഷ്ട്രീയ വൈരാഗ്യത്തോടെ അറസ്റ്റ് ചെയ്യുന്നത്. രാജ്യത്തെ ഏറ്റവും വലിയ പാർട്ടികളിലൊന്നിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചിരിക്കുകയാണെന്നും സർക്കാർ ജനങ്ങൾക്കുവേണ്ടി കഴിഞ്ഞ 10 വർഷം ഒന്നും ചെയ്തിട്ടില്ലെന്നതാണ് വസ്തുതയെന്നും പ്രിയങ്ക പറഞ്ഞു. ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് ചിത്രദുർഗയിലെ റാലി കഴിഞ്ഞാണ് പ്രിയങ്ക ബംഗളൂരുവിൽ എത്തിയത്.
ബുധനാഴ്ച ചിക്കമഗളൂരു, ഹുബ്ബള്ളി എന്നിവിടങ്ങളിലെ പൊതുസമ്മേളനങ്ങളിലും അമിത്ഷാ പങ്കെടുക്കും. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ബുധനാഴ്ച ആർ.ആർ നഗറിൽ റോഡ് ഷോയിലും മടിക്കേരി, മാൽപേ, ഉഡുപ്പി എന്നിവിടങ്ങളിലെ പൊതുസമ്മേളനങ്ങളിലും പങ്കെടുക്കും. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും ബുധനാഴ്ച സംസ്ഥാനത്തെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.